പിറവം സ്വദേശി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് ഇന്ന് അഞ്ചാണ്ട് തികയുന്നു. 2017 മാർച്ച് 5 ന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിലാണ് കണ്ടെത്തിയത്. കൊച്ചില്‍ സി.എ വിദ്യാര്‍ത്ഥിനിയായിരുന്നു മിഷേല്‍.
ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റെ മരണകാരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. എന്നാല്‍, ക്രൈംബ്രാഞ്ച് ഇതുവരെ അവരുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
2017 മാര്‍ച്ച് അഞ്ചിന് വൈകീട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെയ്ന്റ് തെരേസാസ് ഹോസ്റ്റലില്‍നിന്ന് കലൂര്‍ സെയ്ന്റ് ആന്റണീസ് ദേവാലയത്തിലേക്ക് പോയ മിഷേല്‍ 6.15-ന് പള്ളിയില്‍ നിന്നു തിരിച്ചിറങ്ങിയെന്നും രാത്രി 8-ന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടി ആത്മഹത്യ ചെയ്തെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
എന്നാല്‍ മിഷേലിന്റെ മൂക്കിനിരുവശത്തും കണ്ട പാടുകളും കൈത്തണ്ടയില്‍ കണ്ട കരിനീലിച്ച പാടുകളും ചുണ്ടിലെ മുറിപ്പാടും എങ്ങനെയുണ്ടായെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് മിഷേലിന്റെ ബന്ധുക്കള്‍ പറയുന്നു.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ മിഷേലിന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഇതുവരെ അംഗീകരിച്ചിട്ടില്ല. മകളെ ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് പിതാവ് ഷാജി വര്‍ഗീസും കുടുംബവും. കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതിഷേധമറിയിക്കാന്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുഴുവന്‍ ദേവാലയങ്ങളിലും ഞായറാഴ്ച ഇതു സംബന്ധിച്ച് പ്രതിഷേധ പ്രമേയം വായിക്കുമെന്നും ഷാജി വര്‍ഗീസ് അറിയിച്ചു.
മിഷേലിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പിറവം എം.ല്‍.എ അനൂപ് ജേക്കബിന്റെ നേതൃത്വത്തില്‍ ഷാജിയും ബന്ധുക്കളും കര്‍മസമിതി ഭാരവാഹികളും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. മിഷേലിനെ പിന്തുടര്‍ന്ന യുവാക്കളെക്കുറിച്ചും ഇതുവരെ വിവരമില്ല എന്നതടക്കം ഏഴ് സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തീകരിച്ചതായി റിപ്പോര്‍ട്ട് നല്കിയാല് മാത്രമേ അന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ നിയമപരമായി സാധിക്കൂവെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നതെന്നും ഷാജി പറഞ്ഞു.
വ്ലോഗറുടെ മരണത്തിൽ ദുരൂഹത; മുറിയിൽ ലഹരിമരുന്ന് കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന യുവാവിനായി അന്വേഷണം
കൊച്ചി: വ്ലോഗറായ യുവതിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്. കണ്ണൂര്‍ സ്വദേശിനിയും യൂട്യൂബ് വ്ലോഗറുമായ നേഹയെയാണ് (27) കൊച്ചിയിൽ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫ്ലാറ്റിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേഹയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുറച്ചുകാലമായി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്ന നേഹ ആറു മാസം മുന്‍പാണു കൊച്ചിയില്‍ എത്തിയത്. ജോലി അന്വേഷിച്ച് വന്ന നേഹ അതിനിടെ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് നേഹയ്ക്കൊപ്പം താമസിച്ചുവന്നത്. എന്നാൽ അടുത്തിടെ ഇയാള്‍ നാട്ടില്‍ പോയതിനു പിന്നാലെ വിവാഹത്തില്‍ നിന്നു പിന്മാറി. ഇതറിഞ്ഞതോടെ യുവതി ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശം പൊലീസ് കണ്ടെത്തെയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണു വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നതും നേഹയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചു കിടന്ന ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഈ യുവാക്കൾ നേഹയുടെ ഫ്ലാറ്റിൽ എത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.