• HOME
 • »
 • NEWS
 • »
 • crime
 • »
 • Abortion | 'നിർബന്ധിച്ചുള്ള ​ഗര്‍ഭഛിദ്രം ക്രൂരത'; ഭാര്യയുടെ പരാതിയിൽ വിവാഹമോചനം അനുവദിച്ച് കോടതി

Abortion | 'നിർബന്ധിച്ചുള്ള ​ഗര്‍ഭഛിദ്രം ക്രൂരത'; ഭാര്യയുടെ പരാതിയിൽ വിവാഹമോചനം അനുവദിച്ച് കോടതി

കേസിൽ ഹിസാറിലെ കുടുംബകോടതിയുടെ വിധി തള്ളിയ ഹൈക്കോടതി വിവാഹമോചനത്തിനുള്ള യുവതിയുടെ ആവശ്യം അംഗീകരിച്ചു.

 • Share this:
  ഭാര്യയെ ബലമായി ഗര്‍ഭഛിദ്രം (Abortion) ചെയ്യിപ്പിക്കുന്നത് ക്രൂരതയാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി (Punjab-Haryana High Court). ഭർത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും അതിനാല്‍ തനിക്ക് വിവാഹനമോചനം വേണമെന്നും പറഞ്ഞ് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

  യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുക മാത്രമല്ല അതിന് ശേഷം വിശ്രമിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്‌തെന്ന് ജസ്റ്റിസ് റിതു ബഹ്രി, ജസ്റ്റിസ് നിധി ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന്, യുവതിക്ക് ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചു. ഇനി ഒരിക്കലും ഗര്‍ഭിണിയാകാന്‍ പറ്റാത്ത അവസ്ഥയിലായെന്നും കോടതി പറഞ്ഞു.

  കേസിൽ ഹിസാറിലെ കുടുംബകോടതിയുടെ വിധി തള്ളിയ ഹൈക്കോടതി വിവാഹമോചനത്തിനുള്ള യുവതിയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും തനിക്ക് കുട്ടിയെ വേണ്ടെന്ന് പറയുകയും ചെയ്തതായി യുവതി പറയുന്നു. ഇതിന് ശേഷം ഭര്‍ത്താവ് യുവതിയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തതായും യുവതി ഹര്‍ജിയില്‍ പറയുന്നു. തന്റെ വീട്ടുകാരോട് ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ഭര്‍ത്തൃവീട്ടുകാര്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചതായും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

  ഭര്‍ത്താവിന്റെ അമ്മ തന്റെ സ്വര്‍ണ്ണവും പണവും കൈക്കലാക്കിയതായും യുവതി ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഭാര്യയുടെ വീട്ടുകാരുടെ ഇടപെടല്‍ മൂലം തങ്ങളുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ഭര്‍ത്താവ് കോടതിയെ അറിയിച്ചത്.

  അതേസമയം, ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ഇടപപെടലാണ് രാജ്യത്ത് ഗര്‍ഭച്ഛിദ്രം വര്‍ധിക്കാനുള്ള കാരണമെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ പറയുന്നത്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ഹരിയാനയിലെ മൊത്തം ഗര്‍ഭഛിദ്ര കേസുകളില്‍ 41 ശതമാനവും യുവതികള്‍ ആഗ്രഹിക്കാതെ നടത്തുന്ന ഗര്‍ഭച്ഛിദ്രമാണ്. പഞ്ചാബില്‍ ഇത് 36 ശതമാനമാണ്. ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും നീരസത്തെ തുടര്‍ന്നും ഗര്‍ഭഛിദ്രം നടത്തിയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

  Also read : വൈദ്യരെ ഷിഹാബ് വീഴ്ത്തിയത് വ്യാജ പ്രൊഫൈല്‍ വഴി;'ദിവ്യനെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം;നരബലി ചെയ്യണം'

  നേരത്തെ, ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗികപീഡനം ഭര്‍ത്താവിന്റെ കുറ്റമാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞിരുന്നു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. സമാനമായ നിരവധി ഹര്‍ജികള്‍ സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇവയില്‍ ഒരുമിച്ച വാദം കേള്‍ക്കുമെന്നാണ് കോടതി പറഞ്ഞത്. ഈ വിഷയത്തില്‍ മെയ് 12ന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് രാജീവ് ശക്തര്‍, വിവാഹ ജീവിതത്തില്‍ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് ഉത്തരവിട്ടപ്പോള്‍, ജസ്റ്റിസ് ഹരി ശങ്കര്‍ ഈ വിധിയില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. ഈ ഭിന്ന വിധിക്കെതിരെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകരായ കരുണ നുണ്ഡിയും രാഹുല്‍ നാരായണനും മുഖേനയാണ് ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്തിയത്.

  വിവാഹ ജീവിതത്തില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. വിവാഹ ജീവിത്തിലെ സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പോഷകസംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
  Published by:Amal Surendran
  First published: