ബംഗളൂരു: കർണാടക പൊലീസ് ഉദ്യോഗസ്ഥനെതിരെ കസ്റ്റഡി പീഡനം അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യുവാവ്. ചിക്കമംഗലൂരു സ്റ്റേഷൻ സബ് ഇൻസ്പെക്ടർക്കെതിരെയാണ് പരാതി. പുനീത് എന്ന ദളിത് യുവാവാണ് പരാതിക്കാരാൻ. ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തന്നെ നിർബന്ധപൂർവം മൂത്രം കുടിപ്പിച്ചു എന്നാണ് യുവാവ് ആരോപിക്കുന്നത്. കടുത്ത ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു എന്നും ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പുനീത് ആരോപിക്കുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് ദമ്പതികള്‍ക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ മെയ് പത്തിനാണ് പുനിതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിൽ തനിക്ക് നേരെ അതിക്രമം കാട്ടിയ സബ് ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് 22 കാരനായ പുനിത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്തയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കസ്റ്റഡിയിലെടുത്ത ശേഷം മണിക്കൂറുകളോളം പൊലീസുകാർ മർദ്ദനത്തിനിരയാക്കി എന്നാണ് പുനിത്തിനെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ അതു പോലും തരാൻ സബ് ഇൻസ്പെക്ടർ വിസ്സമ്മതിച്ചു എന്നാണ് ആരോപണം. പിന്നാലെ തന്റെ ദേഹത്തേക്ക് മൂത്രം ഒഴിക്കാൻ ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരു യുവാവിനെ നിർബന്ധിക്കുകയായിരുന്നു എന്നും പുനിത് ആരോപിക്കുന്നു.
മോഷണക്കേസിൽ അറസ്റ്റിലായ ചേതൻ എന്ന യുവാവാണ് ആ സമയം ലോക്കപ്പിലുണ്ടായിരുന്നത്. സബ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടെങ്കിലും തന്റെ ദേഹത്തേക്ക് മൂത്രം ഒഴിക്കാൻ ചേതൻ തയ്യാറായിരുന്നില്ല. എന്നാൽ കടുത്ത പീഡനം നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതോടെ ഗത്യന്തരമില്ലാതെ അയാൾ പൊലീസുകാരനെ അനുസരിക്കുകയായിരുന്നു എന്നാണ് വാക്കുകള്‍.
തുടർന്ന് തറയിൽ വീണു കിടന്ന മൂത്രം നക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പുറമെയായിരുന്നു വാക്കാലുള്ള അധിക്ഷേപങ്ങളും. ചെയ്യാത്ത കുറ്റം ചെയ്തു എന്നു തന്നെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടെയുണ്ടായി എന്നും പുനിത് പറയുന്നു. തനിക്കെതിരെ ഔദ്യോഗികമായി പരാതി ഒന്നും ഇല്ലാതിരുന്നിട്ട് കൂടി ഇത്തരം അതിക്രമം നേരിടേണ്ടി വന്നതോടെ അപമാനിക്കപ്പെട്ടതായി തോന്നിയെന്നാണ് യുവാവ് മാധ്യമങ്ങോട് സംസാരിക്കവെ പറഞ്ഞത്.
പൊലീസുകാരനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നാണ് ചിക്കമംഗലൂരു എസ്പി അക്ഷയ് ഹക്കായ് അറിയിച്ചത്. പുനിതിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആരോപണവിധേയനായ സബ് ഇൻസ്പെക്ടറെ അന്വേഷണത്തെ തുടർന്ന് നിലവിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. വകുപ്പ്തലത്തിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക എന്നും എസ് പി വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.