• HOME
  • »
  • NEWS
  • »
  • crime
  • »
  • '40000 രൂപ ശമ്പളം; ഭക്ഷണവും താമസവും ഫ്രീ'; വിദേശ ജോലി വാഗ്ദാനം ചെയ്ത യുവാവ് പിടിയില്‍

'40000 രൂപ ശമ്പളം; ഭക്ഷണവും താമസവും ഫ്രീ'; വിദേശ ജോലി വാഗ്ദാനം ചെയ്ത യുവാവ് പിടിയില്‍

പണം നല്‍കിയവര്‍ക്ക് രണ്ടുമാസം കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ വിമാന ടിക്കറ്റിനായി 15,000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു

  • Last Updated :
  • Share this:
    വിദേശ ജോലി വാഗ്ദാനം ചെയ്ത് 700 ഓളം പേരെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയില്‍. പുതുവൈപ്പ് പരുത്തിക്കടവ് അറയ്ക്കല്‍ മജീഷ് (27) ആണ് അറസ്റ്റിലായത്. വിദേശത്തുനിന്ന് നാട്ടിലേക്ക്  മടങ്ങിയെത്തിയ മജീഷ്  മത്സ്യബന്ധനവും മറ്റുമായാണ് കഴിഞ്ഞിരുന്നത്. ഒമാനില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഇയാള്‍ പോസ്റ്റിട്ടിരുന്നു. സൗജന്യ ഭക്ഷണവും താമസവും 40,000 രൂപ ശമ്പളവുമാണ് വാഗ്ദാനം ചെയ്തത്.

    യാത്രച്ചെലവും വിസയും കമ്പനി നല്‍കുമെന്നും മജീഷ് അറിയിപ്പില്‍ പറഞ്ഞിരുന്നു. ഇതിനായി 12,500 രൂപ നല്‍കണമെന്നും പിന്നീടിത് തിരികെ നല്‍കുമെന്നും പറഞ്ഞിരുന്നു.  എഴുനൂറോളം പേര്‍ പണം നല്‍കിയതായാണ് പോലീസിന് ലഭിക്കുന്ന വിവരം.

    കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിന്റെ തുടക്കം. പണം നല്‍കിയവര്‍ക്ക് രണ്ടുമാസം കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ വിമാന ടിക്കറ്റിനായി 15,000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. കുറെപ്പേര്‍ ഈ തുകയും നല്‍കി. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെയാണ് ചിലര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമന, എസ്.ഐ. എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം മലപ്പുറം സ്വദേശിയായ ഷംസുദ്ദീന്റെ ഇടനിലക്കാരന്‍ മാത്രമാണ് താനെന്നും പണം മുഴുവന്‍ ഷംസുദ്ദീന് നല്‍കിയെന്നുമാണ് മജീഷ് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഞാറയ്ക്കല്‍ പോലീസില്‍ മാത്രം 25-ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മുനമ്പം, വരാപ്പുഴ, ഇടുക്കി തുടങ്ങിയ വിവിധ സ്റ്റേഷനുകളിലും മജീഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
    Published by:Arun krishna
    First published: