കോഴിക്കോട്: ഒരേ നമ്പരിൽ രണ്ട് ബൈക്കുകൾ രജിസ്റ്റർ ചെയ്തതായി വടകരയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഒരാഴ്ച മുമ്പായിരുന്നു. ഇതേക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ വ്യാജനെ കണ്ടെത്തിയതായാണ് വിവരം. ഇരു വണ്ടികളും രജിസ്റ്റർ ചെയ്ത ആലപ്പുഴയിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് വ്യാജൻ കുടുങ്ങിയത്. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ശേഖരിച്ച ചേസിസ് നമ്പരിന്റെ പെൻസിൽ പ്രിന്റ് ഒട്ടിച്ച് സൂക്ഷിക്കുന്ന വണ്ടി ജനന രജിസ്റ്റർ പരിശോധിച്ചതിൽനിന്നാണ് വ്യാജൻ കുടുങ്ങിയത്. അതേസമയം ഈ രണ്ട് ബുള്ളറ്റുകളിൽ ഏതാണ് വ്യാജൻ എന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
വടകര, തലശ്ശേരി ആർ. ടി ഓഫീസുകളിലാണ് ഒരേ നമ്പറിലുള്ള ബൈക്കുകൾ രജിസ്റ്റർ ചെയ്തത്. വടകരയിൽ മേമുണ്ട സ്വദേശി കണിച്ചാൻ കണ്ടിയിൽ രജിത്തിന്റെ പേരിലും, തലശ്ശേരിയിൽ പാനൂർ എകരത്തിൽ സുജിത്തിന്റെ പേരിലുമാണ് KL 04 A-4442 എന്ന നമ്പറിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതായി മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്
1993 ൽ ആലപ്പുഴയിലാണ് ഈ നമ്പറിൽ ബൈക്ക് ആദ്യം രജിസ്ട്രേഷൻ ചെയ്തത്. ഇതിനു ശേഷം വിവിധ ആളുകൾ ഈ ബൈക്ക് കൈവശം വെച്ചിരുന്നു. ഉടമസ്ഥാവകാശം മാറിയ ശേഷമാണ് ഇരു വാഹനങ്ങളും ഈ നമ്പറിൽ രജിസ്റ്റർ ചെയ്തതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
രണ്ട് ബൈക്കുകൾക്കും ഒറിജിനൽ ആർ .സി യും ഉണ്ട്. എന്നാൽ രജിത്തിന്റെ പേരിലുള്ള ബുള്ളറ്റ് വർഷങ്ങൾക്ക് മുൻപ് കൈമാറ്റം ചെയ്തെങ്കിലും ഇതേവരെ ഉടമസ്ഥാവകാശം മാറിയിട്ടില്ല. ഈ ബൈക്ക് 2022 ജനുവരി മാസം വടകര ആർ. ടി .ഒ 2026 വരെ പുതുക്കി നൽകിയിട്ടുമുണ്ട്. തലശ്ശേരിയിൽ രജിസ്റ്റർ ചെയ്ത ബൈക്ക് ഒന്നര മാസം മുമ്പ് റിന്യൂവൽ ചെയ്യാൻ രേഖകൾ ഹാജരാക്കിയപ്പോഴാണ് ഇതേ നമ്പറിൽ വടകര ആർ. ടി ഓഫീസിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
നേരത്തെ വാഹനത്തിന്റെ ചേസിസ് നമ്പർ സ്കെച്ച് ചെയ്തെടുത്താണ് വാഹനത്തിന് രജിസ്ട്രേഷൻ പുതുക്കി നൽകിയിരുന്നത്. ഇക്കാരണംകൊണ്ട് ഒരേ നമ്പറുകൾ കണ്ടെത്താൻ പ്രയാസവുമായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഏകീകൃത സോഫ്റ്റ് വെയറായ വാഹൻ നിലവിൽ വന്ന ശേഷമാണ് ഇത്തരം വ്യാജ രജിസ്ട്രേഷൻ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.