• HOME
  • »
  • NEWS
  • »
  • crime
  • »
  • പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ കോടതിയിൽ ഹാജരായില്ല

പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ കോടതിയിൽ ഹാജരായില്ല

കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾ അവധി ചോദിച്ചു

  • Share this:
    കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ (Periya Twin murder case) സി.പി.എം. നേതാവും മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമൻ കോടതിയിൽ ഹാജരായില്ല. കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾ അവധി ചോദിച്ചു. സി.പി.എം. നേതാവ് മണികണ്ഠൻ അടക്കം മറ്റ് പ്രതികൾ കൊച്ചി സി.ജെ.എം.  കോടതിയിൽ എത്തി.

    പെരിയ  ഇരട്ടകൊലകേസിൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികളിലേക്ക് കടക്കും മുൻപാണ് എല്ലാ പ്രതികളോടും ഹാജരാവാൻ കൊച്ചി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ചും സിബിഐയും അറസ്റ്റ് ചെയ്ത പ്രതികൾ ജയിലിൽ നിന്ന് വീഡിയോ കോൺഫ്രൻസ് വഴിയും മറ്റുള്ളവർ നേരിട്ടും ഹാജരായി.

    മുൻ എംഎൽഎയും സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, സി.പി.എം. നേതാവ് കെ.വി. ഭാസ്കരൻ, 23-ാം പ്രതി ഗോപൻ വെളുത്തോളി, 24-ാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർ ഹാജരായില്ല. നോട്ടീസ് ലഭിക്കാൻ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് കുഞ്ഞിരാമന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇവരോട് 22 ന് ഹാജരാവൻ കോടതി നിർദേശിച്ചു.

    കോടതിയിൽ എത്തിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ, സി.പി.എം. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എൻ. ബാലകൃഷ്ണൻ, 11-ാം പ്രതി ആലക്കോട് മണി എന്നിവർക്ക് ജാമ്യം നീട്ടി നൽകി.

    സി.ബി.ഐ. അറസ്റ്റ് ചെയ്ത പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 29 വരെ നീട്ടി. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിനു ശേഷം കേസിന്റെ വിചാരണയിലേക്ക് കടക്കും. സി.ബി.ഐ. പ്രത്യേക കോടതിയിലായിരിക്കും വിചാരണ.

    അതിനിടെ ജയിൽ മാറ്റം വേണമെന്ന അപേക്ഷയുമായി സി.ബി.ഐ. അറസ്റ്റ് ചെയ്ത പ്രതികൾ കോടതിയെ സമീപിച്ചു. എറണാകുളം ജില്ലാ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. പ്രതികളുടെ ആവശ്യത്തെ  സിബിഐഎതിർത്തു. അപേക്ഷ പിന്നീട് പരിഗണിക്കാൻ മാറ്റി.

    കേസിൽ കെ.വി. കുഞ്ഞിരാമൻ കേസിൽ 20-ാം പ്രതിയാണ്. രണ്ടാം പ്രതി സജി ജോർജിനെ സ്റ്റേഷനിൽ നിന്ന് കുഞ്ഞിരാമൻ ബലമായി ഇറക്കി കൊണ്ടുപോയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മറ്റു പ്രതികളായ  രാഘവൻ വെളുത്തോളിയും പാനായിൽ ബാങ്ക് പ്രസിഡൻ്റ്  ഭാസ്കരനുമൊപ്പമുണ്ടായിരുന്നു.

    23-ാം പ്രതി ഗോപൻ വെളുത്തോളി പ്രതികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തിയെന്നും കൊലപാതക ശേഷം സഹായങ്ങൾ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ള 14 പ്രതികളെ കൂടാതെയാണ് സിബിഐയുടെ 10 പ്രതികൾ.  ഇതോടെ കേസിൽ പ്രതികളുടെ എണ്ണം 24 ആയി. ഇതിൽ ആദ്യ എട്ടുപേരാണ് കൃത്യത്തിൽ നേരിട്ട് പങ്കാളികളായതെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. പ്രതികളിൽ മൂന്നു പേർക്ക്  ജാമ്യം ലഭിച്ചിരുന്നു. മറ്റു 11 പേരും കണ്ണൂർ സെൻട്രൽ ജയിലിലാണുള്ളത്.

    Summary: Former MLA  K.V. Kunhiraman was absent during Periya Twin murder hearing. Four more accused in the case have sought leave
    Published by:user_57
    First published: