• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |പോലീസുകാരുടെ വീടുകളില്‍ തുടര്‍ച്ചയായി മോഷണം; മുന്‍ പോലീസുകാരന്‍ പിടിയില്‍

Arrest |പോലീസുകാരുടെ വീടുകളില്‍ തുടര്‍ച്ചയായി മോഷണം; മുന്‍ പോലീസുകാരന്‍ പിടിയില്‍

പുറത്ത് കവര്‍ച്ചനടത്തിയാല്‍ പിടികൂടാനുള്ള സാധ്യത കൂടുതലായതിനാലാണ് പോലീസ് ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു.

  • Share this:
    കോയമ്പത്തൂര്‍: പോലീസുകാരുടെ വീടുകളില്‍ തുടര്‍ച്ചയായി മോഷണം (theft) നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ പോലീസുകാരനെ സിറ്റിപോലീസ് അറസ്റ്റ് (arrest) ചെയ്തു. കൃഷ്ണഗിരി ഊത്തങ്കര കല്ലാവി സ്വദേശി ശെന്തില്‍കുമാര്‍ (47) ആണ് പിടിയിലായത്.

    2021 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ കോയമ്പത്തൂര്‍ പോലീസ് റിക്രൂട്ട്‌മെന്റ് സ്‌കൂള്‍വളപ്പിലെ പോലീസുകാരുടെ ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്. ഇതുമായി ബന്ധപ്പെട്ട് കാട്ടൂര്‍ പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേസമയം റേസ്‌കോഴ്‌സ്, കൃഷ്ണഗിരി പോലീസ് പരിധിയിലും കവര്‍ച്ചക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

    പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് ശെന്തില്‍കുമാര്‍ മോഷണം നടത്തിയിരുന്നത്. മോഷണം നടന്ന വീടുകളില്‍ നിന്ന് ലഭിച്ച വിരലടയാളം നോക്കി കുറ്റവാളി ഒരാള്‍ തന്നെയാണെന്ന് മനസ്സിലായി. ഇയാളെ കണ്ടെത്താനായി പ്രത്യേക പോലീസ് സേനയെ നിയോഗിച്ചിരുന്നു.

    1993ലാണ് ഇയാള്‍ പോലീസ് സര്‍വീസില്‍ ചേരുന്നത്. 2009-ല്‍ കൃഷ്ണഗിരിയില്‍ ജോലിചെയ്യുന്നതിനിടെ മേലുദ്യോഗസ്ഥനെ കുടുക്കാനായി പോലീസ് ജീപ്പ് ധര്‍മപുരി കാട്ടില്‍ ഒളിപ്പിച്ചതിനും 2013-ല്‍ കൃഷ്ണഗിരി എ.ആര്‍. ക്യാമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മോഷ്ടിച്ച ശേഷം പാരൂരിലുള്ള തടാകത്തില്‍ തള്ളിയിട്ട കേസിലും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

    Also read: പോസ്റ്റ്മാന്‍ ലിഫ്റ്റ് നല്‍കിയില്ല; തപാലുകള്‍ റോഡില്‍ വിതറി കൊച്ചിയില്‍ മദ്യപന്റെ അതിക്രമം

    ഇതോടെ ജോലിനഷ്ടപ്പെട്ട ഇയാള്‍ ലോറി ഓടിക്കാന്‍ തുടങ്ങി. ഇതിനിടെ ലോറി അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും ചെയ്തു. ഈ കേസ് വിചാരണഘട്ടത്തിലാണ്. വരുമാനം നിലച്ചതോടെയാണ് വിവിധയിടങ്ങളില്‍ മോഷണത്തിന് ഇറങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

    പ്രതിയില്‍നിന്ന് 30 പവന്‍ സ്വര്‍ണാഭരണം, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു. പുറത്ത് കവര്‍ച്ചനടത്തിയാല്‍ പിടികൂടാനുള്ള സാധ്യത കൂടുതലായതിനാലാണ് എ.ആര്‍. ക്യാമ്പിലെ പോലീസ് ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു.

    Also read: അങ്കമാലിയിലെ ലോ കോളജ് അധ്യാപകനെന്ന് പരിചയപ്പെടുത്തി വിവാഹവാഗ്ദാനം; സ്വർണമടക്കം തട്ടിയെടുത്ത പ്രതി പിടിയിൽ 

    ദിവസങ്ങളോളം പോലീസുകാര്‍ പുറംഡ്യൂട്ടിക്ക് പോകുന്നതിനാല്‍ കവര്‍ച്ചനടത്തി സാധനങ്ങള്‍ വേറെ ഏതെങ്കിലും പൂട്ടിയിട്ട ക്വാര്‍ട്ടേഴ്‌സുകളില്‍ വെക്കും. പിന്നീട് ഇവിടെനിന്ന് എടുക്കുന്നതാണ് ഇയാളുടെ രീതി. ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ പോലീസാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു പതിവെന്നും പോലീസ് പറഞ്ഞു.
    Published by:Sarath Mohanan
    First published: