കണ്ണൂർ: കരാറുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്പിച്ച നാലംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റിൽ. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന് ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി സുധീഷ് (39) എന്നിവരെയാണ് പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെ (52) വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. ക്വട്ടേഷൻ നൽകിയ കണ്ണൂർ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥ സീമ ഒളിവിലാണ്.
ക്വട്ടേഷന്‍ നല്കിയ കണ്ണൂര്‍ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥ സീമ ഒളിവിലാണ്. ഇവര്‍ കോട്ടയം ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സീമയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒരുസ്ത്രീ ക്വട്ടേഷന്‍ നല്കിയ സംഭവം അപൂര്‍വമാണെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനെ വഴിതെറ്റിക്കുന്നത് കരാറുകാരനായ സുരേഷ് ബാബുവാണെന്ന് ആരോപിച്ചായിരുന്നു ക്വട്ടേഷൻ നൽകിയത്. പൊലീസ് പറയുന്നത് ഇങ്ങനെ: സംഭവം നടന്ന ഏപ്രില്‍ 18ന് രണ്ടുമാസം മുൻപാണ് കണ്ണൂര്‍ പടന്നപ്പാലത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന സീമ രതീഷുമായി ബന്ധപ്പെടുന്നത്. നേരത്തെ മെഡിക്കല്‍ കോളജിന് സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന സമയത്ത് രതീഷുമായി പരിചയമുണ്ടായിരുന്ന സീമ, തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുകയാണെന്നും കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും ഇയാളെ കൈകാര്യം ചെയ്യാന്‍ പറ്റിയയാളുണ്ടോയെന്നും ചോദിച്ചു. തുടര്‍ന്ന് രതീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
Also Read-
ക്യൂ ബ്രാഞ്ച് അസി. കമ്മീഷണർ എന്ന പേരിൽ കറക്കം; വ്യാജ തോക്കും യൂണിഫോമും അണിഞ്ഞ് വിലസിയ വ്യാജൻ പിടിയില്മൂവരും കണ്ണൂരില്‍ സീമ ജോലിചെയ്യുന്ന ബാങ്ക് ശാഖയിലെത്തി നേരില്‍ കാണുകയും കൃത്യം നടത്തിയാല്‍ മൂന്നുലക്ഷം രൂപ നല്‍കാമെന്ന കരാര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍, അഡ്വാന്‍സ് നല്കാന് തയാറായില്ല. പിന്നീട് മറ്റൊരു ദിവസം സീമയെ കാണാനെത്തിയ മൂവരും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ഐസ് ക്രീം പാര്‍ലറില്‍ സന്ധിക്കുകയും സീമ 10,000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ഇതിന് ശേഷം പ്രതികള്‍ ബൈക്കില്‍ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടര്ന്നുവെങ്കിലും കൂടെ മറ്റാളുകള്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നടപ്പാക്കാന്‍ സാധിച്ചില്ല. പ്രതികള്‍ കൃത്യം നടത്താന്‍ ഇന്നോവ കാര്‍ വാടകക്ക് എടുത്തുവെങ്കിലും അത് അപകടത്തില്‍ പെട്ടതിനാല്‍ തിരിച്ചുകൊടുക്കേണ്ടിവന്നു.
ഈ സമയത്താണ് ഇവര്‍ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്. സംഭവം നടന്ന 18ന് വൈകിട്ട് തന്നെ കാറുമായി നെരുവമ്പ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുര്‍വേദ കോളജ് പരിസരത്ത് കറങ്ങി. രാത്രി എട്ടോടെ റോഡിലൂടെ പോയപ്പോള്‍ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയില്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് കാര്‍ സുരേഷ് ബാബുവിന്റെ വീട്ടുപരിസരത്ത് നിര്‍ത്തിയശേഷം സുധീഷും ജിഷ്ണുവുമാണ് ആക്രമണം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും ആക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. അഭിലാഷും രതീഷും കാറില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പ്രതികള്‍ ശ്രീസ്ഥ ഭാസ്കരന് പീടികയിലെത്തി വെട്ടാനുപയോഗിച്ച വടിവാള്‍ രാമപുരം പുഴയില്‍ ഉപേക്ഷിച്ചു. ഇത് തളിപ്പമ്പിലെ കടയില്‍നിന്നാണ് വാങ്ങിയത്.
Also Read-
ഒൻപതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സംസ്കരിച്ചു; പൂജാരി ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്കൃത്യത്തിന് ശേഷം സുധീഷ് കാറില്‍ നീലേശ്വരത്തേക്ക് തിരിച്ചുപോയി. പിറ്റേന്ന് രാവിലെ രതീഷും അഭിലാഷും ബൈക്കില്‍ സുരേഷ് ബാബുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. അന്വേഷണസംഘത്തില്‍ പരിയാരം എസ്. ഐ കെ വി സതീശന്, എസ് ഐ ദിനേശന്, എ എസ് ഐമാരായ നൗഫല്‍ അഞ്ചില്ലത്ത്, നികേഷ്, സി പി ഒമാരായ കെ വി മനോജ്, വി വി മഹേഷ് എന്നിവരും ഉണ്ടായിരുന്നു.
വെട്ടേറ്റ സുരേഷ് ബാബു ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പ്രതികളില്‍ അഭിലാഷും ജിഷ്ണുവും നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.