• HOME
  • »
  • NEWS
  • »
  • crime
  • »
  • ഹണി ട്രാപ്പിലൂടെ സ്വര്‍ണവ്യാപാരിയുടെ 2 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ; ലക്ഷ്യമിട്ടവരിൽ കോട്ടയത്തെ രാഷ്ട്രീയ നേതാവും

ഹണി ട്രാപ്പിലൂടെ സ്വര്‍ണവ്യാപാരിയുടെ 2 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ; ലക്ഷ്യമിട്ടവരിൽ കോട്ടയത്തെ രാഷ്ട്രീയ നേതാവും

കോവിഡ്‌ കാലത്ത് ഹവാലാ പണത്തിന്റെ ഒഴുക്ക് നിലച്ചതോടെയാണ് നൗഷാദ് കേട്ടയത്തെ ഗുണ്ടയുടെ സഹായത്തോടെ ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്.

ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ നൗഷാദും കൂട്ടാളികളും

ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ നൗഷാദും കൂട്ടാളികളും

  • Share this:
    കോട്ടയം: ഹണി ട്രാപ്പിൽപ്പെടുത്തി സ്വർണ വ്യാപാരിയുടെ പക്കൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാല്  പ്രതികൾ അറസ്റ്റിൽ. കുഴൽ പണം കടത്തുന്ന വാഹനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘത്തലവനും കണ്ണൂര്‍ സ്വദേശിയുമായ നൗഷാദും കൂട്ടാളികളുമാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കര്‍ണ്ണാടകയില്‍ നിന്നും പിടികൂടിയത്.

    കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി നൗഷാദ്(41), രണ്ടാം ഭാര്യ ഫസീല (34), കാസര്‍കോട് സ്വദേശി അന്‍സാര്‍( 23), ഇയാളുടെ ഭാര്യ സുമ(30) എന്നിവരാണ് അറസ്റ്റിലായത്.

    കോവിഡ്‌ കാലത്ത് ഹവാലാ പണത്തിന്റെ ഒഴുക്ക് നിലച്ചതോടെയാണ് നൗഷാദ് കേട്ടയത്തെ ഗുണ്ടയുടെ സഹായത്തോടെ ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതിനായി ഭാര്യയേയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വർണ വ്യാപാരിയെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് മര്‍ദ്ദിച്ച് അവശനാക്കി സ്ത്രീയോടൊപ്പം ഇരുത്തി ഫോട്ടോയെടുത്തു. ഇത് പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയാണ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തത്.

    കോട്ടയം നഗരത്തിലെ പ്രമുഖരായ പലരെയും ഇത്തരത്തില്‍ കുടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. നഗരത്തിലെ മറ്റൊരു സ്വർണ വ്യാപാരിയും ജില്ലയിലെ പ്രമുഖ രാഷ്ട്രീയക്കാരനെയും കുടുക്കാന്‍ കരുക്കൾ നീക്കിയെങ്കിലും വിജയിച്ചില്ല.

    രണ്ടു ലക്ഷം രൂപ നഷ്ടമായ ചിങ്ങവനം സ്വദേശി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതികൾ ഒളിവില്‍ പോയത്.  ഈ കേസില്‍ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന സുനാമി എന്നറിയപ്പെടുന്ന പ്രവീണ്‍, മലപ്പുറം സ്വദേശി മുഹമ്മദ്‌ ഹാനിഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  കോട്ടയം സ്വദേശിയായ  ഗുണ്ടയും കാസര്‍കോട് സ്വദേശിയുമാണ് ഇനി അറസ്റ്റിലാകാനുള്ളത്.

    പൊലിസ് തന്നെ പിന്‍തുടരുന്നുണ്ടെന്നു മനസിലാക്കിയ നൗഷാദ് തല മുണ്ഡനം ചെയ്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്. കണ്ണൂര്‍ ജില്ലയിലും സമീപ പ്രദേശങ്ങളിലും, കര്‍ണ്ണാടകയിലുമായി ഇയാള്‍ക്കെതിരെ ഇരുപതിലധികം കവര്‍ച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസം നൗഷാന് മൂന്നു ഭാര്യമാരുണ്ട്.

    ഹവാലപണവും നികുതി വെട്ടിച്ചു കടത്തുന്ന പണവും തട്ടിയെടുക്കുകയെന്നതാണ് നൗഷാദിന്റെ പതിവ് രീതി. അഞ്ചു കോടി രൂപ വരെ ഇയാള്‍ ഒറ്റ തവണ കവര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നൗഷാദിന്റെ രണ്ടു സഹോദരങ്ങളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രതികളുടെ അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഈസ്റ്റ്‌ ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസ് രേഖപ്പെടുത്തി.
    Published by:Aneesh Anirudhan
    First published: