ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്‍, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്.
മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാന്‍ കൃത്യത്തില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ശേഖരിച്ചു അവരവരുടെ വീടുകളില്‍ എത്തിച്ചു കൊടുത്തു. സഹദ് ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മറ്റ് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.
ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ
ടാങ്കർ ലോറിയിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. ചെങ്ങമനാട് കുന്നുകര കൊല്ലംപറമ്പിൽ വീട്ടിൽ നൗഷറിനെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന 250 കിലോയോളം കഞ്ചാവാണ് പിടികൂടിയിരുന്നത്.
വാഹന ഡ്രൈവർ സെൽവകുമാറിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഷർ അറസ്റ്റിലാകുന്നത്. നൗഷറിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇതിനു വേണ്ട പണം മുടക്കിയതും ഇയാളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
എറണാകുളം റൂറൽ എസ് പി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. മംഗലാപുരത്ത് നിന്നാണ് കഞ്ചാവുമായി വണ്ടി പുറപ്പെട്ടത്. പെരുമ്പാവൂരിൽ എത്തിയപ്പോൾ വാഹനം പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. 111 പാക്കറ്റുകൾ ആയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
മലയാറ്റൂരിൽ നിന്ന് കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ
മലയാറ്റൂരിൽ നിന്ന് കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട അക്കരക്കാരൻ വീട്ടിൽ മിലൻ ബെന്നി (27)നെയാണ് കാലടി പോലീസ് എസ് എച്ച് ഒ അരുൺ.കെ.പവിത്രന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് രാത്രി പതിനൊന്നിന്ന് മലയാറ്റുർ പള്ളിയുടെ സമീപത്തുള്ള പുഴയുടെ കരയിൽ വച്ചിരുന്ന ബാഗ് കവർച്ച ചെയ്ത് അതിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പള്ളിയുടെ മുൻവശത്തു റോഡിൽ പാർക്കു ചെയ്തിരുന്ന ഏഴ് ലക്ഷം രൂപ വിലവരുന്ന കാറും, മൊബൈൽ ഫോണും, രണ്ടായിരം രൂപയുമാണ് ഇയാൾ മോഷ്ടിച്ച് കടന്നത്. അങ്കമാലി കിടങ്ങൂരിൽ താമസിക്കുന്ന സുധീറിന്‍റെതാണ് വാഹനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Palakkad murder