നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ചന്ദനമരം മുറിച്ചു കടത്തിയ സംഭവം; നാല് പേർ പിടിയിൽ

    കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ചന്ദനമരം മുറിച്ചു കടത്തിയ സംഭവം; നാല് പേർ പിടിയിൽ

    സംഘത്തിലെ മൂന്ന് പേർക്കായി അന്വേഷണം ഊർജിതം

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
    തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഭൂമിയിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ നാലംഗ സംഘം പിടിയിൽ. കരിപ്പൂർ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദുൽ നാസർ (41), നീരോൽപാലം സ്വദേശികളായ മേത്തലയിൽ ശിഹാബുൽ ഹഖ് (33), തൊണ്ടിക്കോടൻ ജംഷീർ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി. ഫിർദൗസ് (36) എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.

    ജംഷീർ നേരത്തെ ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബർ അഞ്ചിന് പുലർച്ചെയാണ് മോഷണം നടന്നത്. ബുധനാഴ്ചയാണ് സംഘം പൊലിസിന്റെ വലയിലാകുന്നത്.

    യൂണിവേഴ്സിറ്റിയിൽ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികൾ ഉപയാഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂൾ കൊല്ലം ചിനയിലെ ഗോഡൗണിൽ നിന്നാണ് കണ്ടെടുത്തത്.

    നവംബർ അഞ്ചിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഉണ്ടായിരുന്ന ചന്ദനമരം മോഷണം പോയത്. മൂന്ന് മീറ്റർ ഉയരവും 17 സെൻ്റിമീറ്റർ വ്യാസവും ഉള്ള 25 വർഷം പ്രായമുള്ള ചന്ദനമരം ആണ് ഇരുളിൻ്റെ മറവിൽ മുറിച്ച് മാറ്റിയത് എന്ന് അധികൃതർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കഷണങ്ങളായി മുറിച്ച നിലയിലാണ് ചന്ദനം കണ്ടെത്തിയത്.



    ഇതുവരെ ആറ് കിലോഗ്രാം ചന്ദനം ആണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.  കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത്. അഞ്ച് പേർ മരം വെട്ടിയവരാണ്. രണ്ട് പേർ ചന്ദനം വിൽപന നടത്താൻ ശ്രമിച്ചവരും. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഇവരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

    കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, ഡി.വൈ.എസ്.പി. പ്രദീപ് എന്നിവരുടെ നിർദേശ പ്രകാരം തേഞ്ഞിപ്പലം പോലീസ് കേസിൽ പ്രത്യേക  സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പഴുതടച്ച അന്വേഷണത്തിൽ പ്രതികളെ ഒരാഴ്ചക്കകം വലയിലാക്കാനും സാധിച്ചു. തേഞ്ഞിപ്പലം സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ബി. ഷൈജു, സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സി.പി.ഒമാരായ എം. റഫീഖ്, പി.കെ. വിജേഷ്, പി. രൂപേഷ്, ബിജു ഷോബിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    500 ഏക്കറിലധികം പ്രദേശത്ത് വ്യാപിച്ചു കിടക്കുകയാണ് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ്. ഇവിടെ സ്വാഭാവിക വനമായി പരിപാലിക്കുന്ന മേഖലകളും ഉണ്ട്. മുൻപ് ഇവിടെ ഉണ്ടായിരുന്ന വലിയ ചന്ദനമരങ്ങളും മോഷണം പോയതായി റിപ്പോർട്ട് ഉണ്ട്. അതെല്ലാം 30 വർഷങ്ങൾക്ക് മുൻപാണ്. ഇപ്പോൾ മോഷ്ടാക്കൾ മുറിച്ചുവിറ്റ ചന്ദനമരം  കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ സ്വാഭാവികമായി വളർന്ന് വന്നതാണ്.

    Summary: Four arrested in sandalwood smuggling incident in Calicut University campus. They were arrested by Thenjippalam police
    Published by:user_57
    First published:
    )}