• HOME
  • »
  • NEWS
  • »
  • crime
  • »
  • നെടുമ്പാശേരി വഴി കടത്തിയ ഒരുകിലോയിലധികം സ്വർണം മലപ്പുറത്ത് പിടിച്ചു; നാലു പേര്‍ അറസ്റ്റിൽ

നെടുമ്പാശേരി വഴി കടത്തിയ ഒരുകിലോയിലധികം സ്വർണം മലപ്പുറത്ത് പിടിച്ചു; നാലു പേര്‍ അറസ്റ്റിൽ

1063 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്റഫ്  കടത്തിയത്.

  • Share this:

    മലപ്പുറം: ദോഹയില്‍ നിന്നും നെടുമ്പാശ്ശേരി  വിമാനത്താവളം വഴി കസ്റ്റംസിനെയും  വെട്ടിച്ച്   കടത്തികൊണ്ടുവന്ന സ്വർണ്ണം പിടിച്ചെടുത്ത് മലപ്പുറം പോലീസ്. ഒരു കിലോയിലധികം ആണ് മലപ്പുറം പോലീസ് അരീകോട് വെച്ച് പിടിച്ചെടുത്തത്. സംഭവത്തില്‍  സ്വര്‍ണ്ണം കടത്തിയ  യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണ്ണം സ്വീകരിച്ച് കൊണ്ട് വന്ന  മൂന്ന് പേരെയും അവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാരിയര്‍ക്ക് നല്‍കാനായി കാറില്‍  സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും  പോലീസ്  കണ്ടെത്തിയിരുന്നു.

    ദോഹയില്‍ നിന്നും നെടുമ്പാശേരി  വിമാനത്താവളത്തിലെത്തിയ കോഴികോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ്  (56), സ്വര്‍ണ്ണം കൈപ്പറ്റിയ കോഴികോട് താമരശ്ശേരി സ്വദേശികളായ മിദ്ലജ്(23), നിഷാദ്(36), ഫാസില്‍(40) എന്നിവരാണ് 1063 ഗ്രാം സ്വര്‍ണ്ണം സഹിതം മലപ്പുറത്ത് അരീകോട് വെച്ച്  പൊലീസ് പിടിയിലായത്. 1063 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല്  ക്യാപ്സ്യൂളുകളാക്കി  ശരീരത്തിനുള്ളില്‍  ഒളിപ്പിച്ചാണ് അഷ്റഫ്  കടത്തിയത്.

    Also Read-മലപ്പുറത്ത് 16 കാരിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവും 1,70,000 രൂപ പിഴയും

    കടത്ത് സ്വര്‍ണ്ണം കൈപ്പറ്റി അഷ്റഫിനേയും കുടുംബത്തേയും കാറില്‍ കൊടുവള്ളിയിലേക്ക് പോകും വഴിയാണ് ഇവര്‍  പോലീസ് പിടിയിലായത്.അഭ്യന്തര വിപണിയില്‍ 63 ലക്ഷം രൂപ വില വരും  പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. പുലര്‍ച്ചെ 6.30ന് ദോഹയില്‍  നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  വിമാനത്തിലാണ്  (IX 416) ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 08.30 മണിക്ക്  വിമാനത്താവളത്തിന്‌  പുറത്തിറങ്ങിയ അഷ്റഫില്‍ നിന്നും കള്ളകടത്ത് സ്വര്‍ണ്ണം ഏറ്റുവാങ്ങി കൊടുവള്ളിയിലേക്ക് പോവുന്നുണ്ടെന്നുള്ള രഹസ്യ വിവരം പോലീസിന് ലഭിച്ചു.

    മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത്  ദാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം പോലീസ് ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചു.  അരീക്കോട്  വച്ചാണ് പോലീസ്  ഇവരെ  കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പക്ഷേ അഷ്റഫോ കാറിലുള്ളവരോ  തങ്ങളുടെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിച്ചില്ല. തുടര്‍ന്ന്  ഇയാളുടെ ലഗ്ഗേജ് ബോക്സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. ശേഷം  ഇവര്‍ സഞ്ചരിച്ച കാര്‍ വിശദമായി പരിശോധിക്കുകയായിരുന്നു.

    Also Read-ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; അഭിഭാഷകൻ സൈബി ജോസിനെതിരെ കേസെടുത്തു

    തുടർന്നാണ് വിശദമായ  പരിശോധനയിലാണ് കാറിനകത്ത് മുൻവശത്ത് കാൽ വെക്കാവുന്ന സ്ഥലത്ത്   അതി വിദഗ്ദമായി ഒളിപ്പിച്ച രീതിയില്‍  നാലു ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയത്.are അഷ്റഫിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും വാഹനവും കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.

    കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് പോലീസ്  പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും  കള്ളക്കടത്ത് സംഘം ചുവട് മാറ്റിയതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.ആയതിനെ തുടര്‍ന്നുള്ള രഹസ്യ നീക്കത്തിലാണ് പോലീസിന് ഈ കേസിലേക്കെത്താനായത്. കരിപ്പൂർ വിമാനത്താവളത്തിലേത് പോലെ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും പോലീസിന്റെ പരിശോധന സംവിധാനം തുടങ്ങാൻ ആലോചന ഉണ്ട്.

    Published by:Jayesh Krishnan
    First published: