യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ പോലീസ് പിടിയിൽ

റിയാസിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച രണ്ടു വാഹനങ്ങൾ സഹിതമാണ് പോലീസ് പിടികൂടിയത്

News18 Malayalam | news18-malayalam
Updated: September 26, 2020, 4:34 PM IST
യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ പോലീസ് പിടിയിൽ
Arrest
  • Share this:
കരിപ്പൂരിൽ നിന്നും സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാല്‌ പേരെ കൊണ്ടോട്ടി പോലീസ് പിടികൂടി. താമരശ്ശേരി കണ്ണീരുപ്പിൽ ഫസൽ (31)  മലപ്പുറം മമ്പാട് കച്ചേരിക്കുനിയിൽ മുഹമ്മദ് ബഷീർ എന്ന വിഗ്രഹം ബഷീർ (45) , കോരക്കാട്  ഇഷൽ മൻസിൽ അബ്ദുൾ നാസർ (46), താമരശ്ശേരി  ചെമ്പായി  മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

ഈ മാസം 17നാണ് തൊട്ടിൽപ്പാലം സ്വദേശി പാറശ്ശേരി മിത്തൽ റിയാസിനെ തട്ടികൊണ്ടു പോയത്. റിയാസിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച രണ്ടു വാഹനങ്ങൾ സഹിതമാണ് പോലീസ് പിടികൂടിയത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെയാണ്.

സൗദിയിലെ സ്വർണ്ണക്കടത്തു സംഘം സ്വർണ്ണം കടത്തുന്നതിനായി റിയാസിനെ സമീപിച്ചു. സ്വർണം ഇവർ റിയാസിനെ ഏൽപ്പിച്ചുവെങ്കിലും റിയാസ് അത് വിമാനത്താവളത്തിൽ വച്ച് മറ്റൊരു സുഹൃത്തിനെ ഏൽപ്പിച്ചു. തുടർന്ന് കരിപ്പൂരിൽ ഇറങ്ങിയ റിയാസ് ടാക്സിയിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ കാളോത്ത് വച്ച് വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു.

ആറോളം വാഹനങ്ങളിലായി വന്ന സ്വർണ്ണക്കടത്തു സംഘം റിയാസിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചു. 10 ഓളം പേർ ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് റിയാസിനെ മുക്കം ടൗണിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടി സിഐ കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള  സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

തട്ടിക്കൊണ്ടുപോയ സമയത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലു പേർ പിടിയിലായത്. അറസ്റ്റിലായവരിൽ ഫസൽ നേരിട്ട് അക്രമത്തിൽ പങ്കെടുത്തയാളാണ്. മറ്റുള്ളവർ ഫസലിനു സഹായങ്ങൾ നൽകിയവരും.കേസിൽ പ്രതികളായ എട്ടോളം പേരെ ഇനിയും പിടികൂടാനുണ്ട്. സ്വർണ്ണക്കടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാൻ വ്യാജ പ്രതികളെ ഈ സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാക്കാനും ശ്രമമുണ്ടായി. ഇപ്പോൾ പിടിയിലായവരിൽ നിന്നും വ്യാജ പ്രതികൾക്ക് നൽകാനായി സ്വർണ്ണക്കടത്ത് സംഘത്തലവൻ നൽകിയ ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.

ഇവരെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. പിടിയിലായ ബഷീറിന് പിടിച്ചുപറി അടക്കം ആറോളം കേസുകളുണ്ട്. തങ്ക വിഗ്രഹം നിധിയായി ലഭിച്ചു എന്നും അത് വില്പനയ്ക്കായി ആളുകളെ സമീപിച്ച് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ സംഭവുമായി ബന്ധപ്പെട്ട് നിലമ്പൂർ, വണ്ടൂർ, കൽപ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ കേസുകൾ ഉണ്ട്.

പിടിയിലായ ഫസൽ താമരശ്ശേരി ഗവ .ഹോസ്പിറ്റലിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിയാണ്. വിഗ്രഹം ബഷീർ നിരവധിയാളുകളെ നിധിയുടെ പേരിൽ പറ്റിച്ച് ഉണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് ഗുണ്ടൽപേട്ട് ടൗണിൽ ഒരു ആഡംബര റിസോർട്ട് നടത്തിയിരുന്നു. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് റിസോട്ടിൽ സ്ഥിരമായി  വരാറുള്ള സ്വർണ്ണ കടത്തു സംഘവുമായി ബഷീർ സൗഹൃദത്തിലാവുകയും ഇവരുമായി സ്വർണ്ണകടത്തിൽ പങ്കാളിയാവുകയുമായിരുന്നു.

പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. സി.ഐ. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ. വിനോദ് വലിയാറ്റൂർ, എസ്.ഐ. അജിത്ത്, അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട് തുടങ്ങിയവരാണുള്ളത്.
Published by: meera
First published: September 26, 2020, 4:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading