• HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടാഴ്ച്ചക്കുള്ളിൽ രണ്ട് ജില്ലകളിലായി നാല് ഹണിട്രാപ് തട്ടിപ്പുകൾ; ഇരകളായി വ്യാപാരികളും ഡോക്ടറും

രണ്ടാഴ്ച്ചക്കുള്ളിൽ രണ്ട് ജില്ലകളിലായി നാല് ഹണിട്രാപ് തട്ടിപ്പുകൾ; ഇരകളായി വ്യാപാരികളും ഡോക്ടറും

പുറത്തുവരുന്ന പരാതികളുടെയും പിടിക്കപ്പെടുന്ന കേസുകളുടെയും പല മടങ്ങ് തട്ടിപ്പ് അരങ്ങേറുന്നുണ്ടെന്ന് പോലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മധ്യ തിരുവിതാംകൂറില്‍ അരങ്ങേറിയത് നാലു ഹണിട്രാപ്പ് തട്ടിപ്പുകള്‍. വനിതകള്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പു സംഘം മൂന്നിടത്ത് പണം ലക്ഷ്യമാക്കി കെണിയൊരുക്കിയപ്പോള്‍ ഒരിടത്ത് ജീവനെടുക്കാനുള്ള ക്വട്ടേഷന്റെ ഭാഗമായാണ് കെണിയൊരുക്കിയത്.

    കളമശേരി സ്വദേശിയായ ഡോക്ടറാണ് ഏറ്റവുമൊടുവില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയത്. കഴിഞ്ഞ 21 നായിരുന്ന സംഭവം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറെ വസ്തു ഇടപാടിന്റെ കാര്യങ്ങള്‍ സംസാരിയ്ക്കാനെന്ന വ്യാജേനയാണ് ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വരുത്തിയത്. സംസാര മധ്യേ വിളിച്ചുവരുത്തിയ ആള്‍ പുറത്തേക്കിറങ്ങി.

    മുറിയില്‍ പ്രവേശിച്ച മറ്റ് അംഗങ്ങള്‍ തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഡോക്ടറെ കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവസ്ത്രനാക്കി സംഘത്തിലുള്ള വനിതയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വിഡിയോയും എടുത്തു. 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്കു ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കുതറിമാറാന്‍ ശ്രമിച്ച ഡോക്ടറെ സ്ത്രീ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പിച്ചതായും പണം അപഹരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

    കേസില്‍ നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പില്‍ ജംഷാദ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍, നാലാം പ്രതി വിനീഷ് എന്നിവര്‍ ഒളിവിലാണ്.

    കോട്ടയത്ത് സ്വര്‍ണ്ണവ്യാപാരിയെയാണ് ഹണിട്രാപ്പ് സംഘം കുരുക്കിലാക്കിയത്. കാസര്‍കോഡ് സ്വദേശിയായ നൗഷാദായിരുന്ന ഹണിട്രാപ്പിന്റെ മുഖ്യ ആസൂത്രകന്‍. കുഴല്‍പ്പണ ഇടപാടുകാരനായ നൗഷാദ് കോട്ടയത്തെത്തി കുപ്രസിദ്ധ ഗുണ്ടയുമായി സൗഹൃദം സ്ഥാപിക്കുകയും ഹണിട്രാപ്പിനായി കളമൊരുക്കുകയുമായിരുന്നു.

    You may also like:'കള്ളപ്പണം വെളുപ്പിക്കുന്ന ഇടമോ?' ഊരാളുങ്കല്‍ ലേബർ സൊസൈറ്റിക്കെതിരെ കെ. സുരേന്ദ്രൻ

    തന്റെ ഭാര്യയേയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരിയെ കുടുക്കുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപ ഇത്തരത്തില്‍ ചിങ്ങവനം സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരിയില്‍ നിന്നും സംഘം തട്ടിയെടുത്തു. തട്ടിപ്പിന് ഇരയായ സ്വര്‍ണ്ണ വ്യാപാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

    കേസിലെ പ്രതികളിലൊരാളായ കാസര്‍കോട് പടന്ന ഉദിനൂര്‍ അന്‍സാറിന്റെ ഭാര്യ സുമ (30)യുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പ്രതികള്‍ കെണിയ്ക്കായി ഉപയോഗിക്കുകയായിരുന്നു. സുമയ്ക്കൊപ്പം ഇരുത്തിയാണ് സ്വര്‍ണ്ണ വ്യാപാരിയുടെ നഗ്‌നചിത്രം പ്രതികള്‍ പകര്‍ത്തിയതും, ഭീഷണിപ്പെടുത്തിയതും. സുമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയായ പുയ്യാപ്ല നസീറിന്റെ രണ്ടാം ഭാര്യ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ എളംബച്ചി വില്ലേജില്‍ പുത്തന്‍ പുരയില്‍ വീട്ടില്‍ മെഹ്മൂദ് കളപ്പുരക്കല്‍ മകള്‍ ഫസീല (34)യാണ് ഫോണ്‍ ചെയ്തു സ്വര്‍ണ്ണ വ്യാപാരിയെ കുടുക്കിയതെന്നും പോലീസ് കണ്ടെത്തി. ഫസീലയും അറസ്റ്റിലായിട്ടുണ്ട്.

    കോതമംഗലത്ത് ഡി.ടി.പി.സെന്റര്‍ ഉടമയെയാണ് മുന്‍ ജീവനക്കാരി തേന്‍കെണിയില്‍ വീഴ്ത്തിയത്. ലോക്ക്ഡൗൺ കാലത്ത് കടയില്‍ തിരക്കില്ലാത്തതിനാല്‍ ജീവനക്കാരി ജോലി തല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. അങ്കമാലിയില്‍ ഒരു സ്ഥാപനത്തില്‍ ജോലി കിട്ടിയെന്നും അതിന്റെ ചെലവ് ചെയ്യാമെന്നും പറഞ്ഞ് കടയുടമയെ ലോഡ്ജില്‍ വിളിച്ചുവരുത്തിയ ശേഷമാണ് കുടുക്കിയത്.

    വ്യാപാരി എത്തി കുറച്ച് കഴിഞ്ഞപ്പോള്‍ അഞ്ചംഗ സംഘം ലോഡ്ജില്‍ എത്തി യുവതിയുമൊന്നിച്ചുള്ള ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിച്ചു. തുടര്‍ന്ന് കടയുടമയുടെ കൈവശം ഉണ്ടായിരുന്ന എ.ടി.എം. കാര്‍ഡും തട്ടിയെടുത്തു. പിന്നീട് കടമയെയും കൂട്ടി കാറില്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്നു. ഇതിനിടയില്‍ കോട്ടപ്പടിയില്‍ എത്തിയപ്പോള്‍ അശ്വിന്‍ സ്ഥലത്തെ കോളജില്‍ എന്തോ ആവശ്യത്തിനു പോയ സമയത്ത് കടയുടമ മൂത്രമൊഴിക്കാനെന്നു പറഞ്ഞ് കാറില്‍നിന്ന് പുറത്തിറങ്ങി.

    അവിടത്തെ ഒരു സ്റ്റാഫിന്റെ കാല്‍ക്കല്‍ വീണ് സംഭവം വിശദീകരിച്ചു. ഇതോടെ കടയുടമയെ മര്‍ദിച്ച് കാറുമായി മറ്റുള്ളവര്‍ കടന്നു. അശ്വിനെ പിന്നീട് കോട്ടപ്പടി പൊലീസ് പിടികൂടി കോതമംഗലം പൊലീസിന് കൈമാറി. നെല്ലിക്കുഴിയില്‍ എത്തിയപ്പോള്‍ സംഘത്തിലൊരാള്‍ക്കൊപ്പം സ്ഥലംവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആര്യയെ കസ്റ്റഡിയിലെടുത്തത്.

    നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടില്‍ ആര്യ (25), നെല്ലിക്കുഴി സ്വദേശികളായ കാപ്പു ചാല്‍ മുഹമ്മത് യാസിന്‍ (22), പറമ്പില്‍ റിസ്വാന്‍ 21 ) കുറ്റിലഞ്ഞി സ്വദേശികളായകപ്പട കാട്ട് അശ്വിന്‍ (19), കാഞ്ഞിരകുഴി ആസിഫ് (19) സംഭവത്തില്‍ പോലീസ്  പിടിയിലായത്.

    മൂന്നു കേസുകളില്‍ പണത്തിനായാണ് കെണിയൊരുക്കിയതെങ്കില്‍ കൊച്ചിയിലെ മറ്റൊരു സംഭവത്തില്‍ കൊലപാതകത്തിനായാണ് ക്വട്ടേഷന്‍ സംഘം കെണിവെച്ചത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപം കൊല്ലം സ്വദേശി ദിവാകരന്‍ നായരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പ്രതികളാണ് പിടിയിലായത്.

    സഹോദരനുമായുള്ള സ്വത്ത് തര്‍ക്കം തീര്‍ക്കാനായി ബന്ധു നല്‍കിയ ക്വട്ടേഷനായിരുന്നു ഇത്. ക്വൊട്ടേഷന്‍ സംഘാഗമായ 27 കാരന്‍ രാജേഷ് 54 കാരിയായ കാമുകി ഷാനിഫയെ ഹണിട്രാപ്പിനായി നിയോഗിയ്ക്കുകയായിരുന്നു. കൊല്ലം സ്വദേശിനിയായ ഇവര്‍ക്ക് ഭര്‍ത്താവും മുതിര്‍ന്ന മക്കളുമുണ്ട്. ഷാനിഫ ദിവസങ്ങളോളമെടുത്ത് ഫോണില്‍ സംസാരിച്ച് ദിവാകരന്‍ നായരുമായി  അടുത്ത ബന്ധം സ്ഥാപിയ്ക്കുകയായിരുന്നു. ഇതിനു ശേഷം തമ്മില്‍ കാണുന്നതിനായി കൊച്ചിയില്‍ എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൊച്ചിയിലെത്തിയ ദിവാകരന്‍നായരെ രാജേഷും കൂട്ടരും വകവരുത്തിയശേഷം വഴിയിലുപേക്ഷിയ്ക്കുകായിരുന്നു.

    വളരെപ്പെട്ടെന്ന് പണം സമ്പാദിയ്ക്കാനുള്ള മോഹമാണ് സംസ്ഥാനത്ത് ഹണിട്രാപ്പ് തട്ടിപ്പ് വര്‍ദ്ധിയ്ക്കാനുള്ള കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പുകാരില്‍ പലരും ഭാര്യ, കാമുകി അടക്കമുള്ള വനിതകളെയും ഒപ്പം കൂട്ടുന്നു. കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് ഉപജീവന മാര്‍ഗം നിലച്ച, ക്രിമിനല്‍ വാസനയുള്ളവരും മറ്റ് തട്ടിപ്പുകള്‍ക്ക് സാധ്യത കുറഞ്ഞതോടെ തേന്‍കെണിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.

    സമൂഹമാധ്യമങ്ങളിലെ ചാറ്റുകളിലും തുടര്‍ന്ന് ഫോണ്‍കോളുകളിലൂടെയുമാണ് ഹണിട്രാപ്പുകാര്‍ ഇരകളുമായി ബന്ധം സ്ഥാപിയ്ക്കുന്നത്. പിന്നീട് ഫോണ്‍വിളി അടുത്ത ബന്ധമായി വികസിയ്ക്കുന്നതോടെ പലരും കെണിയില്‍ വീഴുകയാണ്. അപകടത്തിന്റെ വ്യാപ്തി മനസിലാക്കും മുമ്പ് കരകയറാനാവാത്ത വിധം പലരും പെട്ടുപോകും. പുറത്തുവരുന്ന പരാതികളുടെയും പിടിക്കപ്പെടുന്ന കേസുകളുടെയും പല മടങ്ങ് തട്ടിപ്പ് അരങ്ങേറുന്നുണ്ടെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന് പൊലീസ് അറിയിച്ചു.

    തട്ടിപ്പു സംഘങ്ങള്‍ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. നേരിട്ട് ബന്ധപ്പെടുന്നതിനപ്പുറം   44, 122 എന്നീ നമ്പറുകളില്‍ നിന്നുള്ള വാട്സ്ആപ് കോളുകളിലൂടെ തട്ടിപ്പുകാര്‍ ബന്ധം സ്ഥാപിയ്ക്കുന്നുവെന്ന് പോലീസ് കണ്ടെത്തുന്നു.
    Published by:Naseeba TC
    First published: