ചെന്നൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ മൂന്നുപേരെ ബന്ധുവായ യുവാവ് തീവെച്ചു കൊന്നു. അക്രമിയായ യുവാവും തീപ്പൊള്ളലേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ കടലൂര്‍ ചേലങ്കുപ്പത്താണ് ക്രൂരത. തമിഴരസി(48), ഇവരുടെ എട്ടുമാസം പ്രായമുള്ള മകൾ, ബന്ധുവിന്‍റെ എട്ടുവയസുള്ള മകൾ എന്നിവരെയാണ് തീവെച്ചു കൊന്നത്. തമിഴരസിയുടെ സഹോദരി ഭർത്താവ് സദ്ഗുരുവാണ് കൊല നടത്തിയത്. സംഭവത്തിനുശേഷം ഇയാളും തീപ്പൊള്ളലേറ്റു മരിച്ചു.
സദ്ഗുരുവും ഭാര്യ ധനലക്ഷ്മിയും തമ്മിൽ ഏറെക്കാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഒരു വർഷം മുമ്പ് ധനലക്ഷ്മി കടലൂരിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ബുധനാഴ്ച സദ്ഗുരു ഇവിടെയെത്തി, ഭാര്യയുമായി വഴക്കുണ്ടാകുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ വീട്ടിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.
50 ശതമാനത്തിലേറെ പൊള്ളലേറ്റ ധനലക്ഷ്മിയും ഇവരുടെ അമ്മയും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ കടലൂർ ഓൾഡ് ടൌൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.