മലപ്പുറം: പോക്സോ കേസില്‍ റിമാന്‍ഡിലായ മലപ്പുറം (Malappuram) നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ വി ശശികുമാറിനെതിരെ നാല് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതിൽ ഒരു പോക്സോ കേസും ഉൾപ്പെടും. മൂന്ന് പരാതികളില്‍ കൂടി കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പൊലീസിന്റെ പുതിയ നീക്കം. പൂര്‍വ വിദ്യാര്‍ഥികൾ നൽകിയ പീഡനപരാതി ആസ്പദമാക്കിയാണ് പുതിയ കേസുകൾ എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച ഒരു പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശമനസരിച്ചാണ് നേരത്തെയുള്ള മൂന്ന് പരാതികളില്‍ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.
അധ്യാപകനായിരിക്കെ കെവി ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പരാതി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2019ല്‍ സ്കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരോപണവുമായി രംഗത്തെത്തി. കെ വി ശശികുമാറിന്റെ അറസ്റ്റ് വൈകിയതിലും പ്രതിഷേധം രൂക്ഷമായിരുന്നു. അതിനിടെയാണ് ശശികുമാർ അറസ്റ്റിലായത്.
മലപ്പുറം നഗഗരസഭ അംഗമായിരുന്ന കെവി ശശികുമാര്‍ കേസെടുത്തതോടെ രാജിവച്ച് ഒളിവില്‍ പോകുകയായിരുന്നു. വയനാട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. മഞ്ചേരി സബ് ജയിലിലാണ് പ്രതി ഇപ്പോഴുള്ളത്. പോക്സോ കേസില്‍ പ്രതിയാതോടെ ശശികുമാറിനെ സിപിഎം അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറത്തെ വിരമിച്ച അധ്യാപകൻ കെ വി ശശികുമാർ റിമാൻഡിൽ
പോക്സോ കേസിൽ (Pocso Case) അറസ്റ്റിലായ മലപ്പുറത്തെ വിരമിച്ച അധ്യാപകനും സിപിഎം (CPM) മുൻ നഗരസഭാ അംഗവുമായിരുന്ന കെ വി ശശികുമാറിനെ (KV Sasikumar) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ രണ്ടാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ആണ് ശശികുമാറിനെ റിമാൻഡ് ചെയ്തത്. എട്ടാം തീയതി മുതൽ വയനാട്ടിൽ ഒളിവിൽ ആയിരുന്ന ശശികുമാർ ഇന്നലെ ആണ് പൊലീസ് പിടിയിലായത്. ഇന്ന് വൈദ്യ പരിശോധനകൾക്ക് ശേഷം ശശികുമാറിനെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കി.
നിലവിൽ ഒരു പരാതി മാത്രമാണ് പൊലീസിന് മുൻപിൽ എത്തിയിട്ടുള്ളത്. അതിൽ ആണ് മൊഴി രേഖപ്പെടുത്തി പോക്സോ ചുമത്തിയിട്ടുള്ളത്. കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അതും അന്വേഷിക്കുമെന്ന് മലപ്പുറം സി ഐ ജോബി തോമസ് പറഞ്ഞു.
ഈ മാസം ഏഴാം തീയതിയാണ് പൊലീസ് കെ വി ശശി കുമാറിനെതിരെ പോക്സോ കേസ് ചുമത്തിയത്. അതിന് പിന്നാലെയാണ് ശശികുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വയനാട്ടിലേക്ക് കടന്നത്. മുത്തങ്ങ അതിർത്തിയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് മലപ്പുറം സിഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘം പ്രതിയെ പിടികൂടിയത്.
Also Read-
മരപ്പണിക്കാരായി കൊച്ചിയില്‍ വീടെടുത്തു; 92 കിലോ ചന്ദനവുമായി അഞ്ചു പേര് അറസ്റ്റില്‍
30 വർഷത്തെ സർവീസിൽ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അതീവ ഗുരുതരമായ ആരോപണമാണ് അധ്യാപകൻ ആയിരുന്ന ശശികുമാറിനെതിരെ ഉയർന്നിരിക്കുന്നത്. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്കൂൾ മാനേജ്മെൻ്റ് അധ്യാപകനെ സംരക്ഷിച്ചു എന്ന പരാതിയാണ് മുൻ വിദ്യാർഥികളുടെ കൂട്ടായ്മ ഉന്നയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.