കണ്ണൂർ: തലശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ നാലു പേർ പിടിയിൽ. ടെമ്പിൾഗേറ്റ് കുനിയിൽ ഹൗസിൽ കെ ശരത്ത് (32), നങ്ങാറത്ത് പീടിക ശിവദം ഹൗസിൽ ടി കെ വികാസ് (43), ടെമ്പിൾഗേറ്റ് ജനീഷ് നിവാസിൽ ടി ജനീഷ് (31), പതിയിൽ ഹൗസിൽ വി എം അഭിജിത്ത് (29) എന്നിവരാണ് അറസ്റ്റിലായത്.
ഗുഡ്സ് ഓട്ടോ ഡ്രൈവർ പൊന്ന്യം കുണ്ടുചിറ കുനിയിൽ സി ഷാജിയെ(49) യാണ് സംഘം തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടിൽ തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത് എന്നാണ് പോലീസ് കരുതുന്നത്.
തലശ്ശേരി പോലീസ് ഇൻസ്പെക്ടർ എം വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിക്കേറ്റ ഷാജിയെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഗുഡ്സ് ഓട്ടോ സാധനങ്ങൾ കടത്താൻ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് പ്രതികൾ ഷാജി വിളിച്ചുവരുത്തിയത്. കൂത്തുപറമ്പിലേക്ക് മോട്ടോർ കൊണ്ടു പോകാൻ ഉണ്ടെന്നും അതിന് വാഹനം ആവശ്യമാണ് എന്നുമാണ് പ്രതികൾ ഷാജിയെ ധരിപ്പിച്ചത്.
പിന്നീട് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും മൈസൂരിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. ബന്ധുവായ യുവതിയുമായി ചിലർക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ഷാജിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിന് വ്യക്തമായിട്ടുള്ളത്. ഇടപാടുകാർ നൽകിയ പരാതിയിൽ കഴിഞ്ഞദിവസം യുവതിയെ പോലീസ് വിളിപ്പിച്ചിരുന്നു.
ഷാജിയെ തട്ടി കൊണ്ടു പോകുന്നത് കണ്ട നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ബ്ലേഡ് മാഫിയാ സംഘം മകനെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് അമ്മ സരോജിനിയും പൊലിസിൽ പരാതി നൽകി. ഷാജിയുടെ ബന്ധുവായ യുവതിയെ പ്രതികൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
എരഞ്ഞോളി പാലത്തിനു സമീപമുള്ള കോത്തപ്പാറ റോഡിൽ നിന്നും ഷാജിയുടെ ഓട്ടോറിക്ഷയും ഫോണും പഴ്സും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിനിടയിൽ ഷാജി തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല എന്നും സ്വമേധയാൽ സംഘത്തോടൊപ്പം പോയതാണെന്നും പോലീസിനെ വിളിച്ച് അറിയിച്ചു. എന്നാൽ ഇത് നാലംഗ സംഘത്തിന്റെ സമ്മർദ്ദം മൂലമാണ് സംശയത്തിലായിരുന്നു പൊലീസ്. ഉടനെ സ്റ്റേഷനിലെത്താൻ പോലീസ് നിർദേശിച്ചെങ്കിലും ഷാജി എത്താതിരുന്നത് സംശയം ബലപ്പെടുത്തി.
മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് പ്രതികൾ മൈസൂരിൽ ആണെന്ന് വ്യക്തമായി. തുടർന്നാണ് പോലീസ് സംഘം കർണാടകം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഒടുവിൽ കിളിയന്തറ ചെക്‌പോസ്റ്റിൽനിന്നാണ് ശനിയാഴ്ച രാത്രി പോലീസ് പ്രതികളെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇൻസ്പെക്ടർ എം വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abduction case, Kannur, Thalassery