തിരുവനന്തപുരം: നഗരത്തിൽ 100 കിലോ കഞ്ചാവുമായി നാലുപേരെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. കരുമടo സ്വദേശി രതീഷ് , വിഷ്ണു, അഖിൽ , തിരുവല്ലം മേനിലo സ്വദേശി രതീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീയെയും കുട്ടികളെയും മറയാക്കി വാടകയ്ക്കെടുത്ത കാറിലായിരുന്നു കഞ്ചാവ് കടത്ത്. ആന്ധ്രയിലെ വിജയവാഡയിൽനിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
തമിഴ്നാട് അതിർത്തി കടന്ന് വരുന്ന വാഹനത്തിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്. കഴിഞ്ഞ തിങ്കളാഴ്ച കുടുംബത്തോടൊപ്പം കന്യാകുമാരിയിലേക്ക് യാത്ര പോകാനെന്ന വ്യാജേനയാണ് ഇവർ കാർ വാടകയ്ക്കെടുത്തത്. കാറിൽ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നു. ഇതിലൂടെ കാറിന്റെ ഉടമ കാർ പോകുന്ന വഴി മനസ്സിലാക്കി. സംശയം തോന്നിയതിനെ തുടർന്ന് എക്സൈസിനെ വിവരം അറിയിച്ചു. തുടർന്ന് എക്സൈസ് സംഘം കാറിനെ പിന്തുടർന്നു.
Also read- ആലുവയിൽ കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്ത യുവാക്കൾക്ക് ക്രൂരമർദനം
കണ്ണേറ്റുമുക്കിൽ ഭക്ഷണം കഴിക്കാനായി കാർ നിർത്തിയ ഉടനെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയും രണ്ടുകുട്ടികളും കടന്നുകളഞ്ഞു. പ്രതികളിൽ ഒരാളുടെ ഭാര്യയും കുട്ടികളുമാണ് കൂടെയുണ്ടായിരുന്നതെന്നാണ് സൂചന. എക്സൈസ് സംഘം വാഹനത്തിനടുത്തേക്ക് എത്തുന്നുവെന്ന് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Ganja seized, Thiruvananthapuram