• HOME
 • »
 • NEWS
 • »
 • crime
 • »
 • Cannabis | പത്തനംതിട്ടയിൽ കഞ്ചാവ് പിടികൂടി; രണ്ടു സ്ത്രീകൾ ഉൾപ്പടെ നാലുപേർ അറസ്റ്റിൽ

Cannabis | പത്തനംതിട്ടയിൽ കഞ്ചാവ് പിടികൂടി; രണ്ടു സ്ത്രീകൾ ഉൾപ്പടെ നാലുപേർ അറസ്റ്റിൽ

അടൂർ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്

 • Last Updated :
 • Share this:
  പത്തനംതിട്ട: ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. രണ്ട് സ്ത്രീകൾ ഉൾപ്പടെയാണ് നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. താമരക്കുളം ചാവടികാഞ്ഞിരവിള അൻസില മൻസിൽ എ. അൻസില(25), പറക്കോട് മറ്റത്ത് കിഴക്കേതിൽ സാബു (34), അടൂർ പെരിങ്ങനാട് പന്നിവേലിക്കൽ കരിങ്കറ്റിക്കൽ വീട്ടിൽ കെ.പി ഷൈൻ(27), ആലപ്പുഴ തകഴി പുത്തൻപുരയിൽ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്.

  അടൂർ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവർ താമസിച്ചിരുന്ന രണ്ടു മുറികളിൽനിന്നായി 30 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

  എക്സൈസ് സി.ഐ കെ.പി മോഹനൻ, ഇൻസ്പെക്ടർ ബിജു എം ബേബി, പ്രിവന്‍റീവ് ഓഫീസർമാരായ വി കെ രാജീവ്, മാത്യു ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

  മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് മുങ്ങി; ഭാര്യയെക്കൊണ്ട് വിളിപ്പിച്ചപ്പോൾ തിരിച്ചെത്തി

  മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. പിന്നീട് ഭാര്യയെക്കൊണ്ടി വിളിപ്പിച്ചതോടെ പ്രതി തിരിച്ചെത്തുകയായിരുന്നു. പത്തനംതിട്ടയിലാണ് സംഭവം. പൂങ്കാവിലെ ഡിവൈഎഫ്ഐ നേതാവ് കൂടിയായ ആളാണ് കുടുംബവഴക്കിനെ തുടർന്ന് കസ്റ്റഡിയിലായത്. പിതാവിനെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ മൂന്ന് മണിയോടെയാണ് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ പ്രതി ഓടിരക്ഷപെട്ടത്.

  അടിപിടി കേസായതിനാൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിൽ ഇട്ടില്ല. പാറാവുകാരൻ കാണുംവിധം ഇടനാഴിയിലെ ബെഞ്ചിൽ ഇരുത്തുകയാണ് ചെയ്തത്. പുലർച്ചെ മൂന്ന് മണിയോടെ, മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ഇയാൾ കടന്നുകളയുകയായിരുന്നു. ഏറെ സമയമായിട്ടും ഇയാളെ കാണാതായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പത്തനംതിട്ട നഗരത്തിൽ അരിച്ചുപെറുക്കിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

  നേരം പുലർന്നതോടെ സ്റ്റേഷൻ ചുമതലയുള്ള ഓഫീസർമാർ സ്ഥലത്തെത്തുകയും പ്രതിയുടെ ഭാര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയുമായിരുന്നു. ഭാര്യയെക്കൊണ്ടു വിളിപ്പിച്ചതോടെയാണ് പ്രതി തിരിച്ചെത്താൻ തയ്യാറായത്. രാവിലെ ഏഴരയോടെ ഇയാൾ സ്റ്റേഷനിൽ ഹാജരായി. തുടർന്ന് താക്കീത് നൽകിയശേഷം ഭാര്യയുടെ ജാമ്യത്തിൽ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ചാടിപ്പോയതിന് പ്രത്യേക കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

  മതിലും ഗേറ്റും തകർത്ത് കിടപ്പുമുറിയിലേക്ക് കാർ ഇടിച്ചുകയറി; രക്ഷാപ്രവർത്തനത്തിനെത്തിയ ഗൃഹനാഥന് യാത്രക്കാരുടെ വക മർദ്ദനവും

  നിയന്ത്രണം വിട്ട കാര്‍ ഗേറ്റും ചുറ്റുമതിലും തകര്‍ത്ത് വീട്ടിലെ കിടപ്പുമുറിയിലേക്ക് ഇടിച്ചു കയറി. കിടപ്പുമുറിയുടെ ചുവരിന് തകരാർ സംഭവിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ എഴുകോണിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് കാർ ബാബുരാജൻ എന്നയാളുടെ സൗപര്‍ണ്ണിക എന്ന വീട്ടിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഇടയ്ക്കിടം സ്വദേശികളായ ഗിരീഷ്, കിരണ്‍, പോച്ചംകോണം സ്വദേശി ഷിജു എന്നിവർക്ക് നിസാരമായ പരിക്കുകൾ സംഭവിച്ചു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ ബാബുരാജൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചപ്പോൾ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചതായി പരാതിയുണ്ട്. ഇവർ മദ്യപിച്ചിരുന്നതായും ബാബുരാജൻ പറയുന്നു. സംഭവത്തിൽ എഴുകോൺ പൊലീസിൽ പരാതി നൽകിയതായും ഇദ്ദേഹം പറഞ്ഞു.

  ദേശീയപാതയിൽ എഴുകോൺ രണ്ടാലുംമുക്ക് കാരുണ്യ നഗറില്‍ ബിവറേജസ് ഷോപ്പിന് സമീപത്താണ് ഈ വീട്. വീടിന് മുന്നിൽ പലചരക്ക് കട നടത്തുന്നയാളാണ് ബാബുരാജൻ. ഞായറാഴ്ച രാത്രി കട അടച്ചശേഷം വീട്ടിലേക്ക് വന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. ഈ സമയം ബാബുരാജനും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാബുരാജന്‍റെ മകൾ കിടപ്പുമുറിയിലായിരുന്നു. വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കുന്നത്. ഈ സമയം കാർ വീടിന്‍റെ ഭിത്തിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

  Also Read- തൃശൂരിലെ ബാറിൽ യുവാവിനെ കുത്തിക്കൊന്നു; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ; ഏഴുപേർ അറസ്റ്റിൽ

  വീട്ടുടമ ഓടിയെത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ ആക്രോശത്തോടെയാണ് എതിരേറ്റത്. തെറിവിളിച്ചുകൊണ്ട് ബാബുരാജനെ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ഓടിയെത്തിയ നാട്ടുകാർ ഇടപെട്ടതോടെ സ്ഥലത്ത് കൈയ്യാങ്കളിയുണ്ടായി. പിന്നീട് സ്ഥലത്തെത്തിയ എഴുകോൺ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു കാറിലുണ്ടായിരുന്നവർ എന്നാണ് സൂചന.
  Published by:Anuraj GR
  First published: