ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണ്ണം പിടിച്ചതായി റിപ്പോർട്ട്. ഏപ്രിൽ 30 നാണ് ഗുജറാത്തിലെ സൂറത്തിലെ വിമാനത്താവളത്തിന് സമീപത്ത് നിന്ന് 4.3 കോടി രൂപ വിലമതിക്കുന്ന 7.15 കിലോഗ്രാം സ്വർണവുമായി നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായിൽ നിന്നുള്ള വിമാനത്തിൽ അനധികൃതമായി കൊണ്ടുവന്നതാണ് ഈ സ്വർണമെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഒരു കാർ തടഞ്ഞ് നടത്തിയ പരിശോധനയെ തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും പിടികൂടിയതെന്ന് സൂറത്ത് പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) പറഞ്ഞു.
ഫെനിൽ മവാനി (27), നീരവ് ദബാരിയ (27), ഉമേഷ് ലഖോ (34), സാവൻ റഖോലിയ (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രണ്ടുപേരുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. സ്വർണ്ണം പേസ്റ്റ് രൂപത്തിലായിരുന്നു. അത് പ്രതികൾ പശയുള്ള ടേപ്പ് ഉപയോഗിച്ചു അടിവസ്ത്രത്തിൽ ഒട്ടിച്ച് വച്ച നിലയിലായിരുന്നു എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വിമാനത്താവളത്തിനകത്തെ ഇമിഗ്രേഷൻ സെക്യൂരിറ്റി പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് കള്ളക്കടത്തുകാർക്കും സാധിച്ചു. ഈ രീതി ഉപയോഗിച്ചാണ് വിമാനത്താവളത്തിനകത്തും ഇവർ സ്വർണം ഒളിപ്പിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നിർദേശപ്രകാരമാണ് ഇവർ സ്വർണം കടത്തിയത്. ദുബായിൽ നിന്നുള്ള ഒരാളെകൂടി കേസിൽ പിടികിട്ടാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Gold Smuggling Case