ഇടുക്കി: നാലു സഹോദരിമാർ ചേർന്ന് അയൽവാസിയായ യുവാവിനെ വളഞ്ഞിട്ടു തല്ലി തലപൊട്ടിച്ചതായി പരാതി. ഇടുക്കി മറയൂരിലാണ് സംഭവം. കാപ്പിക്കമ്പ് കൊണ്ട് തലയ്ക്കടിയേറ്റ മറയൂർ സ്വദേശി മോഹൻരാജിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിർത്തി തർക്കത്തിന്റെ പേരിലാണ് യുവതികൾ മോഹൻരാജിനെ ആക്രമിച്ചത്. സംഭവത്തിൽ സഹോദരിമാരായ നാലുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
മറയൂർ സ്വദേശിനികളും സഹോദരിമാരുമായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ കേസെടുത്തതായും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഹൻരാജിനെ യുവതികൾ ആക്രമിച്ചത്. യുവതികളുടെ കുടുംബവുമായി അയല്‍പ്പക്കത്ത് താമസിക്കുന്ന വീട്ടുകാർ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ ഇവിടെ കമ്പിവേലി കെട്ടാൻ ശ്രമിച്ചത് പ്രശ്നം രൂക്ഷമാക്കുകയും കേസ് കോടതിയിലേക്ക് നീളുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന് സ്ഥലം അളന്ന് പോയതിന് പിന്നാലെയാണ് വീണ്ടും പ്രശ്നം ഉണ്ടായത്.
അയല്‍വാസികളും യുവതികളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങളെ നയിച്ചത്. കമ്മീഷനെ വാഹനത്തിൽ കൊണ്ടുവന്നതിന്റെ ദേഷ്യത്തിലാണ് യുവതികൾ മോഹൻരാജിനെ ആക്രമിച്ചത്. കാപ്പിക്കമ്പ് കൊണ്ടുള്ള ആക്രമണത്തിൽ മോഹൻരാജിന്റെ തലയ്ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാര്യയുടെ വസ്ത്രങ്ങൾ കീറിയെറിഞ്ഞ ശേഷം മർദ്ദിച്ചയാൾ അറസ്റ്റിൽ
യുവതിയുടെ വസ്ത്രങ്ങൾ കീറിയെറിഞ്ഞ ശേഷം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ സ്വദേശി അൻസിലാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സുബിനയെയാണ് കഴിഞ്ഞ ദിവസം രാത്രി അകാരണമായി മർദിച്ചത്. സുബിനയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിനയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും നിലത്ത് തള്ളിയിട്ട് മർദിക്കുകയുമായിരുന്നു.
Also Read-
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം
കുട്ടികളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെത്തി അൻസിലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ മർദനം തുടരുകയായിരുന്നു. അതിനിടെ സുബിന അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെയെത്തിയും മർദ്ദനം തുടർന്നതായി പരാതിയിൽ പറയുന്നു. വിദേശത്ത് ജോലിയുണ്ടായിരുന്ന അൻസിൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. യുവതിയുടെ പരാതിയിൽ അൻസിലിനെതിരെ കേസെടുത്തു. പത്തുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് മുമ്പും ഇയാൾക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ അൻസിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നെയ്യാറ്റിൻകരയിൽ യുവാവിനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം; അക്രമി ഓടിരക്ഷപ്പെട്ടു
നെയ്യാറ്റിൻകര പുതിയകുളങ്ങരയിൽ യുവാവിനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം. കിണർ കുഴിയ്ക്കുന്നതിനിടെയാണ് ഉദിയൻകുളങ്ങര പാർക്ക് ജംഗ്ഷൻ സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമിച്ച ശേഷം പ്രതി ഉദിയൻകുളങ്ങര സ്വദേശി ബിനു ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.
ബിനുവിൻ്റെ വീട്ടിൽ കിണർ കുഴിച്ചത് സുഹൃത്തായ സാബുവായിരുന്നു. എന്നാൽ കൂലിയുടെ പേരിൽ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്നലെ വൈകിട്ടും ഇരുവരും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് ഇന്ന് രാവിലെ ബിനു കരുതിക്കൂട്ടി ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം 10 കിലോ ഭാരമുള്ള കല്ലെടുത്താണ് സാബുവിനെ എറിഞ്ഞത്.
സംഭവസമയം സാബുവിന് ഒപ്പം ഭുവനചന്ദ്രൻ എന്ന തൊഴിലാളിയും കിണറ്റിൽ ഉണ്ടായിരുന്നു. പാറശ്ശാലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് സാബുവിനെ പുറത്തെടുത്തത്. പരുക്കേറ്റ സാബുവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട ബിനുവിനായുള്ള തിരച്ചിൽ തുടരുന്നതായി പാറശാല പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.