• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso| പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നാല് യുവാക്കൾ അറസ്റ്റിൽ

Pocso| പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നാല് യുവാക്കൾ അറസ്റ്റിൽ

പീഡനത്തിനിരയായ പെണ്‍കുട്ടി അടുത്തിടെ ഗര്‍ഭിണിയായി. ഇക്കാര്യം 17 കാരി യുവാക്കളെ അറിയിച്ചതോടെ ഇവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

  • Share this:
    ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (Minor Girl) പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഉപ്പുതറ (Upputhara) ലോൺട്രി കടുവിനാൽ അഖില്‍ രാധാകൃഷ്ണന്‍, വൃന്ദാവനിൽ അനന്തുരാജന്‍, കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേൽ വിഷ്ണു ബിജു, കരിന്തരുവി കാപ്പിക്കാട് ലയത്തിൽ കിരണ്‍ വനരാജന്‍ എന്നിവരെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്.

    2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രതികള്‍ 17 കാരിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

    പീഡനത്തിനിരയായ പെണ്‍കുട്ടി അടുത്തിടെ ഗര്‍ഭിണിയായി. ഇക്കാര്യം 17 കാരി യുവാക്കളെ അറിയിച്ചതോടെ ഇവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ നാലുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉപ്പുതറ സി ഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

    എട്ടാംക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകന് 9 വർഷം തടവ്

    പോക്സോ കേസില്‍ പ്രതിയായ സ്‌കൂള്‍ അധ്യാപകനെ വിവിധ വകുപ്പുകളിലായി ഒൻപതു വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴയടയ്ക്കുന്നതിനും തൃശൂര്‍ അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു. പാലക്കാട് ചിറ്റൂര്‍ കടമ്പിടി രഘുനന്ദനെ(58) യാണ് ജഡ്ജി ബിന്ദു സുധാകരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയടക്കുന്ന തുക അതിജീവിതക്ക് നൽകാനും ഉത്തരവായി. പിഴയടക്കാത്ത പക്ഷം അഞ്ചുമാസം അധികത്തടവ്‌ അനുഭവിക്കണം.

    2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസുകാരിയോട് മെസ് ഹാളിലും വരാന്തയിലുംവെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. കൂട്ടുകാരിയുടെ സഹായത്തോടെയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. വിചാരണയ്ക്കിടെ കൂട്ടുകാരിയായ സാക്ഷി പ്രതിഭാഗത്ത് ചേര്‍ന്നു. എങ്കിലും പ്രോസിക്യൂഷൻ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കപ്പെടുകയായിരുന്നു.

    അതിജീവിതയുടെ മൊഴിയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കു മുന്നിലും മാതൃകയാകേണ്ട അധ്യാപകനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റകൃത്യമാണിതെന്നും പ്രതിയുടെ അഭ്യര്‍ഥന പരിഗണിച്ച് ശിക്ഷ ലഘൂകരിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.

    പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍, എസ് ഐ പി കെ ദാസ് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി അജയ്കുമാര്‍ ഹാജരായി.
    Published by:Rajesh V
    First published: