കോഴിക്കോട്: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് വീണ്ടും പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. വടകര റൂറല്‍ എസ് പി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ രണ്ട് തവണ വളയം കിഴക്കേച്ചാലില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ഡിവൈഎസ്പി ഷാജ് സി ജോസും പ്രദേശം സന്ദര്‍ശിച്ചു.
രതീഷിന്റെ ആന്തരിക അവയവങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വടകര റൂറല്‍ എസ് പി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ വടകര റൂറല്‍ എസ് പി ശ്രീനിവാസ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് സി ജോസ് എന്നിവര്‍ വളയം കിഴക്കേചാലില്‍ രതീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും പരിശോധന നടത്തി.
വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെ വളയം കിഴക്കേചാലില്‍ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ രതീഷിനെ കണ്ടെത്തുകയായിരുന്നു. രതീഷിന്റെ ആന്തരിക അവയങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയില്‍ കിഴക്കേച്ചാലില്‍ പൊലീസ് സംഘം പരിശോധന നടത്തി. തുടര്‍ന്നാണ് വടകര റൂറല്‍ എസ്പി എസ് ശ്രീനിവാസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയെടുത്തത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് സി ജോസ് വളയം കിഴക്കേചാലില്‍ പരിശോധന നടത്തിയതിന് പിന്നാലെ റൂറല്‍ എസ് പിയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം രതീഷ് വളയത്തെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെയാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read-
പാനൂർ വധക്കേസ് പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
തെരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റതാണോ രതീഷിനെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുക്കില്‍പ്പീടികയില്‍ വച്ച് മൻസൂറിനെയും മുഹസിനെയും ബോംബെറിഞ്ഞ് വെട്ടിയ ശേഷം ഒളിവില്‍പോയ രതീഷ് വളയത്തെ പാര്‍ട്ടി ഗ്രാമത്തില്‍ കഴിയുകയായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെക്യാട് നിന്ന് മണ്‍പാതയിലൂടെ കിലോമീറ്ററോളം നടന്ന് കിഴക്കെചാലിലെത്തി തൂങ്ങിമരിച്ചതാണോയെന്ന സംശയം പൊലീസിനുണ്ട്. അന്വേഷണം തുടരുകയാണെന്നും ഇപ്പോഴൊന്നും പറയാന്‍ കഴിയില്ലെന്നും വടകര എസ് പി പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിനത്തില്‍ പാനൂരില്‍ മന്‍സൂര്‍ ആക്രമിക്കപ്പെട്ടതിന് ശേഷം നാട്ടുകാര്‍ പിടികൂടിയത് സിപിഎം പ്രവര്ത്തകന് ഷിനോസിനായിരുന്നു. മന്സൂറിനെയും മുഹസിനെയും ആക്രമിച്ചശേഷമാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ഷിനോസിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ദുരൂഹസാഹചര്യത്തില്‍ മരിച്ച രതീഷ് ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍തന്നെ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. രതീഷിനും കൂടെയുണ്ടായിരുന്നവര്‍ക്കും സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ദുരൂഹസാഹചര്യത്തില്‍ വളയത്ത് കണ്ടെത്തിയ രതീഷിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു.
രതീഷിന്റെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. മന്‍സൂര്‍ കൊല്ലപ്പെട്ടതിന് ശേഷം രതീഷും സംഘത്തിലെ രണ്ട് പേരും വളയത്തെ പാര്‍ട്ടിഗ്രാമത്തില്‍ ഒളിവിലായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പിന്നീടാണ് കിഴക്കേച്ചാലിലെ പറമ്പില്‍ രതീഷിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ മൂക്കിലും വായിലും ഉള്‍പ്പെടെ ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുള്ളത്. രതീഷിനൊപ്പം ഒളിവിലായ മറ്റ് രണ്ട് പേര്‍ക്കായുള്ള അന്വേഷണവും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവര്‍ വളയത്തെത്തന്നെ പാര്‍ട്ടിഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.