ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവും പിടികൂടി. റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആര് പി എഫ് പിടികൂടിയ യുവാവില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. കേസില്‍ മലപ്പുറം തിരൂര്‍ സ്വദേശി മുസ്തഫയെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.
കഞ്ചാവും ഹാഷിഷ് ഓയിലും ബാഗില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. കഞ്ചാവ് നാലു പാക്കറ്റുകളിലും ഹാഷിഷ് ഓയില്‍ ഒരു പാക്കറ്റിലുമാണ് ഉണ്ടായിരുന്നത്. ആന്ധ്രയില്‍ നിന്നും തിരൂരിലേക്ക് കടത്താനായിരുന്നു ശ്രമം. ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടി വിലവരുമെന്ന് ആര് പി എഫ് വ്യക്തമാക്കി. കഞ്ചാവിന് രണ്ടു ലക്ഷം രൂപ കണക്കാക്കുന്നു. പ്രതിയെ തുടര്‍നടപടികള്‍ക്കായി ഒറ്റപ്പാലം എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി.
ആര്‍പിഎഫ് പോസ്റ്റ്കമാണ്ടര് മനോജ്കുമാര്‍ യാദവ്, എ എസ് ഐ വി. ബാലകൃഷ്ണന്, പി തിലീപ്കുമാര്, രാമകൃഷ്ണന് തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്കി. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ കഞ്ചാവും സ്വര്‍ണവും പിടികൂടിയിരുന്നു. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ലഹരി വസ്തുക്കളും സ്വര്‍ണവും പിടികൂടിയത്. ഇന്നലെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുപ്പത്തിനാലര ലക്ഷം രൂപയുടെ കുഴല്‍പ്പണവും പിടികൂടിയിരുന്നു. സ്റ്റേഷനിലെത്തിയ ബെംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
കേസില്‍ മൈസൂര്‍ സ്വദേശി സുനില്‍ വിജയിന് എന്നയാളെ പരിശോധനാ സംഘം അറസ്റ്റ് ചെയ്തു. പണം ബാഗില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ബെംഗളരൂവില്‍ നിന്നും എറണാകുളത്തേക്കാണ് പണം കൊണ്ടുപോയിരുന്നതെന്ന് ആര്‍പിഎഫ് വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് ട്രെയിനുകളില്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ രോഹിത് കുമാര്‍, എസ് ഐ മാരായ അന്‍ഷാദ്, സുനില്‍, ജയപ്രകാശ്, എ എസ് ഐ മാരായ സജി അഗസ്റ്റിന്, സജു തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്കി.
രണ്ടു ദിവസം മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരക്കിലോ സ്വര്‍ണവും പിടികൂടിയിരുന്നു. കേരള എക്സ്പ്രസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത് രഹസ്യവിവരത്തെ തുടര്‍ന്ന് ആര് പി എഫ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടിയത്. സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശിയായ സുധാകര്‍ ദാമോദറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് കസ്റ്റംസിന് കൈമാറി.
100 ഗ്രാം വരുന്ന 5 ബിസ്ക്കറ്റുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം തൃശ്ശൂരിലെ ജ്വല്ലറിയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് സുധാകര്‍ മൊഴി നല്കി. ആര്‍പിഎഫ് കസ്റ്റഡിയിലെടുത്ത പ്രതിയേയും ബിസ്ക്കറ്റുകളും കസ്റ്റംസിന് കൈമാറി, സംഭവത്തില്‍ തൃശ്ശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.