തിരുവനന്തപുരം: പുതിയതായി റിപ്പോർട്ട് ചെയ്ത ഓൺലൈൻ തട്ടിപ്പിൽ തലസ്ഥാന നഗരിയിലെ യുവതിക്ക് നഷ്ടമായത് ഒമ്പത് ലക്ഷം രൂപ. മാട്രിമോണിയിൽ സൈറ്റിൽ വിവാഹ പരസ്യത്തിനായി നൽകിയ മൊബൈൽ നമ്പരും, ഇമെയിൽ ഐഡിയും ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. യു കെ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ ബോളിവുഡ് നടനെ പോലെ തോന്നിപ്പിക്കുന്ന ഫോട്ടോയാണ് പ്രൊഫൈലിയായി നൽകിയിരുന്നത്. യുവതിയെ ഓൺലൈനായി സമീപിച്ച് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ ഫേസ്ബുക്ക് മെസഞ്ചർ വഴി ഇരുവരും ചാറ്റിങ്ങ് തുടങ്ങി. ഇവരുടെ ബന്ധം പ്രണയമായി വളർന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വിവാഹാലോചനയ്ക്ക് വീട്ടുകാര്‍ വഴി ബന്ധപ്പെടാമെന്ന് യുവതി അറിയിച്ചു. എന്നാൽ അതിനു മുമ്പ് നേരിൽ കാണണെന്നും യു കെയിൽ നിന്ന് തന്റെ കമ്പനിയില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്ഹിയിലെത്താമെന്നും യുവാവ് പറഞ്ഞു.
Also Read-
മകൾക്ക് മുന്നിൽ നഗ്നത പ്രദർശനം; മകൾ FB live ഇട്ടു; പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു
ഡൽഹിയിൽ എത്തുമ്പോൾ ഡയമണ്ട് ഉൾപ്പടെ വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകാമെന്ന് യുവാവ് വാഗ്ദാനം ചെയ്തു. യുവതിയെ കാണാന്‍ ഡല്‍ഹിയ്ക്ക് തിരിച്ചതായി ഇയാള്‍ പറഞ്ഞതിന് അടുത്ത ദിവസം യുവതിയെ തേടി ഒരു ഫോൺ വിളി എത്തി. അറിയാത്ത നമ്പർ പരിശോധിച്ചപ്പോൾ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നാണെന്ന് മൊബൈൽ ആപ്പിൽ കാണിച്ചു. യു.കെയില്‍ നിന്നെത്തിയ സുഹൃത്തിനെ വിലയേറിയ ഡയമണ്ടുകളും ഗിഫ്റ്റുകളും സഹിതം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ തടഞ്ഞു വെച്ചിരിക്കുന്നു എന്നായിരുന്നു സന്ദേശം. ഇയാളെ മോചിപ്പിക്കാന്‍ ആറു ലക്ഷത്തോളം രൂപ ഉടന്‍ നല്‍കണമെന്നും അറിയിച്ചു. ഉടൻ തന്നെ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും ആറുലക്ഷത്തോളം രൂപ കടം വാങ്ങി ഫോൺ സന്ദേശത്തിൽ ലഭിച്ച അക്കൗണ്ട് നമ്പരില്‍ യുവതി അയച്ചുകൊടുത്തു.
അതിന് പിന്നാലെ യുവാവിന്റെ ഫോൺ കോൾ യുവതിക്ക് ലഭിച്ചു. പണം അയച്ച പണം ഗിഫ്റ്റുകളുടെ നികുതി ഇനത്തില്‍ അടച്ചതായുംജാമ്യത്തിനും മറ്റുമായി മൂന്നു ലക്ഷംരൂപകൂടി വേണമെന്ന് യുവാവ് അറിയിച്ചു. ഇതോടെ മൂന്നു ലക്ഷം രൂപ കൂടി സംഘടിപ്പിച്ചു യുവതി കൈമാറി. ഈ പണം കൂടി ലഭിച്ചതോടെ പിന്നീട് യുവാവിനെ ഫോണിൽ വിളിച്ചാൽ കിട്ടാതെയായി. വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് യുവതിക്ക് ബോധ്യമായത്.
ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പൊലീസ് പറയുന്നു. ബ്രിട്ടനിൽ താമസിക്കുന്നയാളെന്ന് പരിചയപ്പെടുത്തിയ മറ്റൊരാളുടെ തട്ടിപ്പിനും സംസ്ഥാനത്ത് ഒരു യുവതി ഇരയായി. ബ്രിട്ടനില്‍ കോടികളുടെ സ്വത്തുക്കള്‍ക്ക് ഉടമയാണെന്നു വിശ്വസിപ്പിച്ചു. ഇയാളും യുവതിയെ കാണാനായി കൊണ്ടുവന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ വിമാനത്താവളത്തിൽ പിടിച്ചുവെച്ചുവെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയത്. പേരില്‍ യുവതിയെ വലയിലാക്കിയ ഇയാളും യുവതിക്ക് കൊണ്ടുവന്ന ഗിഫ്റ്റുകള്‍ എയര്‍പോര്‍ട്ടില്‍ പിടിച്ചുവച്ചെന്ന കള്ളം പറഞ്ഞാണ് ലക്ഷങ്ങള്‍ തട്ടിയത്. ഒ എൽ എക്സിൽ ഫർണീച്ചർ വിൽക്കാൻ ശ്രമിച്ച മറ്റൊരു യുവതിക്കും ലക്ഷണങ്ങൾ നഷ്ടമായ സംഭവം സംസ്ഥാനത്ത് ഉണ്ടായി. നാലായിരം രൂപ വിലവരുന്ന കസേര ഒ.എല്‍.എക്സ് വഴി വിറ്റഴിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
ഉത്തരേന്ത്യൻ നഗരങ്ങളിൽ തമ്പടിക്കുന്ന ആഫ്രിക്കൻ വംശജരാണ് ഓൺലൈൻ തട്ടിപ്പുകൾക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കേരളം വിട്ടുള്ള അന്വേഷണം ഫലപ്രദമാകാത്തതുകൊണ്ട് പലപ്പോഴും തട്ടിപ്പുകാർ രക്ഷപെട്ടു പോകുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം തട്ടിപ്പുകാരെ കണ്ടെത്താനുള്ള അന്വേഷണം സൈബർ സെല്ലിന്റെ സഹായത്തോടെ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.