മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതായി പരാതി. മോഷണം നടത്തിയെന്നാരോപിച്ച് ഹോസ്റ്റലിന്റെ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ കഴുത്തില്‍ ചെരിപ്പ് മാല അണിയിച്ച് മറ്റുള്ളവരുടെ മുന്നിലൂടെ നടത്തിയെന്നാണ് പരാതി. ബേതൂള്‍ ജില്ലയിലെ ഹോസ്റ്റലിലാണ് സംഭവം നടന്നത്. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച മുമ്പ് ബേതൂള്‍ ജില്ലയിലെ ദാമാജിപുരയിലുള്ള ഹോസ്റ്റലിൽ വച്ചായിരുന്നു സംഭവം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെയാണ് ഹോസ്റ്റല്‍ അധികൃതർ ഉള്‍പ്പടെ ചേര്‍ന്ന് ഇത്തരത്തില്‍ അപമാനിച്ചത്.
സംഭവം പുറത്തായതിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ അമന്‍വീര്‍ സിംഗ് ബെയ്ന്സിന് പരാതി നല്കി. കുട്ടിയുടെ പിതാവില്‍ നിന്നും സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കേസ് വിശദമായി അന്വേഷിക്കാന്‍ കളക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഈ ക്രൂരതയ്ക്ക് നേതൃത്വം നല്കിയ വനിതാ ഹോസ്റ്റല്‍ സൂപ്രണ്ടിനെ തല്‍സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടതായി ഗോത്രവിഭാഗ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ ദിവസം കുട്ടിയെ കാണാനായി ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് കുട്ടി ഈ വിവരം പറയുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read-‘ഇക്കാക്ക മൂക്കിലേക്ക് വെളുത്ത പൊടി അടിച്ചു തന്നു’; ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച 13 കാരി
ഹോസ്റ്റലിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ 400 രൂപ കാണാതായിരുന്നു. അത് മോഷ്ടിച്ചത് തന്റെ മകളാണെന്ന് സംശയിച്ചായിരുന്നു ഈ ക്രൂരത. മകളുടെ മുഖം വികൃതമായ രീതിയില്‍ മേക്കപ്പ് ചെയ്ത ശേഷം ചെരിപ്പ് മാല ധരിപ്പിച്ച് മറ്റുള്ളവരുടെ മുന്നിലൂടെ നടത്തുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
ആ സംഭവത്തിന് ശേഷം ഹോസ്റ്റലില്‍ കഴിയാന്‍ തനിക്ക് കഴിയില്ലെന്ന് മകള്‍ പറഞ്ഞതായും പിതാവ് വ്യക്തമാക്കി. തുടര്‍ന്നാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ അപമാനിച്ച ഹോസ്റ്റല്‍ സൂപ്രണ്ടന്റിനെ ആ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് ഗോത്രവിഭാഗം വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ശില്‍പ്പ ജെയിന് പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read-ഏഴു വർഷം മുമ്പ് കൊല്ലപ്പെട്ടെന്നു കരുതിയ യുവതി ജീവനോടെ; കേസിൽ അറസ്റ്റിലായ അയൽവാസി ജയിലിൽ
വിദ്യാർത്ഥികളെ ക്രൂരമായി റാഗിങിന് ഇരയാക്കിയ തമിഴ്നാട്ടിലെ വെല്ലൂർ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തവാർത്ത കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അര്‍ദ്ധ നഗ്നരാക്കി നടത്തി ശാരീരികവും ലൈംഗികവുമായിപീഡിപ്പിച്ചുവെന്നാണ് സീനിയർ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പരാതി. സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായും കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ത്തിക് ഛദര്‍ എന്ന വിദ്യാര്‍ത്ഥിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാര്‍ച്ച് മുതല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശാരീരികവും ലൈംഗികവുമായ പീഡനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ മറ്റൊരു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും പങ്കുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.