വെസ്റ്റ് ബംഗ്ലാളിലെ മേദിനിപൂറിലെ അലിഗഞ്ച് ഋഷി രാജ്നാരായണ ഗേള്‍സ് സ്കൂളിലെ (Aliganj Rishi Rajnarayan Girls’ School) അഞ്ചും ആറും ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ റാഗ് (ranging) ചെയ്യുകയും നഗ്ന വീഡിയോകള്‍ (nude videos ) എടുക്കുകയും ചെയ്തതായി പരാതി. ഇതേ സ്കൂളിലെ 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തത്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഈ കുട്ടികളെ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ സ്കൂളില്‍ വെച്ച് നടന്ന മനുഷ്യത്വരഹിതമായ റാഗിംങിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി.
മുതിര്‍ന്ന ക്ലാസുകളിലെ പെണ്‍കുട്ടികള്‍ തങ്ങളെ കുളിമുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ദേഹത്ത് വെള്ളം ഒഴിക്കുകയും ചെയ്തുവെന്ന് റാഗിംങിന് ഇരയായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിനെക്കുറിച്ച് അധ്യാപകരോട് പരാതിപ്പെട്ടപ്പോള്‍ 11, 12 ക്ലാസുകളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
read also: വെടിയേറ്റിട്ടും ഭീകരന്റെ ശരീരത്തിൽ കടിച്ചുതൂങ്ങി; സേനയുടെ ഹൃദയം കവർന്ന പോരാളി 'ആക്സലി'ന് വീരവിയോഗം
മുതിര്‍ന്ന കുട്ടികളുടെ ഭീഷണി മറ്റ് കുട്ടികളില്‍ കടുത്ത മാനസികാഘാതം സൃഷ്ടിച്ചെന്നും ഇതോടെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകാന്‍ മടി കാണിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്.
തുടര്‍ന്ന് ശനിയാഴ്ച രാവിലെ രക്ഷിതാക്കള്‍ സ്കൂളിലെത്തി അധികൃതരെ കണ്ടു. ഇത്ര ഹീനമായ പ്രവൃത്തി ചെയ്തവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ഇതിനോടകം സംഘത്തിലെ എട്ട് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. അടുത്ത ബുധനാഴ്ച രക്ഷിതാക്കളുടെ യോഗം വിളിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂളിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും സ്കൂള്‍ അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്.
see also: ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍; കേരളവും തമിഴ്നാടും ആന്ധ്രയും നിരീക്ഷണവലയത്തിലെന്ന് റിപ്പോര്‍ട്ട്, അതീവ ജാഗ്രത
അതേസമയം, അസമിലെ ഒരു സ്വകാര്യ സ്കൂളിലും സമാന സംഭവം ഉണ്ടായി. സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ അതേ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു വാര്‍ത്ത. മുതിര്‍ന്ന് ആണ്‍കുട്ടികള്‍ ഏഴാം ക്ലാസുകാരനെ കൊണ്ട് പാത്രങ്ങള്‍ കഴുകിക്കുകയും, വെള്ളം കൊണ്ടുവരികയും, ബോഡി മസാജ് ചെയ്യിക്കുകയും ചെയ്തിരുന്നതായാണ് പരാതി.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ റാഗിങ് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. 5, 6 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് കോട്ടണ്‍ ഹില്‍ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിടും എന്നീ കാര്യങ്ങള്‍ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി റാഗിങിന് ഇരയായ കുട്ടികള്‍ പരാതിയില്‍ പറയുന്നു.
ഇതിനു പിന്നാലെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിർദേശം നല്‍കിയിരുന്നു. കുറ്റക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്ക് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരായ കുട്ടികള്‍ അധ്യാപകരോട് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.