കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കള്ളക്കടത്ത് തുടർകഥയാവുന്നു. ഒരു കോടി രൂപയോളം വിലവരുന്ന സ്വർണ്ണമാണ് ഇന്നലെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘമാണ് സ്വർണ്ണക്കടത്തിന് ശ്രമിച്ചവരെ വലയിലാക്കിയത്. ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം ഉണ്ടായിരുന്നത്. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ (33), പറമ്പിൽപ്പീടിക സ്വദേശി കട്ടോലിൽ അഹമ്മദ് കബീർ(33) എന്നിവരാണ് പിടിക്കപ്പെട്ടത്. കള്ളക്കടത്ത് സ്വർണ്ണം ഏറ്റുവാങ്ങാൻ എത്തുന്നതിനിടയിലായുന്നു അഹമ്മദ് കബീർ പിടിയിലായത്. ജിദ്ദയിൽ നിന്നെത്തിയ ഇന്റിഗോ വിമാനത്തിലാണ് സാനിറും കബീറും കരിപ്പൂരിലെത്തിയത്.
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇരുവരും വിമാനത്താവളത്തിന് പുറത്തെത്തിയതായിരുന്നു. എന്നാൽ പ്രത്യേക അന്വേഷണ സംഘം ഇവരെ പുറത്തുവെച്ച് പിടികൂടി.
രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഈ ദേശവിരുദ്ധ കുറ്റകൃത്യത്തിനു പിന്നിൽ സാധാരണക്കാർ പെട്ടുപോകുന്നതിനു പല കാരണങ്ങളുണ്ട്. വളരെ വേഗത്തിൽ ലഭിച്ചേക്കാവുന്ന അധികവരുമാനം തന്നെയാണ് പ്രധാന ഘടകം. ഒരുപാട് കേസുകൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനു പുറമേ സ്വർണ്ണക്കടത്ത് കൂടുതലായി നടക്കുന്നുമുണ്ട് എന്നാണ് മനസിലാവുന്നത്. കേരളത്തിൽ ഇതിനോടകം നടന്ന പ്രധാന ക്രിമിനൽ സിവിൽ കുറ്റകൃത്യങ്ങളിൽ പലതിനും സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.