കൊല്ലം: സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച സർക്കാർ ഹോമിയോ ഡോക്ടറെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കോർപ്പറേഷനിലെ വടക്കേവിള സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടറായ കിഴക്കേകല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ഡോ. ബിമൽ കുമാറാണ് (50) അറസ്റ്റിലായത്. താൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിദഗ്ദ്ധ ചികിത്സ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് അതിക്രമത്തിന് ശ്രമിച്ചത്.
ഇക്കഴിഞ്ഞ ജനുവരി അവസാന വാരമാണ് സംഭവം. അറസ്റ്റിലായ ഡോക്ടർ ജോലി നോക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞാണ് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അയത്തിലിലെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. യുവതിയുടെ വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ബിമൽ കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
ഇരവിപുരം എസ്.എച്ച്.ഒ ഉദയകുമാർ, എസ്.ഐമാരായ മൃദുൽ കുമാർ, ദീപു, ഷെമീർ, സൂരജ് ഭാസ്കർ, ജി.എസ്.ഐമാരായ സജികുമാർ, സുനിൽകുമാർ, സി.പി.ഒമാരായ മഹേന്ദ്രലാൽ, സാബിത്ത് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
ജില്ലയിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ വിദ്യാർഥിനികളുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റിങ് നടത്തിയതിന് അധ്യാപികയ്ക്കെതിരെ കേസെടുത്തിരുന്നു. ശിശുക്ഷേമ സമിതിക്കും പൊലീസിനും രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം നഗരത്തിലെ പ്രശസ്ത ട്യൂഷൻ അധ്യാപികയ്ക്കെതിരെ കേസെടുത്തത്.
നഗരത്തിലെ പ്രധാന സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അധ്യാപിക വീട്ടിൽ ട്യൂഷൻ എടുത്തിരുന്നത്. വിദ്യാർഥിനികളുടെ ഫോൺ കൈവശപ്പെടുത്തി, അവരറിയാതെ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് സൃഷ്ടിക്കുകയാണ് രീതി. പിന്നീട് ഈ അക്കൗണ്ടിൽനിന്ന് വിദ്യാർഥികൾക്ക് അശ്ലീല ചിത്രങ്ങളും വീഡിയോയും സന്ദേശങ്ങളും അയയ്ക്കും. അതിനുശേഷം ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് കാണിച്ചു വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
അശ്ലീല ചാറ്റിന്റെ സ്ക്രീൻ ഷോട്ട് കാണിച്ച് ചില വിദ്യാർഥിനികളിൽനിന്ന് ഇവർ പണവും സ്വർണവും ആവശ്യപ്പെട്ടതോടെയാണ് വിവരം വിദ്യാർഥിനികൾ വീട്ടിൽ പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ സംഘടിച്ച് അധ്യാപികയ്ക്കെതിരെ പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ കൗൺസിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്നു വിദ്യാർഥിനികളിൽ നിന്ന് മൊഴി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്ക്കെരിതെ കേസെടുത്തത്
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.