തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ക്രമക്കേട് അന്വേഷിച്ച ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പിന്റെ നടപടി. ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിനും തീരുമാനമുണ്ട്.
2014-15 വര്‍ഷത്തെ ഓഡിറ്റ് മുതല്‍ തന്നെ ക്രമക്കേടുകള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് അന്വേഷണ സമിതി കണ്ടെത്തി. അതിനാലാണ് 2014-15 കാലഘട്ടം മുതല്‍ ഓഡിറ്റ്, ജനറല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടായത്. ഓഡിറ്റ്, ജനറല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായത്. ഓഡിറ്റ് റിപ്പോര്ട്ടുകളിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിലും ബാങ്കില്‍ നിയമ പ്രകാരമുള്ള പരിശോധന നടത്തുന്നതിലും ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഇവര്‍ വീഴ്ച വരുത്തിയെന്ന് സസ്പെന്ഷന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം ഉണ്ടാകും. ഇവര്‍ക്കെതിരേയും കെഎസ്ആര് റൂള്‍ പ്രകാരമാകും ശിക്ഷാ നടപടികള്‍. 2011 മുതല്‍ ഭരണ നിര്‍വഹണത്തിലും ഓഡിറ്റ് നിര്‍വഹണത്തിലും വീഴ്ച റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആ കാലത്തെ ഇടപാടുകളെ കുറിച്ചും അന്വേഷിക്കാനും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ ഒമ്പതംഗ സമിതിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. അന്വേഷണ സമിതി പത്താം തീയതി സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തൃശൂര്‍ ജോയിന്റ് രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലാണ്. അതിനാല്‍ ബാങ്കിന്റെ ഓഡിറ്റ് നിയന്ത്രണം തൃശൂര്‍ ജോയിന്റ് ഡയറക്ടര്‍ക്കാണ്. ചട്ടപ്രകാരം യൂണിറ്റ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍, എന്നിവര്‍ വിശദ പരിശോധനയും ആക്സമിക പരിശോധനയും നടത്തണം എന്നാണ് ചട്ടം. എന്നാല്‍ കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ഇത്തരത്തിലുള്ള ഫലപ്രദമായ പരിശോധനകള്‍ നടന്നിട്ടില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, കണ്ടെത്തിയ ക്രമക്കേടുകള്‍ ഒന്നുംതന്നെ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ചൂണ്ടിക്കാട്ടപ്പെട്ട അപാകതകളില്‍ പോലും സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ ഇവരാണ്. തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ മോഹന്മോന് പി.ജോസഫ്, പാലക്കാട് ജോയിന്റ് ഡയറക്ടര്‍ എം.ഡി.രഘു, സഹകരണ യൂണിയന് അഡിഷണല്‍ രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍, തലപ്പിള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാലി റ്റി.നാരായണന്, തൃശൂര്‍ അസിസ്റ്റന്റഅ രജിസ്ട്രാര്‍ പിയൂസ് കെ.ഒ, തൃശൂര്‍ സിആര്‍പി സെക്ഷന്‍ ജോയിന്റ് രജിസ്ട്രാര്‍ ബിനു കെ.ആര്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി.അജിത്, ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ഒ.ഡേവിഡ്, കൊട്ടാരക്കര ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി.രാമചന്ദ്രന്, മുകുന്ദപുരം അസിസ്റ്റന്റ് ഓഡിറ്റ് ഡയറക്ടര്‍ ഷേര്‍ലി റ്റി.കെ., ചാവക്കാട് സീനിയര്‍ ഓഡിറ്റര്‍ ബിജു ഡി.കുറ്റിക്കാട്, കൊടുങ്ങല്ലൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിന്ദു.വി.ആര്, ചാലക്കുടി സ്പെഷ്യല്‍ ഗ്രേഡ് സീനിയര്‍ ഇന്‍സ്പെക്ടര്‍ രാജി എ.ജെ. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രീതി വി.വി, മുകുന്ദപുരം സീനിയര്‍ ഓഡിറ്റര്‍ ധനൂപ് എം.എസ്, തൃശൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിന്ദു ഫ്രാന്‍സിസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.