• HOME
  • »
  • NEWS
  • »
  • crime
  • »
  • അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ

അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം എത്ര നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു

Kerala High Court

Kerala High Court

  • Share this:
    മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് (Pink Police) അപമാനിച്ച സംഭവത്തില്‍ നഷ്‌ടപരിഹാരത്തുക നൽകാനാവില്ലെന്ന് സർക്കാർ കോടതിയിൽ. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം എത്ര നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

    ഇന്ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോയെന്ന കാര്യം കോടതിയെ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി, കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

    പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന് മറുപടിയായി കോടതിയിൽ സർക്കാർ സമർപ്പിക്കാൻ തയ്യാറാക്കിയ മറുപടിയിലാണ് നഷ്ടപരിഹാര തുക നൽകാൻ കഴില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ മൗലികാവകാശങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാരിൻ്റെ വാദം.

    പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക്‌ സംഭവത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി മാതൃകപരമായ ശിക്ഷണ നടപടി സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. തെറ്റ് സംഭവിച്ചാൽ വകുപ്പ് തലത്തിൽ സ്വീകരിക്കേണ്ട നടപടിക്കപ്പുറം മറ്റ് നടപടികൾ സ്വീകരിക്കുവാൻ കഴിയില്ലെന്നുമാണ് സർക്കാർ വാദം. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന നാലു പേരുടെ മൊഴിയും സർക്കാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്നാണ് മൊഴിയിൽ ഉള്ളത്.

    അരക്കോടിയുടെ നഷ്ടപരിഹാരമെന്ന ഹര്‍ജിയിലെ ആവശ്യം പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മാനസിക പിന്തുണ മാത്രമല്ല പെണ്‍കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. സ്ഥലംമാറ്റം ശിക്ഷയാകില്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്താണെന്നും ഡി.ജി.പി. ഈ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നത് ദോഷം ചെയ്യുമെന്നും കോടതി പറഞ്ഞിരുന്നു.

    ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെന്ന് ജയചന്ദ്രന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെത്തി.

    ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ സർക്കാരിനെ രൂക്ഷ ഭാഷയിലാണ് കോടതി വിമർശിച്ചത്. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.

    പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതിനല്ല കുട്ടി കരഞ്ഞത് എന്ന സംസ്ഥാന ഡിജിപിയുടെ റിപ്പോർട്ടിലെ പരാമർശം ആരെ സംരക്ഷിക്കാനാണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോഴാണ് കുട്ടി കരഞ്ഞത് എന്ന് ഡി.ജി.പി. പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

    സർക്കാർ അഭിഭാഷകൻ എന്തിനാണ് വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ നിലാടിനെതിരെ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
    Published by:user_57
    First published: