• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |കളഞ്ഞുകിട്ടിയ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നു; അതിഥിതൊഴിലാളികള്‍ പിടിയില്‍

Arrest |കളഞ്ഞുകിട്ടിയ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നു; അതിഥിതൊഴിലാളികള്‍ പിടിയില്‍

പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോൺ ഇവർ ഉപേക്ഷിച്ചു. എഴുപതിനായിരം രൂപയുടെ ഐഫോണും, വസ്ത്രങ്ങളും വാങ്ങി.

  • Share this:
കൊച്ചി: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ (20), ആസാം തേസ്പൂർ സ്വദേശി അബ്ദുൾ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സംഘം അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നത്. തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോൺ നഷ്ടപെട്ടത്.

രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം മനസിലാക്കിയ മാത്യു ഉടൻ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ബംഗാൾ സ്വദേശിയായ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. പെരിങ്ങാലയിലെ വർക്ക്ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുൾ കലാമിനെ കുറിച്ച് വിവരം ലഭിച്ചത്. ഫോൺ ലഭിച്ചത് അബ്ദുൾ കലാമിനായിരുന്നു.

പളളിക്കര മീൻ മാർക്കറ്റിലെ തൊഴിലാളിയായ ഇയാൾ മൊബൈൽ ഫോണിലെ പാസ്‌വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഈ പണത്തിൽ നിന്നും കലാം എഴുപതിനായിരം രൂപയുടെ ഐഫോണും, വസ്ത്രങ്ങളും വാങ്ങി. ബക്കി തുക റോണി മിയയുടെ അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നു. പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോൺ ഉപേക്ഷിച്ചു. പിന്നീട് പോലീസ് ഈ ഫോൺ കണ്ടെടുത്തു. കൃത്യത്തിന് ശേഷം നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പോലീസ് പിടിയിലാകുന്നത്.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഏ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.ടി.ഷാജൻ, എസ്.ഐ എം.പി. എബി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ.അബ്ദുൾ മനാഫ്, സിവിൽ പോലീസ് ഓഫീസർ ടി.എ. അഫ്സൽ, ഏ.ഒ.പ്രമോദ്, ഹോംഗാർഡ് യാക്കോബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

അതിനിടെ കാലടിയിൽ  ബാറിൽ ആക്രമണം നടത്തിയ കേസിൽരണ്ട് പേർ അറസ്റ്റിലായി. കാഞ്ഞൂർ വടക്കുംഭാഗം. കൂട്ടുങ്കൽ വീട്ടിൽ സുനിൽ പാപ്പച്ചൻ (41), കാഞൂർ കിഴക്കുംഭാഗം വടക്കുംഞ്ചേരി വീട്ടിൽ ജസ്റ്റിൻ വർഗ്ഗീസ് (35), എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഇവരും മറ്റ് മൂന്ന് പേരും കൂടി കാലടി പൂജ ബാറിൽ വച്ച് കാഞ്ഞൂർ സ്വദേശിയായ ലിൻസ് പോൾ എന്നയാളെ ദേഹോപദ്രവം ഏൽപ്പിക്കുകയും, ബിയർ കുപ്പി, സോഡാ കുപ്പി എന്നിവ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പ്രതികൾക്ക് ഉള്ള മുൻ വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ പരിക്കേറ്റ ലിൻസ് പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Published by:Sarath Mohanan
First published: