ന്യൂയോർക്ക്: ന്യൂയോർക്കിൽ ക്രിസ്മസ് കരോൾ കാണാൻ പള്ളിക്ക് പുറത്ത് എത്തിയ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്ത അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം.
മാൻഹട്ടനിലെ സെന്റ് ജോൺ ദി ഡിവൈൻ കത്തീഡ്രലിനു പുറത്താണ്
വെടിവയ്പ്പുണ്ടായത്. വെടിവയ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ന്യൂയോർക്ക്
പൊലീസ് കമ്മീഷണർ ഡെർമോട്ട് ഷിയ പറഞ്ഞു.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അക്രമിക്ക് നേരെ 15 തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിയുടെ തലയ്ക്ക് വെടിയേറ്റെന്നും ഇയാൾ മരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവസ്ഥലത്തു നിന്ന് രണ്ട്
തോക്കുകള്‍ ബാഗ്, പെട്രോൾ, കയർ, വയർ, ഒന്നിലധികം കത്തികൾ എന്നിവ കണ്ടെടുത്തു.
കരോൾ അവസാനിച്ച് ആളുകൾ പിരിഞ്ഞ് പോകാൻ തുടങ്ങിയപ്പോഴാണ് പള്ളിയുടെ പടിക്കെട്ടിൽ നിന്നുകൊണ്ട് ഇയാൾ വെടിയുതിർത്തതെന്ന സംഭവത്തിന് സാക്ഷികളായവർ പറഞ്ഞു. ആരെയും ലക്ഷ്യം വയ്ക്കാതെ എട്ടോ പത്തോ തവണ ഇയാൾ വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ഇതിനു പിന്നാലെയാണ് പൊലീസ് ഇയാളെ വെടിവെച്ചത്. എന്നെ വെടിവയ്ക്കൂ, എന്നെ കൊല്ലൂ എന്നൊക്കെ ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.