• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കായി ഹെൽപ്പ് ലൈൻ തുടങ്ങി; ഇപ്പോൾ ഫോണെടുക്കാൻ ഇരിക്കുന്ന സ്ത്രീകൾക്കും ദുരിതം!

ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്ന ചിലർ വ്യക്തിയധിക്ഷേപം നടത്തുകയും ലൈംഗികച്ചുവയിൽ സംസാരിക്കുകയും ചെയ്യാറുണ്ടെന്നാണ് വനിതാ ജീവനക്കാരുടെ പരാതി

news18
Updated: August 1, 2019, 2:02 PM IST
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കായി ഹെൽപ്പ് ലൈൻ തുടങ്ങി; ഇപ്പോൾ ഫോണെടുക്കാൻ ഇരിക്കുന്ന സ്ത്രീകൾക്കും ദുരിതം!
Image for representation
news18
Updated: August 1, 2019, 2:02 PM IST
ചെന്നൈ: മാനസികസമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾക്ക് ആശ്വാസമായി തമിഴ്നാട് സർക്കാർ ഹെൽപ്പ് ലൈൻ ആരംഭിച്ചത് വലിയ വാർത്തയായിരുന്നു. 181 എന്ന നമ്പരിൽ വിളിച്ചാൽ മാനസികസമ്മർദ്ദം അനുഭവിക്കുന്നവർക്ക് ആശ്വാസമായ വാക്കുകളും ഇഷ്ടപ്പെടുന്ന പാട്ടുകളും കേൾപ്പിച്ചുകൊടുക്കാനായിരുന്നു ഇത്. എന്നാൽ ഈ നമ്പരിലേക്ക് ചിലർ വിളിച്ചു ശല്യം ചെയ്യുന്നുവെന്നാണ് കോൾ സെന്‍ററിലെ വനിതാ ജീവനക്കാരുടെ പരാതി.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഇടപെട്ടാണ് 2018 ഡിസംബറിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചത്. നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് ഹെൽപ്പ് ലൈൻ ജീവനക്കാർ പൂവാലശല്യം നേരിടാൻ തുടങ്ങിയത്. ഇതിനോടകം 45000 കോളുകളാണ് ഇത്തരത്തിൽ വന്നത്. ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്ന ചിലർ വ്യക്തിയധിക്ഷേപം നടത്തുകയും ലൈംഗികച്ചുവയിൽ സംസാരിക്കുകയും ചെയ്യാറുണ്ടെന്നാണ് വനിതാ ജീവനക്കാരുടെ പരാതി.

സാമൂഹ്യക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ അംബത്തൂരിലെ അമ്മ കോൾ സെന്ററിൽ ആരംഭിച്ചത്. 11 കണക്ഷനുകളിലായി അഞ്ചുപേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിനോടകം ഒരുലക്ഷത്തിലേറെ കോളുകൾക്ക് ഇവർ മറുപടി നൽകി. ഗാർഹിക പീഡനം, മദ്യപാനം, വിവാഹേതര ബന്ധങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട കോളുകളും അവയിൽ ഉൾപ്പെടുന്നു. ചിലർ വിവിധ സർക്കാർ പദ്ധതികളുടെ വിശദാംശങ്ങളും തേടിയാണ് വിളിച്ചത്. എന്നാൽ ഇതിലൊന്നും പെടാത്ത വിരുതൻമാരാണ് തമാശയ്ക്ക് വിളിച്ച് കോൾ സെന്‍ററിലെ വനിതാ ജീവനക്കാരെ ശല്യം ചെയ്തത്.

“ഞങ്ങൾക്ക് ഒരു ദിവസം ശരാശരി 60 വ്യാജ കോളുകൾ ലഭിക്കും. ചിലപ്പോൾ വിളിക്കുന്നവർ വളരെ അധിക്ഷേപകരമായാണ് സംസാരിക്കുന്നത്. ഇത് ഒരു യഥാർത്ഥ കോളർ ആണെന്ന് കരുതി ഞങ്ങൾ ഓരോ കോളും സംസാരിക്കുന്നത്. എന്നാൽ അതൊരു തമാശ കോൾ ആണെന്ന് മനസ്സിലായാൽ വിച്ഛേദിക്കുകയും ചെയ്യും. വിളിക്കുന്ന വിരുതൻമാർ മറ്റൊരു നമ്പറിൽ നിന്ന് വിളിച്ച് സ്റ്റാഫിനെ ബുദ്ധിമുട്ടിക്കുന്നത് തുടരും. അവർ കുട്ടികളെ അനുകരിക്കുകയും പാട്ടുകൾ പാടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു”- കോൾ സെന്‍ററിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ സാമൂഹ്യക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥർ സിറ്റി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വ്യാജ കോളുകൾ വിളിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അതേസമയം കോൾ സെന്‍ററിലേക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടത് അനിവാര്യമാണെന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടർ വി. അമുതവല്ലി പറയുന്നു.
First published: August 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...