• HOME
  • »
  • NEWS
  • »
  • crime
  • »
  • Uthra Case Verdict | ശിഷ്ടകാലം ജയിലില്‍ എന്നറിഞ്ഞിട്ടും നിര്‍വികാരന്‍; സൂരജ് കുടുങ്ങിയ വഴികള്‍ ഇങ്ങനെ

Uthra Case Verdict | ശിഷ്ടകാലം ജയിലില്‍ എന്നറിഞ്ഞിട്ടും നിര്‍വികാരന്‍; സൂരജ് കുടുങ്ങിയ വഴികള്‍ ഇങ്ങനെ

വിധി പറയുമ്പോഴും പ്രതി സൂരജിന്റെ മുഖത്ത് ഭാവഭേദങ്ങള്‍ ഉണ്ടായിരുന്നില്ല.

Sooraj

Sooraj

  • Share this:
രാജ്യ ചരിത്രത്തിലെ തന്നെ അപൂര്‍വ്വമായ ഉത്രാ വധക്കേസില്‍ അതിവേഗമാണ് വിചാരണക്കോടതി വിധി പറഞ്ഞത്.കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പറയുമ്പോഴും പ്രതി സൂരജിന്റെ മുഖത്ത് ഭാവഭേദങ്ങള്‍ ഉണ്ടായിരുന്നില്ല. സുപ്രധാനമായ കേസില്‍ ആയിരം പേജ് അടങ്ങുന്നതായിരുന്നു കുറ്റപത്രം. രാവിലെ മുതല്‍ കോടതി പരിസരത്ത് തിങ്ങി നിറഞ്ഞ ജനക്കൂട്ടം. കനത്ത പൊലീസ് സുരക്ഷ. പ്രതി സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ നിന്നും അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എത്തിക്കുമ്പോള്‍ വിധി അറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

11 .45 ഓടെ  സൂരജിനെ കോടതി മുറിയില്‍ എത്തിച്ചു.  ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പ്രസ്താവം ആരംഭിച്ചത് 15 മിനിട്ടുകള്‍ക്ക് ശേഷം. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴും കൊലപാതകത്തിന് ശേഷമുള്ള അതേ ഭാവവ്യത്യാസമില്ലായ്മ തന്നെയായിരുന്നു സൂരജിന്റെ മുഖത്ത്. 28-കാരനായ സൂരജിന്റെ പ്രായവും കുറ്റകൃത്യങ്ങളുടെ മുന്‍കാല ചരിത്രം ഇല്ലെന്നതും കോടതി കണക്കിലെടുത്തു. തുടര്‍ന്ന് പ്രതിയുടെ മേല്‍ ചുമത്തിയിരുന്ന എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഓരോന്നായി ശിക്ഷ വിധിച്ചു.

ആദ്യം വിധിച്ചത് വിഷവസ്തു ഉപയോഗിച്ച് അപായപ്പെടുത്തിയതിനും തെളിവ് നശിപ്പിക്കലിനും  ഉള്‍പ്പടെ  17 വര്‍ഷം തടവ്. പിന്നാലെ വധശ്രമത്തിനും, കൊലപാതകത്തിനും ഇരട്ട ജീവപര്യന്തം. ശിഷ്ടകാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമായ നിമിഷവും നിര്‍വികാരനായിരുന്നു പ്രതി.  വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛന്‍ വിജയ സേനനും, സഹോദരന്‍ വിഷുവും രാവിലെ തന്നെ കോടതിയില്‍ എത്തിയിരുന്നു.

സുപ്രധാനമായ കേസിൻ്റെ നാൾ വഴികൾ ഇതാണ് ഭാര്യയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുത്ത്, കുറ്റകൃത്യം ആരുമറിയാതെ സുരക്ഷിതനായി കഴിയാമെന്ന സൂരജിൻ്റെ വ്യാമോഹമാണ് സംസ്ഥാന പോലീസും പ്രോസിക്യൂഷനും പൊളിച്ചടുക്കിയത്. അണലി പാമ്പിനെ ഉപയോഗിച്ചുള്ള ആദ്യത്തെ പാമ്പ് കടിയിൽ ഉത്രയ്ക്ക് ജീവൻ നഷ്ടമായിരുന്നു എങ്കിൽ ഒരുപക്ഷേ  ഇങ്ങനെ ഒരു കേസ് തന്നെ ഉണ്ടാകുമായിരുന്നില്ല.

സൂരജ് കുടുങ്ങിയ വഴികൾ ഇങ്ങനെ
1. രണ്ടുതവണ ഉത്രയ്ക്ക് പാമ്പുകടിയേറ്റത് സർപ്പശാപം കൊണ്ട് ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ഇക്കാലത്ത് ഇത്തരം പ്രചരണങ്ങൾ എല്ലാപേരും വിശ്വസിച്ചു കൊള്ളും എന്ന സൂരജിൻ്റെ കരുതൽ അസ്ഥാനത്തായി. ഉത്രയുടെ കുടുംബാംഗങ്ങളും അടുത്ത ചില കുടുംബസുഹൃത്തുക്കളും മരണം കൊലപാതകം എന്ന് ഉറച്ചു വിശ്വസിച്ചു.

2. പാമ്പാട്ടിയുമായുള്ള നിരന്തര ഫോൺ സംഭാഷണം. ഡിജിറ്റൽ തെളിവുകളിൽ ഏറെ നിർണായകമായത് ഈ രേഖ. പാമ്പാട്ടിയെ കണ്ടെത്തുന്നതിനും ചോദ്യം ചെയ്യുന്നതിനും ഫോൺ രേഖകൾ സഹായകമായി.

3. പാമ്പിനെ കൊണ്ട് കടിപ്പിച്ച സ്ഥാനങ്ങൾ പിഴച്ചു.  അണലിയെക്കൊണ്ടും മൂർഖനെക്കൊണ്ടും സൂരജ് കടിപ്പിച്ച സ്ഥാനങ്ങളിൽ സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. പത്തിയെടുത്തു കൊത്തുന്ന രീതിയിലല്ല അണലി പാമ്പ് കടിക്കുന്നത്. ശരീരത്തിന്റെ മുകളിലേക്ക് കടിയേറ്റത് സംശയം സൃഷ്ടിച്ചു. മൂർഖൻ പാമ്പ് ആകട്ടെ രാത്രികാലങ്ങളിൽ ആക്രമണോത്സുകത അധികം കാണിക്കാറില്ല. ജനൽവഴി ഇഴഞ്ഞു വന്നു യുവതിയെ കടിച്ചു എന്ന സൂരജിൻ്റെ ആദ്യ വിശദീകരണവും തെറ്റാണെന്ന് തിരിച്ചറിയാനായി.

4. കൊലപാതകത്തിലെ തലേന്ന് ലോക്കറിൽ നിന്ന് സ്വർണം മാറ്റിയത്. 2020 മെയ് ഏഴിനാണ് ഉത്ര കൊല്ലപ്പെടുന്നത്. അതിനു തൊട്ടുമുൻപ് സൂരജ് ലോക്കറിൽ ഉണ്ടായിരുന്ന ഉത്രയുടെ സ്വർണ്ണം മാറ്റി. പിന്നീട് സൂരജിൻ്റെ പറമ്പിൽ നിന്ന് കുളിച്ചിട്ട് നിലയിൽ സ്വർണ്ണം കണ്ടെത്തി. കൊലയ്ക്കു മുൻപ് സ്വർണ്ണം മാറ്റിയതും സൂരജിന് കുരുക്കായി.

5. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകിയത്. മരണത്തിൽ സംശയം ഉണ്ടാകില്ലെന്നും പാമ്പുകടിച്ചാണ് മരണം എന്ന ഉറപ്പിക്കുന്നതോടെ ആന്തരികാവയവങ്ങളുടെ കൂടുതൽ പരിശോധന ഉണ്ടാകില്ലെന്ന് സൂരജ് ഉറപ്പിച്ചു. എന്നാൽ പിന്നീട് ചോദ്യം ചെയ്യൽ പോലെ വൈതരണി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചോദ്യംചെയ്യലിൽ മയക്കുമരുന്ന് നൽകിയ കാര്യം സൂരജ് തന്നെ പിന്നെ വെളിപ്പെടുത്തുകയായിരുന്നു. ഗുളികകൾ വാങ്ങിയ സ്ഥലത്ത് എത്തി പോലീസ് തെളിവെടുക്കുകയും ചെയ്തു.

6. ഒന്നര വയസുകാരനായ മകൻ തനിക്കും ഉത്രയ്ക്കും ഒപ്പം പാമ്പു കടിയേൽക്കുന്ന സമയത്ത് മുറിയിലുണ്ടായിരുന്നു എന്ന കളവ് പറഞ്ഞത്. പോലീസിന്റെ ആദ്യ ചോദ്യംചെയ്യലിലാണ് ഇങ്ങനെ കളവ് പറഞ്ഞത്. വിശദ പരിശോധനയിൽ അത് തെറ്റാണെന്ന് തെളിഞ്ഞു.

7. കൊലപാതകം പഠിച്ചത് യൂട്യൂബ് നോക്കി. കൊല നടത്തുന്നതിനു മുൻപ് 15 തവണയാണ് സൂരജ് യൂട്യൂബ് ദൃശ്യങ്ങൾ കണ്ടത്. പാമ്പിനെ കൊണ്ട്  ബലമായി  കടിപ്പിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. ഇതും കോടതിയിൽ നിർണായക തെളിവായി.
Published by:Jayesh Krishnan
First published: