പിറവം അരീക്കല്‍ വെള്ളച്ചാട്ടത്തിന് (Areekal waterfalls) സമീപം സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ (Hidden Camera) വച്ച യുവാവ് പിടിയില്‍. മുറിയ്ക്കുള്ളില്‍ ചാരിവെച്ചിരുന്ന ചൂലിനിടയില്‍ നിന്നാണ് ക്യാമറ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ യുവാവാണ് പിടിയിലായത്. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശികളുടെ പരാതിയിലാണ് നടപടി.
വെള്ളച്ചാട്ടത്തിന് താഴെ സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനായി നിര്‍മിച്ച കോട്ടേജിന് സമീപം യുവാവ് ചുറ്റിത്തിരിയുന്നത് സന്ദര്‍ശകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.ഇയാള്‍ മുറിക്കുള്ളിലേക്ക് കയറന്നതും ഇറങ്ങുന്നതും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചൂലിനിടയില്‍ ഒളിപ്പിച്ച നിലയില്‍ ക്യാമറ കണ്ടെത്തിയത്.
പോലീസില്‍ വിവരമറിയിച്ചതോടെ ഇയാള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. പാമ്പാക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. സംഭവത്തില്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.
കണ്ണൂർ തലശ്ശേരി പാർക്കിലെ ഒളിക്യാമറയിൽ സംഘങ്ങൾ നിരവധി പേരെ കുടുക്കി; ദൃശ്യങ്ങൾ വൈറൽ
കണ്ണൂർ: തലശ്ശേരിയിലെ പാർക്കിലെ ഒളിക്യാമറ (hidden camera)സംഘം നിരവധിപേരുടെ ദൃശ്യങ്ങൾ പകർത്തിയതായി പോലീസ് കണ്ടെത്തി. കമിതാക്കളുടെ ദൃശ്യങ്ങളാണ് സംഘം പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. പന്ന്യന്നൂരിലെ വിജേഷ് (30), മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ് (34) എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. വിജേഷ് ചിത്രീകരിച്ച ദൃശ്യം അനീഷാണ് മറ്റുള്ളവർക്ക് കൈമാറിയതെന്നും പോലീസ് കണ്ടെത്തി.
പാർക്കിന്റെ വിവിധ സ്ഥലങ്ങളിൽ ദ്വാരങ്ങൾ ഉണ്ടാക്കിയാണ് സംഘം ഒളിക്യാമറ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനുള്ള ശ്രമം നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Also Read- രണ്ടു സംഭവങ്ങളിലായി പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതികൾ പിടിയിൽസംഭവം വിവാദമായതോടെ പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലും കമിതാക്കളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന സംഘങ്ങൾ ജില്ലയിൽ ഉണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ വേണ്ട ജാഗ്രത കൈക്കൊള്ളണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഒളിക്യാമറ സംഘങ്ങളെ പറ്റി കൂടുതൽ വിവരം ലഭിച്ചതോടെ പോലീസ് സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നവരെ കണ്ടു പിടിക്കാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. ഇൻറർനെറ്റ് സൈറ്റുകളിൽ ഇത്തരം ദൃശ്യങ്ങൾ അപ്ലോഡ് ചെയ്യുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനും എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കുന്നു.
തലശ്ശേരിയിൽ കടലിനോടു ചേർന്നുള്ള ഓവർബറീസ് ഫോളി പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതറിഞ്ഞ് പോലീസ് തന്നെയാണ് സ്വമേധയാ കേസെടുത്ത് ആദ്യഘട്ടത്തിൽ അന്വേഷണം ആരംഭിച്ചത്. തുടർന്ന് കമിതാക്കളും പരാതിയുമായി രംഗത്ത് എത്തി. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രങ്ങൾ പകർത്തിയതിനെ സംബന്ധിച്ചാണ് പോലീസിന് ആദ്യം വിവരം ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.