കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന്റെ(Vijay Babu) അറസ്റ്റിനുള്ള വിലക്ക് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഗ്രേഷ്യസ് കുര്യാക്കോസാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഇദ്ദേഹം ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടിചോദിക്കുകയായിരുന്നു.
വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്. വെള്ളിയാഴ്ച വരെ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും.
ജൂണ്‍ ഒന്നാം തീയതിയാണ് വിജയ് ബാബു ദുബായില്‍നിന്ന് കൊച്ചിയിലെത്തിയത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാജ്യംവിട്ട വിജയ്ബാബു ആഴ്ചകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം പോലീസ് ചോദ്യംചെയ്തിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന് മൊഴി നല്‍കിയിരുന്നു.
അതിനിടെ വിജയ് ബാബുവിനെതിരായ നടിയുടെ ബലാത്സംഗ പരാതിയില്‍ നടന് സൈജുകുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു.വിജയ്ബാബു ഒളിവില്‍ പോയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കൈമാറിയതിനാണ് പൊലീസ് നടനെ ചോദ്യം ചെയ്തത്. ക്രെഡിറ്റ് കാര്‍ഡ് കൈമാറുമ്പോള്‍ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സൈജു കുറുപ്പ് മൊഴി നല്കി.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 സാക്ഷികളില്‍നിന്നാണ് പോലീസ് മൊഴിയെടുത്തത്. വിജയ്ബാബുവിന്റെ രണ്ട് മൊബൈല്‍ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.