നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഒളിംപ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡന ആരോപണം: പ്രതി ജോൺസൺൻ്റെ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

    ഒളിംപ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡന ആരോപണം: പ്രതി ജോൺസൺൻ്റെ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

    പ്രതി എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കൊച്ചി: ഒളിംപ്യൻ മയൂഖ ജോണി ഉന്നയിച്ച മുരിങ്ങൂർ പീഡനക്കേസിൽ പ്രതി സി.സി. ജോൺസൻ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതി എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് വി. ഷർസി ജാമ്യാപേക്ഷ നിരസിച്ചത്.

    പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കേണ്ടതുണ്ടെന്നും ലൈംഗിക പരിശോധന നടത്തേണ്ടതുണ്ടെന്നും സാക്ഷികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇര പരാതി കൊടുക്കാൻ വൈകിയെന്ന പ്രതിയുടെ വാദം കോടതി തള്ളി. കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന ഇരയുടെ ഹർജിയിൽ സർക്കാരിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ സ്വീകരിച്ചു കോടതി തീർപ്പാക്കി.

    കായികതാരം മയൂഖ ജോണി ഉന്നയിച്ച സുഹൃത്തുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നാലര വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കുകയുള്ളൂവെന്ന്  തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.



    മുരിയാട് എംപവര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായ സി.സി. ജോണ്‍സന്‍ തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്‌തെന്നാണ് മയൂഖാ ജോണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രതിയ്ക്കു വേണ്ടി വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ ഇടപെട്ടെന്നുമായിരുന്നു ആരോപണം.

    കേസില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അന്വേഷണ പുരോഗതി അറയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെയും പ്രതിയുടെയും മൊബൈല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍വീസ് സേവനദാതാക്കളെ സമീപിച്ചിരുന്നെന്ന് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

    എന്നാല്‍ ഒരു വര്‍ഷത്തെ ടവര്‍ വിവരങ്ങള്‍ മാത്രമേ സൂക്ഷിച്ചുവയ്ക്കാറുള്ളൂ എന്നാണ് കമ്പനികൾ അറിയിച്ചത്. അതുകൊണ്ടുതന്നെ പീഡനം നടന്നതായി പറയപ്പെടുന്ന ദിവസം ഇവര്‍ ഒരേ ലൊക്കേഷനില്‍ ആയിരുന്നോ എന്നു കണ്ടെത്താനായിട്ടില്ല. ഇവർ ഒരേ സ്ഥലത്ത് ഉണ്ടായിരുന്നോ എന്ന് തെളിയിക്കാൻ പര്യാപ്തമായ സി.സി.ടി.വി. ദൃശ്യങ്ങളുമില്ല. പരാതിക്കാരിയുടെ ഭര്‍ത്താവ്, അമ്മ, പരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്

    പുറമേയ്ക്കു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടറുടെ മൊഴി. ബലാത്സംഗം നടന്നു എന്നതിന് ശാസ്ത്രീയ തെളിവ് ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഈ ഘട്ടത്തിൽ അന്വേഷണം മുന്നോട്ടു പോകുന്നത്. ഇരയുടെ പരാതിയിൽ പോലീസ് കേസെടുത്ത ശേഷം മാർച്ചിൽ ആശുപത്രിയിലെത്തിയപ്പോൾ പ്രതി ഇരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയ്ക്കും തെളിവില്ല. സംഭവ സമയത്ത് ആശുപത്രിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് പ്രതിയുടെ ടവർ ലൊക്കേഷൻ. സഭയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ ലഘുലേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

    കേസ് ഒത്തുതീർപ്പാക്കുന്നതിനായി സഭാ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടത്തിയെന്ന ആരോപണവും റിപ്പോർട്ടിൽ പോലീസ് തള്ളുന്നു. അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ  അറിയിച്ചു.

    അതിനിടെ സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് മയൂഖ ജോണിയ്ക്കെതിരെ  അപകീർത്തിക്കേസ് റജിസ്റ്റർ ചെയ്തിരുന്നു. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്.
    Published by:Meera Manu
    First published:
    )}