കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്‍റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന നടൻ ദിലീപിന്‍റെ (Dileep) ആവശ്യം തള്ളി ഹൈക്കോടതി (kerala high court). ഹർജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ജസ്റ്റിസ് കെ ഹരിപാല്‍ വ്യക്തമാക്കി.
എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി 28 ന് പരിഗണിക്കാനായി മാറ്റി. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം. എന്നാൽ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്‍റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിട്ടുള്ളത്. കേസുമായി ബന്ധമില്ലാത്ത വാട്സ് ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഢാലോചന കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ദിലീപിൻ്റെ വാദം. ദിലിപിന് വേണ്ടി ഡൽഹിയിൽ നിന്നും മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ഗർവാളാണ് ഇന്ന് ഹാജരായത്.
കേസുമായി ബന്ധമുള്ള എന്തെങ്കിലും വിവരങ്ങള്‍ ഫോണില്‍ ഉള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും മിറര്‍ ഇമേജും തമ്മില്‍ വ്യത്യാസമില്ല. ഇതിന് വിരുദ്ധമായ വിശദീകരണമാണ് അന്വേഷണ സംഘം നല്‍കുന്നതെന്നും എതിര്‍സത്യവാങ്മൂലത്തില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുന്‍ വീട്ടുജോലിക്കാരന്‍ ദാസന്‍ നല്‍കിയ മൊഴിയും ദിലീപ് തള്ളി. ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണ്. മൊഴി മാറ്റുന്നതിനായുള്ള പരിശീലനത്തിനായി ദാസന്‍ അഭിഷാഷകന്റെ ഓഫീസിലെത്തിയതായി അവകാശപ്പെടുന്ന ദിവസം അഭിഭാഷകന്‍ കോവിഡ് മൂലം ഓഫീസില്‍ എത്തിയിരുന്നില്ല. ഇതു തെളിയിക്കുന്നതിനുള്ള കോവിഡ് സര്‍ട്ടിഫിക്കറ്റും അഡ്വ.ബി. രമാന്‍പിള്ള കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ വീട്ടില്‍ ദാസന്‍ ജോലിചെയ്ത കാലയളവിലും വ്യത്യാസമുണ്ട്. 2020 ഡിസംബര്‍ 26 ന് ദാസന്‍ ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചു. എന്നാല്‍ 2021 ഒക്ടോബര്‍ 26 ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇവ രണ്ടും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും ദിലീപ് വാദിച്ചു.
Also Read-
Actress Attack Case | അക്രമത്തിനിരയായ നടി അഡ്വ. രാമൻപിള്ളയ്ക്കെതിരെ ബാർ കൗൺസിലിൽ പരാതി നല്‍കി
അതിനിടെ ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടി അതീജിവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ട്. തെളിവുസശിപ്പിയ്ക്കല്‍, സാക്ഷികളെ സ്വാധീനിയ്ക്കല്‍ തുടങ്ങി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തവിധം കേസ് അട്ടിമറിയ്ക്കാനുള്ള നടപടികളാണ് അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ ആണ് അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമന്‍പിള്ളയുടെ ഓഫിസില്‍ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനില്‍ക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവില്‍ 20 സാക്ഷികള്‍ കൂറ് മാറിയതിനു പിറകില്‍ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ക്കാന്‍ കൊച്ചിയിലെ അഭിഭാഷകന്‍ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്‍ സായിശങ്കര്‍ ഈ ഓഫിസില്‍ വെച്ചാണ് രേഖകള്‍ മായ്ച്ചതെന്നാണ് കണ്ടെത്തല്‍. ഇതോടെ സായിശങ്കര്‍ കേസില്‍ പ്രതിയാകും. സായിശങ്കറിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.ഫോണ്‍ രേഖകള്‍ മായ്ച്ചുകളായാന്‍ അഭിഭാഷകസംഘം മുംബൈയിലെ ലാബിലെത്തിയതായ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ഇക്കാര്യം സ്ഥിരീകരിച്ച് ലാബുടമ മൊഴിയും നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.