HOME » NEWS » Crime » HIGH COURT UPHOLDS SENTENCE OF ACCUSED POLICE OFFICER IN LOCKUP HARASSMENT 25 YEARS AGO AR TV

25 വർഷം മുൻപുള്ള ലോക്കപ്പ് മർദ്ദനം: പ്രതിയായ പോലീസുദ്യോഗസ്ഥരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

1996 ഫെബ്രുവരി എട്ടിന് വൈകിട്ട് 5.45 നാണ് കൊല്ലം എഴുകോൺ മുകളുവിള വീട്ടിൽ അയ്യപ്പനെന്ന കൂലിപ്പണിക്കാരനെ എഴുകോൺ പോലീസ് കസ്റ്റഡിയിൽ എടുത്ത് ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയനാക്കിയത്

News18 Malayalam | news18-malayalam
Updated: June 24, 2021, 7:57 PM IST
25 വർഷം മുൻപുള്ള ലോക്കപ്പ് മർദ്ദനം: പ്രതിയായ പോലീസുദ്യോഗസ്ഥരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
News18 Malayalam
  • Share this:
കൊച്ചി: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന്റെ കഥയാണ് ഹൈക്കോടതിയിൽ നിന്നും പുറത്തുവരുന്നത്. 25 കൊല്ലം മുൻപ് നടന്ന ലോക്കപ്പ് മർദ്ദനത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.1996 ഫെബ്രുവരി എട്ടിന് വൈകിട്ട് 5.45 നാണ് കൊല്ലം എഴുകോൺ മുകളുവിള വീട്ടിൽ അയ്യപ്പനെന്ന കൂലിപ്പണിക്കാരനെ എഴുകോൺ പോലീസ് കസ്റ്റഡിയിൽ എടുത്ത് ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയനാക്കിയത്. പിറ്റേദിവസം വൈകിട്ട് 4.20ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ പരസഹായം കൂടാതെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അയ്യപ്പൻ. അയ്യപ്പന്റെ നാക്കിൽ  സിഗരറ്റ് കുത്തി പൊള്ളൽ ഏല്പിക്കുകയും ചെയ്തിരുന്നു.

ലോക്കപ്പിൽ ഏൽക്കേണ്ടിവന്ന മർദ്ദനത്തെ പറ്റി അയ്യപ്പൻ മജിസ്ട്രേറ്റിനോട് പരാതിപ്പെടുകയും ഇക്കാര്യം റിമാൻഡ് അപേക്ഷയിൽ രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് അടിയന്തര വൈദ്യസഹായം നൽകാൻ നിർദേശിച്ച് അയ്യപ്പനെ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു.പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കെട്ടിച്ചമച്ച് അയ്യപ്പനെതിരെ ചാർജ് ചെയ്ത കേസിൽ ഇയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. മേൽ കോടതികളും ഈ വിധി ശരിവെച്ചു.

കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉള്ള നിയമപോരാട്ടം ആയിരുന്നു പിന്നെ നടന്നത്. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 1996ൽ തന്നെ അയ്യപ്പൻ സ്വകാര്യ അന്യായം ഫയൽ ചെയ്ത് ആണ് പോരാട്ടം തുടങ്ങിയത്. 13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2009 ഏപ്രിൽ 3ന് മജിസ്ട്രേറ്റ് ഏ.എസ്സ്.മല്ലിക പോലീസുകാരെ ഒരു വർഷം വീതം തടവും 3500 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 10000 രൂപ അയ്യപ്പന് നഷ്ടപരിഹാരം നൽകാനും ഉത്തരവുണ്ടായി.2012ൽ കൊല്ലം സെഷൻസ് കോടതി ശിക്ഷ ശരിവെച്ചു. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

കേസിനാസ്പദമായ ലോക്കപ്പ് മർദ്ദനം നടക്കുമ്പോൾ എഴുകോൺ എസ്ഐ ആയിരുന്ന ഒന്നാം പ്രതി ഡി.രാജഗോപാൽ പിന്നീട് കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയി സർവീസിൽ നിന്നും വിരമിച്ചു. കോൺസ്റ്റബിൾമാർ ആയിരുന്ന മണിരാജ്, ബേബി, ഷറഫുദ്ദീൻ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ. രണ്ടാം പ്രതി എഎസ് ഐ ടി.കെ പൊടിയൻ വിചാരണ കാലയളവിൽ മരണപ്പെട്ടു.

കൂലിപ്പണിക്കാരനായ അയ്യപ്പൻ പോലീസ് മർദ്ദനത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളിൽ ആയിരുന്നു. പിന്നീട് കിടപ്പാടം നഷ്ടപ്പെട്ടു. കൊല്ലം സെഷൻസ് കോടതിയിൽ അപ്പീൽ കേസ് നിലനിൽക്കെ എഴുകോൺ പോലീസ് സ്റ്റേഷനിൽ 2011 ഓഗസ്റ്റിൽ അയ്യപ്പന് വീണ്ടും ക്രൂരമായ മർദനമേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന്  തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ നിഷേധിക്കപ്പെട്ടതായും ആരോപണമുണ്ടായി.

Also Read- മലപ്പുറം വഴിക്കടവിൽ ഭർത്താവിന്‍റെ വെട്ടേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തു

ഭീഷണികൾ രൂക്ഷമായതോടെ.അയ്യപ്പൻറെ ഭാര്യ ഓമന കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. മനുഷ്യാവകാശ കമ്മീഷൻ ആരോപണങ്ങളിൽ നടപടി സ്വീകരിച്ചു. ചികിത്സ രേഖകൾ നശിപ്പിച്ച സംഭവത്തിലും അന്വേഷണം വേണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.എന്നാൽ അന്വേഷണ പ്രഹസനം ആയിരുന്നു എന്നാണ് ഭാര്യ ഓമനയുടെ ആരോപണം.

2016ൽ പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് അയ്യപ്പനെ ബൈക്കിടിപ്പിച്ച് പരിക്കേൽപ്പിച്ച കേസിൽ പരാതിപ്പെട്ടെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും അയ്യപ്പനും ഓമനയും ആരോപിക്കുന്നു. ഒരു സാധാരണക്കാരൻ അധികാര കേന്ദ്രമായ പോലീസിലെ ക്രിമിനലുകൾക്കെതിരെ നടത്തിയ പോരാട്ടം കൂടിയാണ് വിജയം കാണുന്നത്.വിചാരണ കോടതിയിൽ അഡ്വ. സി ആർ ശ്യാംമോഹനും ഹൈക്കോടതിയിൽ അഡ്വ. കെ എസ് മധുസൂദനനും അയ്യപ്പന് വേണ്ടി ഹാജരായി. ഒരു കസ്റ്റഡി മർദ്ദനക്കേസിൽ മേൽക്കോടതി പോലീസ് ഉദ്യോഗസ്ഥരുടെ തടവുശിക്ഷ ശരിവയ്ക്കുന്നത് അപൂർവ്വ സംഭവമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Published by: Anuraj GR
First published: June 24, 2021, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories