കൊച്ചി: വീട്ടമ്മയ്ക്ക് ഭർത്താവിന്റെ ക്രൂരമർദനം. പ്രഷർ കുക്കർ ഉപയോഗിച്ച് തുടരെ തലയ്ക്കടിച്ചു. ഭർത്താവ് ജോസ് മോഹനാണ് ഭാര്യ മോളി ജോർജിനെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ ഭർത്താവിനെതിരെ മോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നാലെ ജോസ് മോഹൻ ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മോളിയുടെ പരാതിയിൽ സംസ്ഥാന വനിതാ കമ്മിഷൻ ഇടപെട്ടു. പ്രതിയെ വേഗം അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദേശം നൽകിയതായി സതീദേവി ന്യൂസ് 18നോട് പറഞ്ഞു.
ബിഎസ്എൻഎല്ലിലെ മുൻ ഉദ്യോഗസ്ഥയായ മോളി ജോർജിനെ 37 വർഷമായി ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നത് ന്യൂസ് 18 പൊലീസ് പട്രോളാണ് പുറത്തുകൊണ്ടുവന്നത്. വിവാഹം കഴിഞ്ഞ് 10-ാം ദിവസം മുതൽ മോളി ജോർജിനെ ഭർത്താവ് ക്രൂരമായി മർദിക്കുമായിരുന്നു.
നിസ്സാര കാര്യങ്ങൾക്ക് പോലും ഭർത്താവ് ജോസ് മോഹൻ തല്ലിച്ചതയ്ക്കും. ബിഎസ്എൻഎല്ലിലെ ഉദ്യോഗസ്ഥയായിരുന്ന മോളിയുടെ ശമ്പളവും എടിഎം കാർഡുമെല്ലാം ഇയാളാണ് കൈകാര്യം ചെയ്തിരുന്നത്. 37 വർഷമായി മോളിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.