ആലപ്പുഴ പുന്നപ്രയിലെ വത്സല കൃഷ്ണൻകുട്ടി എന്ന 54 കാരി 2021 ഓഗസ്ററ് 10ന് ഒരു സിം എടുത്തു. നാലു മാസം കഴിഞ്ഞപ്പോൾ അവരെ അന്വേഷിച്ച് പുന്നപ്ര സ്റ്റേഷനിൽ നിന്നും പോലീസ് എത്തി. ഭർത്താവും മകനും മരിച്ച അവരെ വഴിയിൽ വെച്ചാണ് പോലീസ് ചോദ്യം ചെയ്തത്. പോലീസിന്റെ ചോദ്യങ്ങൾ അവരെ ഞെട്ടിച്ചു.
ബി.ജെ.പി. നേതാവായിരുന്ന ആലപ്പുഴയിലെ രൺജിത് ശ്രീനിവാസന്റെ കൊലപാതകികൾ ഉപയോഗിച്ച ഫോണിൽ സിം വത്സലയുടെ പേരിലുള്ളതായിരുന്നു. 2021 ഡിസംബർ 19 ലെ കൊലപാതകം ആസൂത്രണം ചെയ്യാൻ ഇത് ഉപയോഗിച്ചു. അതെങ്ങനെ സംഭവിച്ചു എന്നതായിരുന്നു പോലീസിന്റെ പ്രധാന ചോദ്യം. വീട്ടു ജോലിക്കാരിയായ വത്സല ജോലിക്ക് പോകുന്ന വീടുകളും അവർ അന്വേഷിച്ചു.തന്റെ ഫോൺ എങ്ങനെ കൊലപാതകികൾ ഉപയോഗിച്ചു എന്ന കാര്യം വത്സലയ്ക്ക് മനസിലായില്ല. രണ്ടുവർഷം മുമ്പ് മരിച്ച ഭർത്താവിന്റെ ഫോൺ സിം ആകാം എന്ന് അവർ സംശയിച്ചു. അപകടത്തിൽ പെട്ട ഭർത്താവിന്റെ ഫോൺ മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചു കിട്ടിയത്.
വത്സലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ചുപ്പി എന്ന് വിളിക്കുന്ന സുൽഫിക്കറിന്റെ സഹായത്തോടെ പ്രതികളിലൊരാളായ മുഹമ്മദ് ബാദുഷ ഓഗസ്റ്റ് 10ന് സിംകാർഡ് വാങ്ങാൻ ആധാർ നമ്പറും മറ്റ് തിരിച്ചറിയൽ വിവരങ്ങളും നേടിയത് എങ്ങനെയെന്ന് പോലീസ് കണ്ടെത്തി. വത്സല താമസിക്കുന്ന പുന്നപ്ര പഞ്ചായത്ത് വാർഡ് 12 അംഗമാണ് എസ്ഡിപിഐ നേതാവായ സുൾഫിക്കർ.
"എന്റെ പേരിൽ എടുത്ത സിം കാർഡിന്റെ വിശദാംശങ്ങൾ ചോദിച്ച് പോലീസ് സംഘം എന്റെ അടുക്കൽ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. പോലീസ് പറഞ്ഞപ്പോഴാണ് അവർ എന്നെ എങ്ങനെ കബളിപ്പിച്ചതെന്ന് എനിക്ക് മനസ്സിലായത്," വത്സല പറഞ്ഞു.
സിം കാർഡ് എടുക്കാനായി ‘ബി ആൻഡ് ബി’ എന്ന പേരിൽ കളത്തട്ട് എന്ന സ്ഥലത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന ബാദുഷയ്ക്ക് ആധാർ വിവരങ്ങൾ നൽകിയതായി വത്സല പറഞ്ഞു. "ഞാൻ കടയിൽ പോയി പുതിയ സിം എടുക്കാൻ അവരുടെ സഹായം തേടിയിരുന്നു. അവർ എനിക്ക് എന്റെ മകനെ പോലെയായായിരുന്നു. എന്നാൽ അവർ എന്നെ ചതിച്ചു."
ചതി നടന്നത് ഇങ്ങനെ:ഡിസംബർ 31ലെ എഫ്ഐആർ പ്രകാരം, ഓഗസ്റ്റ് 10ന് സിം എടുക്കാൻ വേണ്ടി വത്സല മൊബൈൽ ഷോപ്പിൽ ഫോട്ടോ എടുത്ത് ഉപഭോക്തൃ അപേക്ഷാ ഫോം (CAF) പ്രോസസ്സ് ചെയ്തു. എന്നാൽ ആദ്യത്തെ CAF അപ്ലോഡ് ചെയ്യുമ്പോൾ എന്തോ പിശക് സംഭവിച്ചു എന്ന് ബാദുഷ പറഞ്ഞു. വീണ്ടും രണ്ടാമത് ഫോട്ടോ എടുത്ത് മറ്റൊരു ഫോം പ്രോസസ്സ് ചെയ്തു. ഇങ്ങനെ രണ്ടാമത്തെ സിം നേടി.
"അവൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആദ്യത്തേത് ശരിയായില്ല അത് കൊണ്ട് രണ്ട് തവണ എന്റെ ഫോട്ടോ എടുത്തു. അവൻ എനിക്ക് ഒരു സിം തന്നു. എനിക്ക് ഇത്രയേ അറിയൂ.'' വത്സല പറഞ്ഞു.
"ഞാൻ വീട്ടുവേല ചെയ്താണ് ജീവിക്കുന്നത്. ഇപ്പൊ എന്റെ സഹോദരിയോടൊപ്പം താമസിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഏക മകൻ മരിച്ചു. ഭർത്താവും മരിച്ചു. അവർക്ക് എങ്ങനെ എന്നോട് ഇത് ചെയ്യാൻ കഴിയും?" വത്സല ചോദിച്ചു.
രാജേഷ് എന്ന മറ്റൊരാളുടെ രേഖകളും സിം എടുക്കാനായി ബാദുഷ ദുരുപയോഗം ചെയ്തതായി പൊലീസിന് വിവരമുണ്ട്.
വത്സലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാദുഷയ്ക്കും സുൽഫിക്കറിനും എതിരെ പുന്നപ്ര സ്റ്റേഷനിൽ പോലീസ് കേസെടുത്തു. പഞ്ചായത്ത് അംഗമായ സുൽഫിക്കറിന്റെ നിർദ്ദേശപ്രകാരമാണ് വത്സലയുടെ പേരിൽ മറ്റൊരു സിം എടുക്കാൻ രേഖകൾ ദുരുപയോഗം ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
സിം എടുത്തത് ഓഗസ്റ്റിലാണ്. അതിനാൽ പ്രതികൾ അന്നുമുതൽ കൊലപാതകത്തിന് ആസൂത്രണത്തിലായിരുന്നുവെന്നതിനും ഇത് വെളിപ്പെടുത്തുന്നുവെന്നാണ് പോലീസ് കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.