• HOME
 • »
 • NEWS
 • »
 • crime
 • »
 • പാമ്പുകടിയേറ്റ മരണം കൊലപാതകമായതെങ്ങിനെ? ഒരു സംശയത്തിനു പിന്നാലെ പോയ കഥ

പാമ്പുകടിയേറ്റ മരണം കൊലപാതകമായതെങ്ങിനെ? ഒരു സംശയത്തിനു പിന്നാലെ പോയ കഥ

മറ്റൊരു സാധാരണ പാമ്പുകടി വാർത്ത മാത്രമായി പോകുമായിരുന്ന ഒരു മരണം എങ്ങനെയാണ് കൊലപാതകമായി മാറിയത് എന്ന് പറയുകയാണ് ലേഖകൻ. ഒരു വാചകത്തിൽ തോന്നിയ സംശയം മൂന്നാഴ്ചയോളം എങ്ങനെ മുന്നോട്ടു നയിച്ചു എന്ന് വിശദമാക്കുകയാണ് ലേഖനത്തിലൂടെ.

സൂരജ്

സൂരജ്

 • Share this:
  ഷാർളി ബെഞ്ചമിൻ

  നുണയുടെ നീർക്കുമിളകൾക്ക് അല്പായുസ്സാണ്. അത് വളരെ വേഗം പൊട്ടിപ്പോകും. കരിയിലകൾക്കടിയിലെ പാമ്പിനെപ്പോലെ ഏത് കുറ്റകൃത്യത്തിനു പിന്നിലും ഒരു തെളിവെങ്കിലും ഒളിഞ്ഞ് കിടപ്പുണ്ടാവും. അതാണ് ഇവിടെയും സംഭവിച്ചത്.

  എൻ്റെ നാടായ പുനലൂർ കരവാളൂരിന് മൂന്നു കിലോമീറ്റർ അകലെ അഞ്ചൽ ഏറത്ത് ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവമാണ് പറഞ്ഞ് വരുന്നത്. മെയ് ഏഴിനായിരുന്നു അത്. പ്രാദേശിക ചാനലായ മുദ്ര വിഷന് വേണ്ടി വാർത്ത തയ്യാറാക്കുമ്പോൾ "മൂന്നു മാസത്തിനുളളിൽ രണ്ടാം തവണയാണ് ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത് " എന്ന വരികൾ ഉള്ളിൽ കിടന്നു പിടച്ചു.

  മെയ് ഒമ്പതിന് ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റിട്ടു. "ഉത്ര മരിച്ചതിന് പിന്നിലെ കാരണം എന്താവും? യാദൃശ്ചികം?, ഗന്ധം? (പാമ്പുകൾക്ക് കാഴ്ചയേക്കാൾ ഗന്ധവും ചലനത്തിലുള്ള പ്രകമ്പനവുമാണ് പ്രധാനം), മറ്റെന്തെങ്കിലും കാരണങ്ങൾ ?" ഇങ്ങനെ മൂന്ന് ചോദ്യങ്ങൾ ഉയർത്തി. സമൂഹം ഈ സംഭവത്തെ എങ്ങനെ കാണുന്നു എന്ന കൗതുകമായിരുന്നു അതിന് പിന്നിൽ. കൂടാതെ ഈ രംഗത്തെ ഒരു വിദഗ്ദൻ്റെ അഭിപ്രായവും വേണമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് വ്യത്യസ്തങ്ങളായ മറുപടികൾ കിട്ടി. സർപ്പദോഷത്തെപ്പറ്റി ചിലർ പറഞ്ഞു..! പാമ്പുകളെ ആകർഷിക്കുന്ന ഗന്ധം സ്ത്രീകൾക്ക് ഉണ്ട് എന്ന് മറ്റു ചിലർ, എവിടെയോ ഒരു കുഴപ്പം മണക്കുന്നതായി ചില സംശയാലുക്കളും.

  ഏതായാലും ഉത്രയുടെ മരണം ഉത്തരം കിട്ടാത്ത ചോദ്യമായി മനസ്സിൽ ഇഴഞ്ഞു നടന്നു.

  സഹോദരി ഷൈനി ബെഞ്ചമിനെ ( പത്രപ്രവർത്തക, ദേശിയ ഡോക്കുമെൻററി അവാർഡ് ജേതാവ്) വിളിച്ചു സംശയങ്ങൾ പങ്കിട്ടു. ദുരൂഹതകളുളള മരണമായി തോന്നുന്നുവെന്ന് ഷൈനിയും ഉറപ്പിച്ചു. ഷൈനിയാണ് പറശ്ശിനിക്കടവ് എം.വി.ആർ കോളജിലെ പ്രിൻസിപ്പാൾ ഡോ.മുരളിധരനുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കിയത്. പിന്നീട് ഞാൻ തയ്യാറാക്കിയ റിപ്പോർട്ടുകൾക്കും അന്വേഷണത്തിനും അത് ഏറെ പ്രയോജനപ്പെട്ടു.

  അമോണിയ, വിനാഗിരി, വെളുത്തുള്ളി, മഞ്ഞൾ, മണ്ണെണ്ണ തുടങ്ങിയവയുടെ തീഷ്ണ ഗന്ധം പാമ്പിനെ അകറ്റുന്നതായി തെളിഞ്ഞിട്ടുണ്ടെങ്കിലും ഗന്ധത്തിൽ ആകൃഷ്ടരായി ആക്രമണം നടത്തുന്നതിന് ഇനിയും ശാസ്ത്രീയ അടിത്തറ ഇല്ലെന്ന് ഡോ.മുരളിധരൻ പറഞ്ഞു. ഭിത്തിയിലൂടെയും മിനുസമുള്ള ടൈലിലൂടെയും പ്രയാസപ്പെട്ടായാലും പാമ്പുകൾക്ക് സഞ്ചരിയ്ക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  മൂർഖൻ കടിച്ചാൽ ഉറക്കത്തിലായാലും അറിയാൻ കഴിയുമെന്നും കടിയേറ്റയാൾ ഉണരുമെന്നും ഡോ.മുരളീധരൻ പറഞ്ഞത് എന്നിലെ സംശയത്തിന്റെ ഫണം വീണ്ടും ഉയർത്തി. ഉത്ര ഉറക്കത്തിൽ നിന്ന് ഉണർന്നിരുന്നില്ല എന്നായിരുന്നു ഭർത്താവ് സൂരജ് പറഞ്ഞത്.

  എൻ്റെ നോവലായ ലാബ്രിന്തിലെ ഒരു കഥാപാത്രമായ ശശിയുടെ കാര്യം ഓർമ്മ വന്നു. പറമ്പ് കിളയ്ക്കുന്നതിനിടയിൽ പാമ്പു കടിയ്ക്കുന്നതും അയാൾ പാമ്പിനെ തിരിച്ചു കടിയ്ക്കുന്നതുമാണ് സംഭവം. വിഷവൈദ്യൻ്റെ വീട്ടിൽ എത്തിച്ചതിനാൽ ശശിയുടെ ജീവൻ രക്ഷപ്പെടുന്നു. വിഷ ചികിത്സയെപ്പറ്റി അതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ അയാളുടെ പല്ലുകൾ പതിയെ പതിയെ നഷ്ടപ്പെട്ടു. ശശി മദ്യപിച്ച് 'പാമ്പാ 'യി നടക്കുന്നു. പലയിടങ്ങളിലും വെച്ച് പാമ്പ് അയാളെ പിന്തുടരുന്നു. ഒരു ദിവസം അയാൾ തോട്ടിൽ മരിച്ചു കിടന്നു. ഇതാണ് നോവലിലെ പ്രതിപാദ്യം. എൻ്റെ നാട്ടിൽ നടന്ന സംഭവമാണ് ഇതിന് ആസ്പദം. പാമ്പിനെ കടിച്ചതിനാലാണോ പല്ല് നഷ്ടപ്പെട്ടതെന്നതിനും (വിഷം ഉള്ളിൽ ചെന്നതിനാലും ആകാം) പാമ്പ് കടിയേറ്റാണോ ജീവൻ നഷ്ടപ്പെട്ടതെന്നതിനും ഉത്തരമില്ല. ഇതേ ഉത്തരം കിട്ടാത്ത ദുരൂഹതയായിരുന്നു ഉത്രയുടെ കാര്യത്തിലും.

  പാമ്പുകളെപ്പറ്റിയുള്ള എന്തും കൗതുകത്തോടെ വായിക്കുന്ന സ്വഭാവം ഉള്ളതിനാലാകാം അടുത്തിടെ വായിച്ച അനീഷ് ബർസോമിൻ്റെ നാഗപുരാണം എന്ന ചെറുകഥയും ഓർമ്മ വന്നു. പരസ്പരം ചുറ്റിപിണഞ്ഞ് തല ഭാഗം ഉയർത്തിപ്പിടിച്ച് പാമ്പുകൾ നടത്തുന്നത് സംഭോഗമല്ലെന്നും മറിച്ച് ഒരു മേഖലയുടെ അധികാരത്തിനായി നടത്തുന്ന പ്രവിശ്യാ യുദ്ധമാണെന്നും ശത്രുക്കളെ നേരിടാൻ പടകൂട്ടി വരുന്ന തെയ്യാൻ പാമ്പുകളുണ്ടെന്നും അനീഷിൻ്റെ കഥയിലുണ്ട്. അനീഷിനെ വിളിച്ച് ഈ സംഭവം വിവരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിനും.

  ഇതേ തുടർന്നാണ് ഉത്രയുടെ എറത്തെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. മകൾ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന മാതാപിതാക്കളോട് എങ്ങനെ സംസാരിക്കും എന്നതായിരുന്നു വിഷമിപ്പിച്ചിരുന്നത്. അവിടെ ഉത്രയുടെ ഭർത്താവും ( ഇപ്പോൾ പ്രതിയുമായ) സൂരജുമുണ്ടായിരുന്നു. ഇതുവരെ സൂരജിൻ്റെ അഭിമുഖം ലഭിച്ച ഏക പത്രപ്രവർത്തകനാകാനും അതിലൂടെ കഴിഞ്ഞു.

  Read Also-  കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ

  സൂരജുമായുള്ള സംസാരം സംശയങ്ങൾ കൂടുതൽ ദൃഢമാക്കി. പാമ്പുകടിയേറ്റുണ്ടായ ഒരു മരണമാണെന്ന് വരുത്തി തീർക്കാൻ സൂരജ് വല്ലാതെ ശ്രമിക്കുന്നുണ്ടായിരുന്നു. മുൻപ് ഫ്രിഡ്ജിനടിയിൽ ഒരു പാമ്പിനെ കണ്ടത് ഒന്നും ചോദിക്കാതെ തന്നെ ഇങ്ങോട്ട് പറഞ്ഞത് പ്രത്യേകം ശ്രദ്ധിച്ചു ( വീട്ടിലെ ആരും ഇതിനെ കണ്ടിരുന്നില്ല. സൂരജ് കെട്ടിച്ചമച്ച ഒരു കഥയാണെന്നാണ് ഉത്രയുടെ മാതാപിതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞത്)

  ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ ദിവസം രാവിലെ തന്നെ ലോക്കറിൽ ഉണ്ടായിരുന്ന 96 പവനിൽ ഭൂരിഭാഗവും കാണാതായെന്ന് പിതാവ് പിന്നീട് പറഞ്ഞതോടെ സംശയം ഉറപ്പിച്ചു. ലോക്കറിൽ ഇരിക്കുന്ന സ്വർണ്ണം വിറ്റ് മകൻ്റെ പേരിൽ സ്ഥിര നിക്ഷേപം നടത്തണം എന്ന നിർദ്ദേശം എതിർത്തതാണ് ഉത്തരയുടെ വീട്ടുകാരുടെ സംശയം ബലപ്പെടുത്തിയത്.

  മെയ് ഏഴിന് വാർത്തയും, മെയ് ഒമ്പതിന്  ഫേസ്ബുക്ക് പേജിലെ ചോദ്യത്തിനും ശേഷവും ഒരാഴ്ചയോളം കേസ് അന്വേഷണം നിശബ്ദമായിരുന്നു. ലോക്ഡൗണിൻ്റെ തിരക്കിലും പോലീസ് പരിമിതമായി അന്വേഷണം നടത്തിയിരുന്നു.

  എന്നാൽ പോലീസിൻ്റെ ഭാഗത്തു നിന്നോ മാതാപിതാക്കളുടെ ഭാഗത്തു നിന്നോ പ്രകടമായ പ്രതികരണങ്ങൾ ഉണ്ടായില്ല. പുറത്തിറങ്ങാൻ നിയന്ത്രണങ്ങൾ ഉള്ളതിനാൽ നാട്ടുകാരും രാഷ്ട്രീയക്കാരും നിശബ്ദമായിരുന്നു. ഈ സാഹചര്യത്തിലാണ് മെയ് 12ന് ഉത്തരയുടെ മാതാപിതാക്കളെ കാണാൻ ഞങ്ങൾ ചെല്ലുന്നത്. അപ്പോഴാണ് പോലീസും മാതാപിതാക്കളുടെ മൊഴി എടുക്കുന്നത്.

  തുടർന്ന് ഡോ.മുരളീധരനുമായി വീണ്ടും സംസാരിച്ച ശേഷം മെയ് 17 ന് ഇക്കാര്യമെല്ലാം ഉൾപ്പെടുത്തി 'അടയാളം, എന്ന പേരിൽ ഒരു പ്രത്യേക പരിപാടി അവതരിപ്പിച്ചു. ആരെങ്കിലും മന: പൂർവ്വം പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാവുമോ എന്ന ചോദ്യമുയർത്തിയാണ് പ്രോഗ്രാം അവസാനിപ്പിക്കുന്നത്.

  ഈ പരിപാടി മാതാപിതാക്കളും പോലീസും ശ്രദ്ധിച്ചതായി പിന്നീട് മനസ്സിലായി.( ഇക്കാര്യം അറസ്റ്റിന് ശേഷം നന്ദി പറയുമ്പോൾ മാതാപിതാക്കൾ ഇക്കാര്യം എടുത്തു പറയുന്നുണ്ട്.) അതു വരെ പരാതി നൽകാൻ തയ്യാറാകാഞ്ഞ മാതാപിതാക്കൾ 15 പേജുള്ള പരാതി മെയ് 19ന് പോലീസിന് നൽകി. മെയ് 20 ന് പത്രസമ്മേളനം നടത്തി അവർ ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചു. തുടർന്ന് പോലീസ് നടപടി ഊർജിതപ്പെടുത്തുകയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകുകയും ചെയ്തു.
  TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
  സൂരജിൻ്റെ മൊബൈൽ ഫോണിലെ കാൾ ഹിസ്റ്ററിയിൽ വിളിച്ച രണ്ട് പേരുകൾ പ്രത്യേകം പോലീസ് ശ്രദ്ധിച്ചു. അതിലൊരാൾ പാമ്പ് പിടുത്തക്കാരൻ ചാവറകോട് സ്വദേശി സുരേഷായിരുന്നു.അയാൾക്ക് പണം കൊടുത്ത് അണലിയെയും മൂർഖനെയും സൂരജ് വാങ്ങിയെന്ന് ഉറപ്പിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നെ യൂ ട്യൂബിൽ ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ കണ്ടതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  പത്രപ്രവർത്തകനെന്ന നിലയിൽ സംശയം തോന്നാൻ കാരണമെന്ത് എന്ന് ചോദിച്ചാൽ ഉത്തരം ആറാം ഇന്ദ്രിയമെന്നല്ല...! നിരന്തരമായ അന്വേഷണത്തിലൂടെ അത് വെളിപ്പെട്ട് വരികയായിരുന്നു.

  (സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. കുവൈറ്റ് ടൈംസ്, മംഗളം, അറേബ്യ (യുഎഇ) എന്നീ പത്രങ്ങളിൽ മാധ്യമ പ്രവർത്തകനായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൻ്റെ ശിവറാം അവാർഡ്, കേരള സർക്കാരിൻ്റെ നോർക്ക അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കഥാകൃത്തും നോവലിസ്റ്റുമാണ്)
  First published: