• HOME
 • »
 • NEWS
 • »
 • crime
 • »
 • കോവിഡ് രോഗിയുടെ പാതിരാ പീഡനത്തിനു പിന്നിൽ നടത്തിപ്പിലെ വീഴ്ചകളും പ്രതിയുടെ ആസൂത്രണവും

കോവിഡ് രോഗിയുടെ പാതിരാ പീഡനത്തിനു പിന്നിൽ നടത്തിപ്പിലെ വീഴ്ചകളും പ്രതിയുടെ ആസൂത്രണവും

ആരോഗ്യ വകുപ്പിന്റെ 'കനിവ്' പദ്ധതിയുടെ ഭാഗമായ '108' ആംബുലൻസിന്റെ ഡ്രൈവർ ആകാൻ നൽകിയ അപേക്ഷ പോലും വ്യാജം

പിടിയിലായ നൗഫൽ

പിടിയിലായ നൗഫൽ

 • Last Updated :
 • Share this:
  108 ആംബുലൻസ് ഡ്രൈവർമാർക്കു വേണ്ട പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു പകരം ആറന്മുള കോവിഡ് പീഡനക്കേസ് പ്രതി കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ വി. നൗഫൽ ഹാജരാക്കിയത് സർട്ടിഫിക്കറ്റിനായി കായംകുളം പൊലീസ് സ്റ്റേഷനിൽ നൽകിയ അപേക്ഷയുടെ പകർപ്പെന്നു കമ്പനി . പൊലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.എന്നാൽ നൗഫലിൽ നിന്ന് ഇത്തരമൊരു അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്നു കായംകുളം പൊലീസ് പറയുന്നു. അതായത് ആരോഗ്യ വകുപ്പിന്റെ 'കനിവ്' പദ്ധതിയുടെ ഭാഗമായ '108' ആംബുലൻസിന്റെ ഡ്രൈവർ ആകാൻ നൽകിയ അപേക്ഷ പോലും വ്യാജം.ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പകരം പകർപ്പ് കൊടുത്താലും ജോലി കിട്ടുന്ന തരത്തിലാണ് ഏജൻസി നിയമനമെന്ന സൂചനയുണ്ട്.

  സംഭവിച്ചതെന്ത് ?

  ശനിയാഴ്ച രാത്രി 12 മണിയോടെ ആറന്മുള നാൽക്കാലിക്കൽ പാലത്തിനുസമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിനടുത്തു വെച്ചായിരുന്നു ആംബുലൻസിലെ പീഡനം. പെൺകുട്ടിയുടെ അമ്മയും രണ്ട് സഹോദരിമാരും കോവിഡ് ചികിത്സയിലാണ്. അടൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന യുവതിക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പന്തളത്തെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാക്കാനാണ് ആരോഗ്യവകുപ്പ് 108 ആംബുലൻസ് അയച്ചത്. കോഴഞ്ചേരി കോവിഡ് ആശുപത്രിയിലെത്തിക്കേണ്ട രോഗിയായ നാല്പതുകാരിയായ മറ്റൊരു സ്ത്രീയെയും കൂട്ടിയാണ് ആംബുലൻസ് രാത്രി 11-നു ശേഷം പുറപ്പെട്ടത്. പന്തളത്ത് യുവതിയെ ഇറക്കേണ്ടതിനുപകരം കോഴഞ്ചേരിയിലേക്കുപോയി. കൂടെയുണ്ടായിരുന്ന നാല്പതുകാരിയെ കോഴഞ്ചേരിയിൽ ഇറക്കിയശേഷം ആറന്മുളയിൽ നിന്നും പന്തളത്തേക്കുള്ള വിജനമായ സ്ഥലത്തുവച്ചാണ് അർധരാത്രിയോടെ യുവതിയെ പീഡിപ്പിച്ചത്.

  എന്താണ് കനിവ് പദ്ധതി ?

  റോഡ് അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സൗജന്യ ആംബുലൻസ് ശൃംഖലയാണ് കനിവ് പദ്ധതി. 108 ൽ വിളിച്ചാൽ ആംബുലൻസ് ലഭ്യമാക്കുന്നതിനൊപ്പം തൊട്ടടുത്തുള്ള ആശുപത്രിയിൽ വിവരമറിയിച്ചു സൗകര്യമൊരുക്കും. 14 ജില്ലകളിലായി 316 ആംബുലൻസുകളാണുള്ളത്. ഈ പദ്ധതിയുടെ 293 ആംബുലൻസുകളും ആയിരത്തിലേറെ ജീവനക്കാരുമാണ് ഇപ്പോൾ കോവിഡ് സേവനത്തിനുള്ളത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ജിവികെ ഇഎംആർഐയാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ഏജൻസി.

  ആരാണ് നടത്തിപ്പ് ?

  ഹൈദരാബാദ് ആസ്ഥാനമായുള്ള ജിവികെ എമർജൻസി മാനേജ്‌മന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജിവികെ ഇഎംആർഐയാണ് 108 ആംബുലൻസിന്റെ നടത്തിപ്പ്. ഇക്കാര്യത്തിലെ രാജ്യത്തെ ഏറ്റവും വലിയ പ്രൊഫെഷണൽ ശൃംഖല എന്നാണ് അവരുടെ അവകാശവാദം. സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാമെന്നു നൗഫൽ എഴുതി നൽകിയതിനാൽ ജോലിയിൽ തുടരാൻ അനുവദിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.ആരോഗ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് നൗഫലിനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിച്ചു.മെഡിക്കൽ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാത്തവർ ഉടൻ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഫെബ്രുവരി 25നു കമ്പനി സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ തുടർനടപടികൾ നിർത്തിവച്ചു. ഇപ്പോഴത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, നിലവിലുള്ള മുഴുവൻ ജീവനക്കാരും ഉടനടി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിച്ചു. മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പരാതികളുണ്ടായപ്പോൾ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു.

  ആരോഗ്യ വകുപ്പ് പറയുന്നത്

  എല്ലാത്തിനും ഉത്തരവാദി ജിവികെ ഇഎംആർഐയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. 108 ആംബുലൻസ് ഏജൻസിയാണ് സ്റ്റാഫ് നഴ്‌സിനെ നിയമിക്കേണ്ടതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.കോവിഡ് രോഗിക്കൊപ്പം ആംബുലൻസിൽ സ്റ്റാഫ് നഴ്‌സിനെയും അയയ്ക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. 2014-2015 ൽ ആലപ്പുഴയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത പരിചയവും പരിഗണിച്ചത്രെ. മുൻപു റാന്നിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ഒരു മാസം മുൻപാണ് അടൂർ ജനറൽ ആശുപത്രിയിൽ ജോലിക്കെത്തിയത്.

  ആരാണ് നൗഫൽ

  കായംകുളത്ത് സ്വകാര്യ ആംബുലൻസുകളിലെ ഡ്രൈവറായിരുന്നു. ഒരു വർഷം മുൻപാണ് 108 ആംബുലൻസ് ഡ്രൈവറായത്. നൗഫൽ 2009ൽ കായംകുളത്തു വധശ്രമക്കേസിൽ റിമാൻഡിലായിരുന്നു. കഞ്ചാവു വിഷയവുമായി ബന്ധപ്പെട്ട് ഒരാളെ സംഘം ചേർന്ന് മർദിച്ചെന്നാണു കേസ്. കേസിൽ പെട്ടതിനാൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടുക അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് അപേക്ഷ കൊടുത്തെന്ന് വരുത്തുന്ന കടലാസ് കൊടുത്ത് ജോലിക്ക് കയറിയത്. നൗഫലിനു ഭരണമുന്നണിയിലെ ചില നേതാക്കളുമായി അടുത്ത ബന്ധമുള്ളതായി കോൺഗ്രസ് ആരോപിക്കുന്നു.

  എന്തൊക്കെയാണ് അധികൃതരുടെ വീഴ്ചകൾ

  ഏഴുമണിക്കു ശേഷം സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി
  ആംബുലൻസിൽ ആരോഗ്യ പ്രവർത്തകർ ഉണ്ടായില്ല
  പെൺകുട്ടിയുടെ ഒപ്പം ആരുമില്ലാതെ പന്തളത്തേക്ക് കൊണ്ടുപോയി
  അർധരാത്രിയിലാണ് യാത്ര എന്നതും കണക്കിലെടുത്തില്ല
  ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലം ശ്രദ്ധയിൽ പെട്ടില്ല
  ഡ്രൈവറുടെ പോലീസ് ക്ലിയറൻസ് എന്ന കാര്യത്തിൽ അലംഭാവം കാണിച്ചു

  ഇരയ്ക്കു വേണ്ടി വല വിരിച്ച പ്രതി

  സംഭവത്തിനുപിന്നിൽ പ്രതിയുടെ കൃത്യമായ ആസൂത്രണമുണ്ടെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്നും പ്രതി പറയുന്നത് പെൺകുട്ടി ഫോണിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇത് നിർണായക തെളിവാണെന്ന് എസ്‌പി. പറഞ്ഞു.പെൺകുട്ടിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് കോവിഡ് വന്ന വിവരം അറിഞ്ഞ ഇയാൾ പെൺകുട്ടിയുടെ രോഗ വിവരം നിരന്തരം അന്വേഷിച്ചത് പീഡിപ്പിക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നു എന്നാണ് സൂചന. പെൺകുട്ടിയെ ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് വീട്ടിൽ നിന്നും എടുത്തത്. അടൂരിൽ നിന്നും നേരെ എംസി റോഡിലൂടെ 12 കിലോമിറ്റർ അകലെയുള്ള പന്തളത്തേക്ക് വരാം എന്നിരിക്കെ 27 കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരിയിലേക്കു ആദ്യം പോയതിനു പിന്നിലും ദുരൂഹതയുണ്ട്. കോഴഞ്ചേരിയിൽ നിന്നും 18 കിലോമിറ്റർ അകലെയാണ് പന്തളം.

  പെൺകുട്ടിയുടെ ധീരമായ ഇടപെടൽ

  പീഡനത്തിനു ശേഷം പ്രതിയുടെ മാപ്പു പറച്ചിൽ പെൺകുട്ടി മൊബൈലിൽ റെക്കോർഡ് ചെയ്തു. ഇത് കേസിൽ നിർണായക തെളിവാകാൻ സാധ്യതയുണ്ട്. പ്രതിയുടെ ഭീഷണി ഉണ്ടായിരുന്നു എങ്കിലും അത് കണക്കിലെടുക്കാതെ പന്തളത്തെ കോവിഡ് കേന്ദ്രത്തിലെത്തിയ പെൺകുട്ടി അധികൃതരോട് വിവരംപറഞ്ഞു. ആരോഗ്യപ്രവർത്തകർ പൊലീസിൽ അറിയിച്ചു. ഇതിനിടെ ആംബുലൻസുമായി അടൂരിലെത്തിയ നൗഫലിനെ അടൂർ എസ്‌ഐ. ശ്രീജിത്തും സംഘവും കസ്റ്റഡിയിലെടുത്ത് പന്തളം പൊലീസിന് കൈമാറി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പട്ടിക ജാതി പീഡനം തുടങ്ങിയ കുറ്റങ്ങളിലാണ് കേസ്. യുവതിയെയും പ്രതിയെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
  Published by:Chandrakanth viswanath
  First published: