നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'കൂടത്തായി' പരമ്പര കൊലയിൽ കുറ്റാന്വേഷകൻ കാണുന്നത്

  'കൂടത്തായി' പരമ്പര കൊലയിൽ കുറ്റാന്വേഷകൻ കാണുന്നത്

  14 വർഷം, 6 കൊലപാതകങ്ങൾ. കേസ് കുറ്റാന്വേഷകന്റെ മേശപ്പുറത്ത് എത്തുന്നത് ആദ്യ കൊലപാതകം നടന്ന് 17 വർഷങ്ങൾക്ക് ശേഷവും. സ്വാഭാവികമായും തെളിവുകൾ ശേഖരിക്കുക ഏറെ വെല്ലുവിളി നിറഞ്ഞ കടമ്പയാണ് അന്വേഷണ സംഘത്തിന്...

  News18

  News18

  • Share this:
   ബി എസ് ജോയ്

   ആദ്യ കൊലപാതകം നടന്നത് 2002ലാണ്, അമ്മായിയമ്മ- മരുമകൾ ബന്ധത്തിലെ അസ്വാരസ്യങ്ങളും അമ്മായി അമ്മയുടെ സ്വർണ വളകൾ‌ മോഷണം പോയതുമായി ബന്ധപ്പെട്ട് ഉയർന്ന് ആരോപണങ്ങളും മരുമകൾ ജോളിയിൽ ക്രൂരതയുടെ ആദ്യ വിത്ത് പാകി എന്ന് വേണം അനുമാനിക്കാൻ.

   ഒപ്പം പൊന്നാമറ്റം കുടുംബത്തിന്റെ താക്കാൽക്കാരി ആകണമെന്ന അദമ്യമായ മോഹവും ജോളിയിൽ ആളിക്കത്തിയിരിക്കണം. തുടർന്നാണ് റിട്ടയേർഡ് അധ്യാപിക കൂടിയായ അന്നമ്മയെ വിഷം കൊടുത്ത് കൊല്ലാൻ ജോളി തീരുമാനിച്ചത്. കൊലപ്പെടുത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും വ‌‌ർധിത വീര്യത്തോടെ പ്രതി രണ്ടാം ശ്രമം നടത്തുകയും ഇരയെ തന്ത്രപൂർവം വകവരുത്തുകയും ചെയ്തു. അന്നമ്മയുടെ മരണം കണ്ടെത്താനാകാത്ത അസുഖം മൂലമാണെന്ന് ഉറ്റ ബന്ധുക്കളെ വിശ്വസിപ്പിക്കുന്നതിലും പ്രതി വിജയിച്ചു.

   ഇതോടെ എതിർ ശബ്ദങ്ങളെയും ഇഷ്ടമില്ലാത്തവരെയും ഇല്ലായ്മ ചെയ്യാൻ ആഹാരത്തിൽ വിഷം കലർത്തി കൊല്ലുക എന്ന രീതി പ്രതി സ്വീകരിക്കുകയായിരുന്നു. അന്നമ്മയ്ക്ക് സയനൈഡ് കൊടുത്തില്ലെന്നാണ് ജോളിയുടെ മൊഴി. അത് വിശ്വസിക്കാമെങ്കിൽ രണ്ടാമത്തെ കൊലപാതകം കുറെക്കൂടി കുറ്റമറ്റതാകണം എന്ന് പ്രതി നിശ്ചയിച്ച് ഉറപ്പിച്ചിരിക്കണം.

   അതിനുവേണ്ടിയാകണം വീട്ടിലെ പതിവ് സന്ദർശകനും ജ്വല്ലറി ജീവനക്കാരനുമായ മാത്യുവിനെ പ്രതി കൂട്ടുപിടിച്ചത്. ജ്വല്ലറി ജീവനക്കാരൻ വിചാരിച്ചാൽ മാരക വിഷമായ സയനൈഡ് എളുപ്പത്തിൽ ലഭിക്കുമെന്ന് പ്രതി മനസ്സിലാക്കിയിരുന്നു. മാത്യുവിന് തന്നോടുള്ള വഴിവിട്ട ബന്ധം ജോളി കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ജോളിയുടെ ആവശ്യം മാത്യു സാധിച്ചു കൊടുത്തു. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞ് മാത്യു സ്വർണ്ണപ്പണിക്കാരൻ പ്രജി കുമാറിൽ നിന്ന് സയനൈഡ് തരപ്പെടുത്തി ജോളിക്ക് നൽകി, നായ്ക്കളെ കൊല്ലാനെന്ന് ജോളി മാത്യുവിനോട് പറഞ്ഞിരുന്നെങ്കിലും അന്നമ്മയുടെ ഭർത്താവ് ടോം തോമസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ മാത്യുവിനും കാര്യങ്ങൾ മനസ്സിലായിരുന്നു.

   ജോളി NIT ക്യാമ്പസിനകത്ത് കയറിയതറിയില്ല; കാര്യങ്ങൾ അറിഞ്ഞത് അന്വേഷണസംഘം എത്തിയതിനു ശേഷം: രജിസ്ട്രാർ പങ്കജാക്ഷൻ

   അന്നമ്മയുടെ മരണത്തോടെ തന്റെ കൈവശം എത്തുമെന്ന് കരുതിയ കുടുംബ അധികാരം ലഭിക്കാതെ പോയതും ഇനി മകൻ റോയ് തോമസിന്( ജോളിയുടെ ആദ്യ ഭർത്താവ്) സ്വത്തുക്കൾ നൽകില്ലെന്ന് ടോം തോമസ് വ്യക്തമാക്കിയതുമാണ് ജോളിയുടെ പ്രതികാരത്തിന് കാരണമായത്. കപ്പപ്പുഴുക്കിൽ സയനൈഡ് കല‌‍ർത്തിയാണ് രണ്ടാമത്തെ ഇരയെ ജോളി കാലപുരിക്ക് അയച്ചത്. ആദ്യ കൊലപാതകവും രണ്ടാമത്തെ കൊലപാതകവും തമ്മിൽ ആറ് വർഷത്തെ ഇടവേള ഉണ്ടായിരുന്നു. ഈ ആറ് വർഷവും ജോളി വീട്ടിലും നാട്ടിലും ജോളി ആയി കഴിഞ്ഞു. അതാണ് സീരിയൽ കില്ലറുടെ രീതി. പെട്ടന്നുള്ള പ്രകോപനത്തിൽ കൂട്ടക്കൊല ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമാണ് പരമ്പരക്കൊലയാളിയുടെ മനസ്സും മനശാസ്ത്രവും. പക കനലുപോലെ നീറ്റിക്കൊണ്ടിരിക്കുന്ന മനസ്സും കുറ്റകൃത്യവും കുറ്റവാസനയും മറച്ചുവയ്ക്കാനുള്ള കഴിവുമാണ് പരമ്പരക്കൊലയാളിയെ മറ്റ് ക്രമിനലുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.

   jolly_koodathayi

   ടോം തോമസ് മരിച്ചതിനു പിന്നിലും കണ്ടെത്താൻ കഴിയാത്ത രോഗമെന്ന് തന്നെ ബന്ധുക്കൾ വിധിയെഴുതി, സംശയ നിഴൽ ജോളിയിൽ പതിഞ്ഞതുമില്ല. ഇതോടെ ജോളിയും മാത്യുവും കൂടുതൽ അടുത്തു. ഇത് ഭർത്താവ് റോയ് എതിർത്തു, കൂടാതെ അമ്മയുടെയും അപ്പന്റെയും മരണത്തോടെ റോയ് ജോത്സ്യന്മാരെ കാണാനും വീട്ടിൽ പുജകൾ നടത്താനും തുടങ്ങി. ഇത് തനിക്ക് പാരയാകുമെന്ന് ജോളി കരുതിയിരുന്നു. റോയിയുടെ മദ്യപാന ശീലം മറയാക്കി ജോളി റോയിയുമായി അകലാനും തുടങ്ങി. കൂടാതെ സ്ഥിരവരുമാനമുള്ള ആരെയെങ്കിലും സ്വന്തമാക്കണമെന്നും ജോളി ആഗ്രഹിച്ചിരുന്നു. ഇതോടെ റോയിയെ ഇല്ലായ്മ ചെയ്യാൻ ജോളി ഉറച്ചു. അതാണ് 2011 ൽ അരങ്ങേറിയ മൂന്നാമത്തെ കൊലപതാകം. കടലക്കറി ഏറെ ഇഷ്ടപ്പെട്ടിരുന്ന റോയിക്ക് അതേ ഇഷ്ടത്തിൽ തന്നെ സയനൈഡ് കലർത്തി നൽകിയാണ് ജോളി പ്ലാൻ നടപ്പിലാക്കിയത്. ഇവിടെ ജോളിക്ക് അനായസമായി രക്ഷപ്പെടാൻ കഴിയമായിരുന്നില്ല. എന്നാൽ ചില നോട്ടപ്പിശകുകൾ ജോളിയെ ഇവിടെയും രക്ഷിച്ചു.

   മരണം ആത്മഹത്യയെന്ന് പ്രത്യക്ഷത്തിൽ തന്നെ തോന്നുന്ന സാഹചര്യം സ്വയം വന്നു ഭവിച്ചിരുന്നു. റോയി ഭക്ഷണം കഴിച്ച് അസ്വസ്ഥനായി ശുചിമുറിയിൽ കയറി കതകടച്ചു, റോയിയെ നാട്ടുകാർ ശുചിമുറിയുടെ കതക് തകർത്താണ് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഒരു പക്ഷെ റോയി ശുചിമുറിക്ക് പുറത്താണ് വീണതെങ്കിൽ അതും കുടുംബത്തെ പൊതുവെ ബാധിച്ച അഞ്ജാത രോഗത്തിന്റെ ഗണത്തിൽപ്പെട്ടേനേ. റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് മറ്റൊന്ന്. റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതും ദഹിക്കാത്ത ഭക്ഷണം ആമാശയത്തിൽ കണ്ടതും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. എന്നാൽ അന്ന് കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് എസ് ഐ രാമനുണ്ണി ബന്ധുക്കളുടെ അഭ്യർത്ഥന അനുസരിച്ച് കൂടുതൽ അന്വേഷിക്കാതെ കേസ് അത്മഹത്യ എന്ന് എഴുതി ഒതുക്കി. അതോടെ ജോളി വീണ്ടും രക്ഷപ്പെട്ടു.

   എന്നാൽ റോയിയുടെ മരണത്തിൽ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ സംശയം പ്രകടപ്പിച്ചു. അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോളിയുടെ നാലാമത്തെ ഇര മഞ്ചാടിയിൽ മാത്യു ആയത് അങ്ങനെയാണ്. എന്നാൽ മാത്യുവിനെ ഇല്ലായ്മ ചെയ്യുക അത്ര എളുപ്പമായിരുന്നില്ല ജോളിക്ക്. ഒരു കിലോമീറ്റ‌‍ർ അകലെയുള്ള വീട്ടിലാണ് മാത്യു താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആദ്യ മൂന്ന് കൊലപാതകങ്ങൾ നടത്തിയ അത്ര എളുപ്പത്തിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ജോളിക്ക് കഴിഞ്ഞില്ല. അതിനായി മൂന്ന് വർഷം കാത്തിരുന്നു. മാത്യുവിന്റെ വീട്ടിലെത്തിയ ജോളി കാപ്പിയിൽ വിഷം കലർത്തി നൽകിയാണ് മാത്യുവിനെ വകവരുത്തിയത്. കാപ്പി കുടിച്ച് അസ്വസ്ഥത പ്രകടപ്പിച്ച മാത്യുവിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാരെ വിളിച്ചു കൂട്ടിയതും ജോളി ആയിരുന്നു.   നാല് കൊലപാതകങ്ങൾക്ക് ശേഷമാണ് ടോം തോമസിന്റെ മകൻ ഷാജുവിനെ തനിക്ക് ഭർത്താവായി ലഭിച്ചാൽ നന്നാകുമെന്ന് ജോളിക്ക് ചിന്ത വന്നത്. അതിന് അയാളുടെ ഭാര്യയെ ഇല്ലായ്മ ചെയ്യണമെന്ന് ജോളി തീരുമാനിച്ചു. ഷാജുവിന്റെ മൂത്തമകന്റെ പുത്തൻ കുർബാന ദിവസം ഭക്ഷണത്തിൽ വിഷം കലർത്തി കൃത്യം നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാൽ അന്ന് കൊല്ലപ്പെട്ടത് ഷാജുവിന്റെ രണ്ടാമത്തെ മകൾ ആൽഫൈൻ ഷാജുവെന്ന ഒരു വയസ്സുകാരിയായിരുന്നു. 2014 ലിലായിരുന്നു മഞ്ചാടിയിൽ മാത്യുവും ആൽഫൈൻ ഷാജുവും കൊല്ലപ്പെട്ടത്. ഷാജുവിന്റെ ഭാര്യ സിലിയെ വകവരുത്താൻ ജോളി പിന്നെയും രണ്ട് വർഷം കരുക്കൾ‌ നീക്കി. 2016 ൽ സിലിക്ക് ഗുളികയിൽ സയനൈഡ് പുരട്ടി കൊടുത്താണ് കൊലപ്പെടുത്തിയത്.

   കൂടത്തായി: സിലിയെ കൊലപ്പെടുത്തിയത് വിഷം പുരട്ടിയ ഗുളിക നൽകി; ജോളിക്കെതിരെ പുതിയ കേസ്

   ഇതാണ് കൂടത്തായ് പരമ്പരക്കൊലയുടെ ഇതിവൃത്തം. സ്വത്ത് മോഹിയായ ജോളി, ടോം തോമസിന്റെ 38 സെന്റെ വീടും പുരയിടവും വ്യാജ രേഖ ചമച്ച് സ്വന്തമാക്കിയതിനു പുറമെ 50 സെന്റെ പുരയിടം കൂടി തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. 2013 ൽ ഇതിനെ ചോദ്യം ചെയ്ത് റോയ് തോമസിന്റെ അനുജൻ റോജോയും അനിയത്തി റെഞ്ചിയും പരാതിയുമായി രംഗത്ത് എത്തി. അന്ന് വ്യാജ രേഖ ഉപയോഗിച്ച് ജോളി തട്ടിയെടുത്ത സ്വത്തൊക്കെ തിരികെ എഴുതി വാങ്ങി. പിന്നീട് 2019 ജൂണിലാണ് റോജോയും റെഞ്ചിയും ജോളിക്കെതിരെ പരാതിയുമായി രംഗത്ത് വരുന്നത്. ഇത്തവണ അന്വേഷണം ക്രൈംബ്രാഞ്ചിനായിരുന്നു. അവർ റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് അന്വേഷണം തുടങ്ങി. ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തു. സാഹചര്യത്തെളിവുകൾ കണ്ടെത്തി, സാക്ഷികളെ അണിനിരത്തി. ജോളിയെ അഞ്ച് തവണ ചോദ്യം ചെയ്തു. ഒടുവിൽ ജോളിയെ മാത്രമല്ല അവർക്ക് സയനൈഡ് എത്തിച്ച പുരുഷ സുഹൃത്ത് മാത്യു, സ്വർണപ്പണിക്കാരൻ പ്രജി കുമാർ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റോയ് കൊലക്കേസിലാണ് അറസ്റ്റ്. മറ്റ് നാലു കൊലപാതകങ്ങളിൽ ജോളിക്കൊപ്പം മാത്യുവിനെയും പ്രതി ചേർത്ത് കൊലക്കുറ്റം ചുമത്തി.

   റോയ് കൊലക്കേസിൽ യാഥാസമയം കുറ്റപത്രം കൊടുക്കുകയാണെങ്കിൽ ജോളിയ്ക്ക് ജാമ്യം ലഭിക്കാതിരിക്കും. അതിനുളള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മറ്റ് കേസുകളിൽ‌ സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും വേണം. കൂടാതെ ജോളി സമ്മതിച്ചതുപോലുള്ള കൊലപാതകങ്ങളാണെങ്കിൽകൂടി തക്കതായ ശാസ്ത്രീയ തെളിവുകൾ പൊലീസിന് ശേഖരിച്ചേ മതിയാകൂ. ഇത് കടുത്ത വെല്ലുവിളി തന്നെയാണ്.

   (തുടരും)

   First published:
   )}