നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രതികളുമൊത്ത് മദ്യപിച്ചു; പൊലീസ് 20 വർഷം പഴക്കമുള്ള കേസ് തെളിയിച്ചു.

  പ്രതികളുമൊത്ത് മദ്യപിച്ചു; പൊലീസ് 20 വർഷം പഴക്കമുള്ള കേസ് തെളിയിച്ചു.

  ഒരു തുമ്പുമില്ലാതെ പോയ കേസ് ഇരുപതു വർഷത്തിനു ശേഷം തെളിയിച്ച ചരിത്രമുണ്ട് കോഴിക്കോട് റൂറൽ എസ്.പി കെ.ജി.സൈമണിന്.

  ന്യൂസ് 18

  ന്യൂസ് 18

  • News18
  • Last Updated :
  • Share this:
   എം എസ് അനീഷ്‌കുമാർ

   മഹാദേവൻ എവിടെ ?

   ചങ്ങനാശേരി മതുമൂല സ്വദേശിയായ മഹാദേവനെന്ന പന്ത്രണ്ടുകാരനെ 1995 ലാണ് കാണാതായത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചുമെല്ലാം വര്‍ഷങ്ങളോളം നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. എന്നാൽ മഹാദേവനെ കണ്ടതായി അറിയിച്ച് ഫോണ്‍കോളുകളും,മോചനദ്രവ്യമാവശ്യപ്പെട്ടുള്ള കത്തുകളും ഇടയ്ക്കിടെ വീട്ടിലേക്ക് എത്തിയ്‌ക്കൊണ്ടിരുന്നു.

   എഴുതിത്തള്ളാൻ പോലീസ്

   15 വര്‍ഷം പിന്നിട്ടിട്ടും തുമ്പു കിട്ടാതെ വന്നതോടെ കേസ് എഴുതിതള്ളാൻ പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ മഹാദേവന്റെ പിതാവ് ഉദയന് അങ്ങനെ വിട്ടുകൊടുക്കാന്‍ മനസില്ലായിരുന്നു. അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിയ്ക്കണമെന്ന് ഉത്തരവ്.അന്വേഷണോദ്യോഗസ്ഥന്‍ കെ.ജി.സൈമണ്‍.

   വീണ്ടും തുറന്ന കേസ് ഡയറി

   2015 മുതല്‍ വീണ്ടും അന്വേഷണം ആരംഭിച്ചു.ആദ്യം കത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കത്തുകളെഴുതിയതും ഫോണ്‍ ചെയ്തതും ഒരാളാണെന്ന് കണ്ടെത്തി. എന്നാല്‍ ചോദ്യം ചെയ്യലില്‍ തമാശയ്ക്ക് കത്തെഴുതിയതെന്ന് എഴുതിയ ആള്‍ മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെ ഇയാള്‍ക്ക് കൃത്യത്തില്‍ പങ്കില്ലെന്ന് പോലീസിന് ബോധ്യമായി.

   കേസ് തുറന്ന ഉണ്ണിയുടെ താക്കോൽ

   അന്വേഷണം വീണ്ടും വഴിമുട്ടി. പഴയ കേസ് ഡയറി ഇഴകീറി വീണ്ടും പരിശോധിച്ചു. അങ്ങിനെ ചങ്ങനാശേരിയിലെ സൈക്കിള്‍ കടക്കാരന്‍ ഉണ്ണി ചിത്രത്തിലെത്തി. മഹാദേവനെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞ് ഉണ്ണി മഹാദേവന്റെ വീട്ടിലെത്തിയിരുന്നു. മഹാദേവന്റെ സൈക്കിൾ നൽകി. അതിന്റെ താക്കോലും നൽകി. കാണാതാവും മുമ്പ് മഹാദേവന്‍ നന്നാക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു സൈക്കിൾ എന്നായിരുന്നു വിശദീകരണം. എന്നാല്‍ സൈക്കിളിന്റെ താക്കോല്‍ മഹാദേവന്റെ അച്ഛന്റെ കടയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത മണത്ത ക്രൈബ്രാഞ്ച് ഉണ്ണിയെ വിശദമായി ചോദ്യം ചെയ്തു. പക്ഷെ മഹാദേവന്റെ അച്ഛനോട് പറഞ്ഞ അതേ കാര്യങ്ങള്‍ ഉണ്ണി ആവര്‍ത്തിച്ചു.

   ഉണ്ണിയെ കണ്ടാലറിയാം....

   പിന്നീട് അന്വേഷണം ഉണ്ണിയുടെ ചുറ്റുപാടുകള്‍ കേന്ദ്രീകരിച്ചായി. ദിവസങ്ങളോളം ഉദ്യോഗസ്ഥര്‍ ഉണ്ണിയുടെ അച്ഛനുമായി സംസാരിച്ചു. ഇതിനിടയില്‍ മഹാദേവന്‍ മരിച്ചുപോയിരിക്കാം എന്ന് അബദ്ധത്തില്‍ ഉണ്ണിയുടെ അച്ഛൻ പറഞ്ഞു. എന്നാൽ ഉടൻ തന്നെ മാറ്റിപ്പറഞ്ഞു. അന്വേഷണത്തിനിടയില്‍ ഒരു കാര്യം കൂടി മനസിലായി ഉണ്ണിയുടെ ഉറ്റസുഹൃത്തുക്കളിലൊരാളെയും കൂടി കാണാതായിട്ടുണ്ട്.

   'മദ്യപാനം ഹാനികരം; കേസന്വേഷണത്തിന് ഗുണകരം '

   അന്വേഷണ സംഘം ഉണ്ണിയുടെ മദ്യപാന ശീല സ്വഭാവം മനസിലാക്കി. താമസിയാതെ അവർ  കച്ചവടക്കാർ എന്ന മട്ടിൽ ഉണ്ണിയുടെയും സുഹൃത്തുക്കളുടെയും സുഹൃത്തുക്കളായി. അങ്ങനെ ആഴ്ചകളോളം അവരോടൊപ്പം മദ്യപാന സദസുകളില്‍പങ്കെടുത്തു. മദ്യസത്ക്കാരത്തിനായി ഏറെ പണവും മുടക്കി. ലഹരിയ്ക്ക് പൂര്‍ണമായി അടിപ്പെട്ട സമയത്ത് സുഹൃത്തുക്കളിലൊള്‍ ഒരു കാര്യം വെളിപ്പെടുത്തി. ഉണ്ണി ഒരാളെ തട്ടിയതായി പറഞ്ഞിട്ടുണ്ട്. അവനതില്‍ ഭയങ്കര വിഷമവുമുണ്ട്. പിന്നെ കാത്തു നില്‍ക്കാതിരുന്ന പോലീസ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തു.

   തട്ടിയത് ഒരാളെയല്ല രണ്ടുപേരെ

   പൊതുവെ കറങ്ങി നടക്കുന്ന സ്വഭാവമുള്ള മഹാദേവന്‍ സംഭവദിവസം ഉണ്ണിയുടെ സൈക്കിള്‍ കടയിലെത്തി. ഉണ്ണി പറഞ്ഞ എന്തോ കാര്യത്തെ എതിര്‍ത്ത മഹാദേവനെ അയാൾ അടിച്ചു. തുടർന്ന് മഹാദേവന്‍ കൊല്ലപ്പെട്ടു. ഈ സമയത്താണ് ഉണ്ണിയുടെ സുഹൃത്ത് സജി സ്ഥലത്തെത്തിയത്. ഉണ്ണി കരഞ്ഞുപറഞ്ഞതോടെ സജിയുടെ സഹായത്തോടെ മൃതദേഹം കോട്ടയം നഗരത്തിനടുത്ത് നാട്ടകത്തെ പാറക്കുളത്തില്‍ തള്ളി. കാലം കഴിഞ്ഞപ്പോൾ സജി കൊലപാതകത്തിന്റെ പേരില്‍ ഉണ്ണിയെ ബ്ലാക്ക് മെയില്‍ ചെയ്യാനാരംഭിച്ചു. തുകയുടെ വലുപ്പം ഏറിയതോടെ സജിയെയും ഉണ്ണി വക വരുത്തി. നാട്ടകത്തെ അതേ പാറക്കുളത്തില്‍ തള്ളി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി രണ്ടു മൃതദേഹങ്ങളും പാറക്കുളത്തില്‍ തള്ളിയതായി സമ്മതിച്ചു.

   പാറക്കുളത്തിലെ അസ്ഥികൂടങ്ങൾ

   ഏക്കറുകണക്കിന് വിസ്തൃതിയുള്ള പാറക്കുളം വറ്റിയ്ക്കുന്നത് പോലീസിന് വന്‍വെല്ലുവിളിയായിരുന്നു. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കുളം വറ്റിച്ചു. ജന്തുക്കളുടെയടക്കം അസ്ഥികൂടങ്ങളടക്കം ലഭിച്ചെങ്കിലും മഹാദേവന്റെയും സജിയുടെയും അസ്ഥികൂടങ്ങള്‍ ഭദ്രമായി കുളത്തില്‍ കിടന്നു.ശാസ്ത്രീയമായ പരിശോധനയില്‍ അസ്ഥികൂടങ്ങള്‍ ഇവരുടെതന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
   First published:
   )}