HOME » NEWS » Crime » HOW POLICE PROVE PERUVANTHANAM KUSHAN CASE FROM DEAD BODYS FINGER PRINT JJ

അജ്ഞാത മൃതദേഹത്തിന്‍റെ വിരലടയാളത്തിൽ നിന്ന് കൊലയാളിയെ കിട്ടി; ഫോറൻസിക് ഒരു ചെറിയ കളിയല്ല

പെരുവന്താനം കുശൻ കൊലക്കേസ് പൊലീസ് തെളിയിച്ചത് എങ്ങനെ?

News18 Malayalam | news18
Updated: October 23, 2019, 4:39 PM IST
അജ്ഞാത മൃതദേഹത്തിന്‍റെ വിരലടയാളത്തിൽ നിന്ന് കൊലയാളിയെ കിട്ടി; ഫോറൻസിക് ഒരു ചെറിയ കളിയല്ല
murder
  • News18
  • Last Updated: October 23, 2019, 4:39 PM IST
  • Share this:
കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും തുമ്പുണ്ടാക്കി കുറ്റവാളിയെ അകത്താക്കാൻ ഫോറൻസിക് സംഘം അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചിട്ടുണ്ട്. സുകുമാരക്കുറുപ്പ് കേസു പോലുള്ള പല കേസുകളിലും ഫോറൻസിക് സംഘത്തിന്‍റെ കണ്ടെത്തലുകൾ നിർണായകമായിരുന്നു.

ഫോറൻസിക് തെളിവുകൾ

ഇക്കാലത്ത് ഫോറൻസിക് പരിശോധനയും കണ്ടെത്തലും എല്ലാ കേസുകളിലും നിർണായകമാണ്. പെരുമ്പാവൂർ ജിഷ കൊലക്കേസിൽ പ്രതിയെ പിടികൂടുന്നതിനും കുറ്റം തെളിയിക്കുന്നതിനുമൊക്കെ ഫോറൻസിക് സംഘത്തിന്‍റെ കണ്ടെത്തലുകൾ സഹായകമായിരുന്നു. കേസിൽ കുറ്റവാളി ശിക്ഷിക്കപ്പെടണമെങ്കിൽ തെളിവുകൾ കൂടിയേ തീരൂ. കുറ്റവാളിയെ കണ്ടെത്തിക്കഴിഞ്ഞാൽ തെളിവെടുപ്പിലൂടെ അന്വേഷണസംഘം കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ കുറെ തെളിവുകൾ സ്വാഭാവികമായും കണ്ടെത്തും. കുറ്റവാളിയെ കണ്ടെത്താൻ പോലും കഴിയാതിരുന്ന കൊലക്കേസുകളിലും അന്വേഷണസംഘം തുമ്പുണ്ടാക്കി കുറ്റവാളിയെ തുറുങ്കിലടച്ചിട്ടുണ്ട്.

പെരുവന്താനം കുശൻ കൊലക്കേസ്

41 വർഷം മുമ്പ് പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാരിസൺ എസ്റ്റേറ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഫിംഗർ പ്രിന്‍റ് സംഘം സ്ഥലത്ത് എത്തുമ്പോൾ, നെഞ്ചിൽ കുത്തേറ്റ് മരിച്ച് മലർന്ന് കിടക്കുന്ന ഒരു പുരുഷനെയാണ് കണ്ടത്. ജഡം ആകെ അലങ്കോലപ്പെട്ടിരുന്നു. ചുറ്റം ചെളിയും വെള്ളവും. ജഡത്തിന്‍റെ മുഖം കൊലയാളി തീ വെച്ച് കരിച്ചിരുന്നു. കൂടാതെ കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. നീട്ടി വളർത്തിയ മുടിയുടെ ഒരു ഭാഗവും കത്തിച്ചിരുന്നു. കൊല്ലപ്പെട്ടത് ആരെന്ന് തിരിച്ചറിയാൻ അവിടെ കൂടിയിരുന്ന നാട്ടുകാർക്കോ തോട്ടം തൊഴിലാളികൾക്ക് കഴിഞ്ഞില്ല.

അന്വേഷണം എങ്ങനെ ?

സിഐ എബ്രഹാം വ‌ർക്കിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അദ്ദേഹത്തിന്‍റെ അനുവാദത്തോടെ ഫോറൻസിക് സംഘം ജഡത്തിന്‍റെ വിരലടയാളം എടുത്തു. ചിലപ്പൊഴൊക്കെ വിരലടായാളം കേസന്വേഷണത്തിൽ ദൈവിക മുദ്രയാകുമെന്ന ഉറപ്പോടെയായിരുന്നു ആ നടപടി. 'കാസർ സ്പൂണും പ്രിന്‍റേഴ്സ് ഇങ്കും' ഉപയോഗിച്ച് കൊല്ലപ്പെട്ട വ്യക്തിയുടെ വിരലടയാളം എടുത്ത ഫോറൻസിക് സംഘം ചിത്രങ്ങൾ  തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫിംഗർ പ്രിന്‍റ് യൂണിറ്റിലേക്ക് അയച്ചു.

നാല് പതിറ്റാണ്ട് മുമ്പാണെന്ന് ആലോചിക്കണം. ഇന്നത്തെ പോലെ അന്ന് കമ്പ്യൂട്ടർ സംവിധാനമൊന്നുമില്ല, ഫോട്ടോ കോപ്പി പോലും സർവസാധാരണമല്ല. അതുകൊണ്ട് തന്നെ തിരുവനന്തപരുത്ത് പരിശോധന നടത്തി ഫലം ലഭിക്കാൻ കുറച്ച് ദിവസമെടുത്തു. കൊല്ലപ്പെട്ടത് അജ്ഞാതനായതു കൊണ്ട് നാട്ടുകാരുടെ സമരമോ മറ്റ് മുറവിളികളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കേസ് അന്വേഷിക്കാൻ ആവശ്യത്തിന് സമയം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

ഫലം എന്തായിരുന്നു ?

ഒടുവിൽ ഫലം വന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ വിരലടയളത്തിന് സമാനമായ വിരലടയാളം പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിലെ 'കുശൻ' എന്ന മോഷ്ടാവിന് ഉണ്ടെന്നായിരുന്നു ഫലം. ഉടനെ സിഐ എബ്രഹാം വർക്കിയും സംഘവും കുശന്‍റെ വീട്ടിലേക്ക് തിരിച്ചു. കുശൻ വീട്ടിൽ വന്നിട്ട് ആറ് മാസമായി എന്നായിരുന്നു വീട്ടുകാരുടെ വെളിപ്പെടുത്തൽ. കുശൻ കുപ്രസിദ്ധ മോഷ്ടാവാണെന്ന് നാട്ടുകാരിൽ‌ നിന്ന് വിവരം ലഭിച്ചു. കൂടാതെ ആറ് മാസം മുമ്പ് സൈക്കിൾ യജ്ഞം നടത്തുന്ന മുകുന്ദനൊപ്പമാണ് കുശൻ പുറപ്പെട്ടു പോയതെന്നും അന്വേഷണസംഘം മനസ്സിലാക്കി. പിന്നീട് മുകുന്ദനെ കണ്ടെത്തലായിരുന്നു ലക്ഷ്യം. മുകുന്ദനെ കോട്ടയം മുണ്ടക്കയത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മുറ അനുസരിച്ചുള്ള ചോദ്യം ചെയ്യലിൽ മുകുന്ദൻ തത്ത പറയും പോലെ സംഭവം വിവരിച്ചു.

സംഭവം എങ്ങനെ ?

മോഷണമുതലായ കുറച്ചധികം പണം കുശന്‍റെ കൈവശം ഉണ്ടായിരുന്നു. പെൺവിഷയത്തിൽ തത്പരനായിരുന്ന കുശനെ സംഭവദിവസം മൂക്കറ്റം കുടിപ്പിച്ച മുകുന്ദൻ ഹാരിസൺ തോട്ടത്തിലെത്തിച്ചു. അവിടെ വെച്ച് നേരത്തെ നിശ്ചയിച്ചത് അനുസരിച്ച് അടിച്ച് വീഴ്ത്തുകയും കുത്തിക്കൊല്ലുകയും ചെയ്തു. കുശനെ ആരും തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കുകയും പകുതി കത്തിക്കുകയും ചെയ്തു.

വിരലടയാളമെന്ന ദൈവിക വെളിപാട്

കൊല്ലപ്പെട്ടത് കുശനാണെന്നും കൊലയാളി മുകുന്ദനാണെന്നും സംശയങ്ങൾക്ക് ഇട നൽകാതെ പൊലീസ് തെളിയിച്ചു. ഫോറൻസിക് സംഘം സ്ഥിരീകരിച്ച വിരലടയാളം മാത്രമായിരുന്നു ഏക തുമ്പ്. വിരലടയാളം കുറ്റാന്വേഷകന് ലഭിക്കുന്ന ദൈവിക വെളിപാട് ആവുകയായിരുന്നു പെരുവന്താനം കുശൻ കൊലക്കേസിൽ.

First published: October 23, 2019, 4:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading