• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊന്നു: ദുരൂഹ മരണത്തിന്റെ ചുരുളഴിച്ച് പൊലീസ്; പ്രതികളെ കുടുക്കിയത് ഇങ്ങനെ?

Murder | ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊന്നു: ദുരൂഹ മരണത്തിന്റെ ചുരുളഴിച്ച് പൊലീസ്; പ്രതികളെ കുടുക്കിയത് ഇങ്ങനെ?

ബൈക്കിൽ ലിഫ്റ്റ് ചോദിച്ചെത്തിയ ആൾ ബൈക്കുടമയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുടുക്കി തെലങ്കാന പോലീസ്

 • Share this:
  ബൈക്കിൽ ലിഫ്റ്റ് ചോദിച്ചെത്തിയ ആൾ ബൈക്കുടമയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുടുക്കി തെലങ്കാന പോലീസ്. കൊല്ലപ്പെട്ടയാളുടെ ഭാര്യയും കൂട്ടാളികളായ അഞ്ച് പുരുഷന്മാരും ഉൾപ്പെട്ട സംഘത്തെ ഖമ്മം പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 19-നാണ് കൊലപാതകം നടന്നത്.

  സെപ്റ്റംബർ 19-ന് 48 കാരനായ ഷെയ്ക്ക് ജമാൽ സാഹെബ്, തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്ന് തൻ്റെ ബൈക്കിൽ ആന്ധ്രയിലെ ഗുണ്ട്രൈ ഗ്രാമത്തിലുള്ള തൻ്റെ മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ ഒരാൾ വഴിയിൽ വെച്ച് ലിഫ്റ്റ് ആവശ്യപ്പെട്ടു. തൻ്റെ ബൈക്കിൻ്റെ പെട്രോൾ തീർന്നുപോയി എന്നായിരുന്നു ഇയാൾ പറഞ്ഞത്. തുടർന്ന് ജമാലിൻ്റെ ബൈക്കിൽ കയറിയ ഇയാൾ, ഏതാണ്ട് 100 മീറ്ററോളം സഞ്ചരിച്ച ശേഷം, ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു. തനിക്കുള്ള പെട്രോളുമായി മറ്റൊരാൾ വരുന്നുണ്ട് എന്ന് പറഞ്ഞ് ബൈക്കിൽ നിന്നിറങ്ങിയ ഇയാൾ ജമാലിൻ്റെ ശരീരത്തിലേക്ക് കൈയ്യിൽ കരുതിയ വിഷം കുത്തിയിറക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്തു നിന്ന് ഉടൻ രക്ഷപെട്ടു.

  Also Read-വഴിവിട്ട ബന്ധം കണ്ടുപിടിച്ചു; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊന്ന് കനാലിൽ തള്ളി

  പരിഭ്രാന്തനായ ജമാൽ അൽപ്പദൂരം സഞ്ചരിക്കുകയും വഴിയിൽ കണ്ട ഗ്രാമീണരോട് സംഭവം വിവരിക്കുകയും ചെയ്തു. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട ജമാൽ തനിക്ക് തല കറങ്ങുന്നുണ്ടെന്നും വിവരം മകളെ അറിയിക്കണമെന്നും ഗ്രാമീണരോട് ആവശ്യപ്പെട്ടു. നാട്ടുകാർ ഇദ്ദേഹത്തെ വല്ലഭായി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുൻപ് തന്നെ മരണം സംഭവിച്ചു.

  കുറ്റകൃത്യം നടന്നിടത്ത് സിസിടിവി ക്യാമറകൾ ഒന്നും ഇല്ലാതിരുന്നത് സംഭവത്തിൻ്റെ സങ്കീർണ്ണത വർദ്ധിപ്പിച്ചിരുന്നു. ജമാലിനെ കുത്തിയത് ആരെന്നും ഇതിനുള്ള കാരണമെന്തെന്നും അറിയാതെ എല്ലാവരും കുഴങ്ങി.

  എന്നാൽ ഏതാനും ദിവസം മുൻപ് ജമാലിൻ്റെ ഗ്രാമത്തിൽ നിന്ന് പോലീസിന് ഒരു സൂചന ലഭിച്ചു. ജമാലും ഭാര്യയും തമ്മിൽ ഏതാനും ദിവസം മുൻപ് കലഹിച്ചിരുന്നതായി അന്വേഷണത്തിൽ നിന്ന് മനസ്സിലായി. ഭാര്യ ഇമാംബിയെ മറ്റൊരാളോടൊപ്പം കണ്ട ജമാൽ ഇവർ തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുകയും ഇത് തർക്കത്തിന് കാരണമാകുകയും ചെയ്തിരുന്നു.

  തൊഴിലാളി നേതാവായി ജോലി ചെയ്തിരുന്ന ഇമാംബി, മോഹൻ റാവു എന്ന ഓട്ടോ ഡ്രൈവറുമായി അടുപ്പത്തിലായിരുന്നതായി വൈകാതെ പോലീസിന് മനസ്സിലായി. ഇമാംബി തൊഴിലാളികളെ കൊണ്ടുപോകാനായി വാടകയ്ക്ക് എടുത്തിരുന്ന ഓട്ടോയുടെ ഉടമയായിരുന്നു മോഹൻ. ഇരുവരും തമ്മിലുള്ള വിവാഹേതര ബന്ധം ജമാൽ പിടികൂടിയതോടെ ഇവർ ജമാലിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

  Also Read-എയര്‍ ഹോസ്റ്റസിനെ മദ്യപിച്ച് വീട്ടിൽ കയറി ബലാത്സംഗം ചെയ്തു ; മുറിയിലകപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി

  ബി വെങ്കണ്ണ എന്ന വ്യക്തിയാണ് കുത്തയതെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. സംഭവസ്ഥലത്തു നിന്ന് രക്ഷപെട്ട ഇയാളെ വൈകാതെ മറ്റൊരു പ്രതിയായ വെങ്കടേഷ് കൂട്ടിക്കൊണ്ടു പോയി.

  കൊലപാതകം നടത്താനായി നമവാരം ഗ്രാമത്തിൽ മെഡിക്കൽ പ്രാക്ടീഷണറായി ജോലി ചെയ്യുന്ന വെങ്കണ്ണയുമായും മറ്റൊരു പ്രതിയായ വെങ്കടേഷുമായും മോഹൻ ബന്ധപ്പെട്ടതായി പോലീസ് വ്യക്തമാക്കി. വെങ്കണ്ണയ്ക്ക് 5000 രൂപ നൽകാമെന്ന് പറഞ്ഞ മോഹൻ മരുന്ന് സംഘടിപ്പിക്കാനായി 3500 രൂപ നൽകി. ഇതിനായി ഒരു ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ അസിസ്റ്റൻ്റായി ജോലി ചെയ്യുന്ന തൻ്റെ സുഹൃത്ത് യശ്വന്തുമായി വെങ്കണ്ണ ബന്ധപ്പെട്ടു. മറ്റൊരു ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്റർ അസിസ്റ്റൻ്റായി ജോലി ചെയ്യുന്ന സാംബശിവ റാവുവിൽ നിന്ന് യശ്വന്ത് രണ്ട് നിയോവാക് അനസ്തീഷ്യ ഇൻജക്ഷനുകൾ സ്വന്തമാക്കി.

  മൂന്ന് മാസം മുൻപ് തന്നെ ഇവർ മരുന്ന് സംഘടിപ്പിച്ച് ഇമാംബിയ്ക്ക് നൽകിയിരുന്നതായി പോലീസ് പറയുന്നു. എന്നാൽ ഇവർക്ക് ഇത് ജമാലിൻ്റെ ശരീരത്തിൽ കുത്തിവെക്കാൻ കഴിയാതിരുന്നതിനാൽ മോഹൻ പുതിയ പദ്ധതി തയ്യാറാക്കുകയായിരുന്നു.

  നല്ലൊരു അവസരത്തിനായി ഇവർ കാത്തിരുന്നപ്പോഴാണ് മകളുടെ വീട്ടിലേക്ക് ജമാൽ പോകുന്ന കാര്യം ഇമാംബി മോഹനെ അറിയിച്ചത്. അങ്ങനെയാണ് സംഘം പദ്ധതി തയ്യാറാക്കി ജമാലിനെ കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇമാംബി, മോഹൻ റാവു, വെങ്കണ്ണ, വെങ്കടേഷ്, യശ്വന്ത്, സാംബ ശിവ റാവു എന്നിവരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

  മൂന്ന് മിനിറ്റിനുള്ളിൽ ഒരു മനുഷ്യൻ്റെ ഹൃദയമിടിപ്പ് നിർത്തുന്ന മരുന്നാണ് സംഘം ജമാലിൻ്റെ ശരീരത്തിൽ കുത്തിവെച്ചതെന്ന് ഖമ്മം കമ്മീഷണർ വിഷ്ണു എസ് വാര്യർ ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു. ഈ മരുന്ന് രോഗികളിൽ പ്രയോഗിക്കുമ്പോൾ സാധാരണയായി ഓക്സിജൻ സപ്പോർട്ട് നൽകാറുണ്ട്.
  Published by:Jayesh Krishnan
  First published: