• HOME
 • »
 • NEWS
 • »
 • crime
 • »
 • Suicide | കോവളത്ത് വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍; ദേഹത്ത് അടിയേറ്റ പാടുകള്‍, ഭര്‍ത്താവും മകനും അറസ്റ്റില്‍

Suicide | കോവളത്ത് വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍; ദേഹത്ത് അടിയേറ്റ പാടുകള്‍, ഭര്‍ത്താവും മകനും അറസ്റ്റില്‍

മകന്റെയും ഭര്‍ത്താവിന്റെയും മാനസിക പീഡനങ്ങളെത്തുടര്‍ന്ന് ഇവര്‍ കോവളം പോലീസില്‍ രണ്ടുതവണ പരാതി നല്‍കിയിരുന്നു

 • Share this:
  തിരുവനന്തപുരം കോവളത്ത് വീടിനുള്ളില്‍ സ്ത്രീയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും അറസ്റ്റുചെയ്തു. വെള്ളാര്‍ ശിവക്ഷേത്രത്തിനു സമീപം റജീലയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി വായനശാലയ്ക്കുസമീപം പുഷ്‌കരന്റെയും ശാന്തയുടെയും മകള്‍ ബിന്ദു(46) ആണ് മരിച്ചത്. ഭര്‍ത്താവ് അനില്‍(48), മകന്‍ അഭിജിത്ത് (20) എന്നിവരെയാണ് പ്രേരണക്കുറ്റം ചുമത്തി കോവളം പോലീസ് അറസ്റ്റുചെയ്തത്.

  വ്യാഴാഴ്ച രാത്രി ഏഴോടൊണ് ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മകനും ചേര്‍ന്ന് ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

  Also Read- ജപ്തി ഭീഷണിയിൽ മനംനൊന്ത് അഭിഭാഷകന്റെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

  വെള്ളിയാഴ്ച നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഇവരുടെ ശരീരത്തില്‍ അടിയേറ്റ നിരവധി പാടുകളുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മരിച്ച ബിന്ദുവിനെ മകന്‍ അഭിജിത്ത് പലപ്പോഴും പണമാവശ്യപ്പെട്ട് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നുവെന്ന് കോവളം പോലീസ് പറഞ്ഞു.

  മകന്റെയും ഭര്‍ത്താവിന്റെയും മാനസിക പീഡനങ്ങളെത്തുടര്‍ന്ന് ഇവര്‍ കോവളം പോലീസില്‍ രണ്ടുതവണ പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നം ഒത്തുതീര്‍ത്തിരുന്നുവെന്നും പോലീസ് പറഞ്ഞു.

  Also Read- തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേര്‍ അറസ്റ്റില്‍

  വ്യാഴാഴ്ച വൈകീട്ടും അഭിജിത്ത് അമ്മയോട് പണമാവശ്യപ്പെട്ട് അസഭ്യം പറയുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന് സാക്ഷ്യംവഹിച്ചിരുന്ന ഭര്‍ത്താവ് അനില്‍ മകനെ ശാസിക്കുകയോ പിടിച്ചുമാറ്റുകയോ ചെയ്തിരുന്നില്ല. കടുത്ത മാനസിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് യു.കെ.യിലുള്ള മകള്‍ അഞ്ജലിയെ വിളിച്ച് അമ്മ വിവരമറിയിച്ചു. തുടര്‍ന്ന് ബിന്ദു വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിന്ദുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരങ്ങള്‍ പോലീസിനോട് സംശയമുന്നയിച്ചിരുന്നു.

  ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ശനിയാഴ്ച രാവിലെ 11.30-ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. വിനോദ്, ജിജി എന്നിവരാണ് സഹോദരങ്ങള്‍. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. വെള്ളാറിനടുത്തുള്ള സര്‍ക്കാര്‍ കേറ്ററിങ് കോളേജിലെ ജീവനക്കാരനാണ് അനില്‍. കോവളം എസ്.എച്ച്.ഒ. പ്രൈജു ജി., എസ്.ഐ. എസ്.അനീഷ് കുമാര്‍, എ.എസ്.ഐ. മുനീര്‍, സി.പി.ഒ. ലജീവ് കൃഷ്ണ, ശ്യാംകൃഷ്ണ, ഡാനിയേല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

  മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

  മംഗളൂരു: സ്വകാര്യ കോളേജിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സൗത്ത് നന്ദനത്തില്‍ പദ്മനാഭന്റെ മകള്‍ സാന്ദ്ര (20)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയാണ്.

  ബുധനാഴ്ച ക്ലാസില്‍നിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മരണത്തിനുമുന്‍പ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികള്‍ ഹോസ്റ്റലില്‍ ചെന്നപ്പോള്‍ മുറി അടച്ചിട്ട നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തു.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Arun krishna
  First published: