കാസർഗോഡ് ചെറുവത്തൂരിൽ മെഡിക്കൽ ഷോപ്പില്‍ കയറി ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ മടക്കര റോഡിലെ വി ആര്‍ മെഡിക്കല്‍സിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. പൊടോതുരുത്തി സ്വദേശിനിയും തുരുത്തിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രദീപന്റെ ഭാര്യയുമായ വിജിഷ (34) യെയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ നോക്കിയതെന്നാണ് പരാതി. മെഡിക്കൽ ഷോപ്പ് ഉടമ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് സംഭവം.
ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ പ്രദീപന്‍ കയ്യില്‍ കരുതിയ മണ്ണെണ്ണ യുവതിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട് മെഡിക്കൽ ഷോപ്പ് ഉടമ ശ്രീധരനും മറ്റുള്ളവരും ഓടിയെത്തി പെട്ടെന്ന് തീകെടുത്തി ചെറുവത്തൂര്‍ കെഎഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ മുഖത്തും കൈകാലുകള്‍ക്കുമാണ് പൊള്ളലേറ്റിരിക്കുന്നത്.
Also Read- ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന്റെ മൂൻകൂർ ജാമ്യഹർജിയിൽ വിധി ഓഗസ്റ്റ് 2 ന്
ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രദീപനെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി ചന്തേര പൊലീസില്‍ ഏല്‍പിച്ചു. കുടുംബ പ്രശ്നമാണ് പ്രദീപനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ദമ്പതികള്‍ക്ക് എസ്എസ്എല്‍സിക്കും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്. മാസങ്ങളായി ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തീപിടിത്തത്തില്‍ മെഡിക്കൽ ഷോപ്പ് ഭാഗികമായി കത്തിനശിച്ചു. കത്തിനശിച്ച കസേരകള്‍ പൊലീസ് പുറത്തേക്ക് വലിച്ചിട്ടു. പൊലീസ് കസ്റ്റഡിയിലായ പ്രദീപിനെ കൈക്ക് പൊള്ളലേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകൻ ആത്മഹത്യ ചെയ്തത് കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു
കണ്ണൂർ തലശ്ശേരിയില്‍ മകൻ ആത്മഹത്യ ചെയ്തത് കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 9.30നാണ് സംഭവം. വീട്ടിലെ കിടപ്പു മുറിയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൻജിനീയറിങ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കോവിഡിനു ശേഷം ജോലി ഉണ്ടായിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.